സിയാദ് ഉസ്മാന്, ഡോ.മോഹന്‍തോമസ്, ബാബുരാജ് പ്രസിഡന്റുമാര്‍

ദോഹ: ആവേശകരമായ മത്സര വീര്യം കാഴ്ചവെച്ച ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ അധ്യക്ഷ പദവി അലങ്കരിക്കാന്‍ 3 മലയാളികള്‍. ഇന്ത്യന്‍ കമ്മ്യണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) പ്രസിഡന്റായി സിയാദ് ഉസ്്മാനും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) പ്രസിഡന്റായി പി എന്‍ ബാബുരാജനും തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡോ. മോഹന്‍ തോമസ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ (ഐ എസ് സി) അധ്യക്ഷനായി.
സിയാദ് ഉസ്മാന് 938 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥിയായി സന്തോഷ്കുമാര്‍ പിള്ളക്ക് 471 വോട്ട് മാത്രമേ നേടാനായുള്ളൂ. സാബിത് സഹീര്‍ (828 വോട്ട്), വിനോദ് വി നായര്‍(920), രജനി മൂര്‍ത്തി വിശ്വനാഥം (591), കുല്ദീപ്കൗര് നവീന്‍കുമാര്‍ ബാഹി (817) എന്നിവര്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഐ സി സി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട പി എന്‍ ബാബുരാജിന് 759 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജൂട്ടാസ് പോളിന് 521 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അഫ്സല് അബ്ദുല്‍മജീദ് (664), അനീഷ് ജോര്‍ജ്ജ് മാത്യു (722), സുബ്രഹ്്മണ്യ ഹെബഗുലു (790) കമലാ ദന്സിംഗ് താക്കൂര്‍ (645) എന്നിവര്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് വിജയം നേടി.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.മോഹന്‍ തോമസിന് 642 വോട്ട് ലഭിച്ചു. ഇതേ സ്ഥാനത്തിന് വേണ്ടി മത്സരിച്ച ഷറഫ് പി ഹമീദ് 473 വോട്ട് ആണ് നേടിയത്. സ്പോര്‍ട്സ് സെന്ററിലേക്ക് ഇരു വിഭാഗമായി മത്സരിച്ചുവെങ്കിലും മത്സര രംഗത്തെ ഏക വനിതാ പ്രതിനിധിയായതിനാല്‍ രാജസ്ഥാനില്‍ നിന്നുള്ള റുഖയ്യ പച്ചൈസ 1011 വോട്ട് നേടി. ഷെജി വലിയകത്ത് (709), വര്‍ക്കി ബോബന് കളപ്പറമ്പ്ത്ത് (626), ടി എസ് ശ്രീനിവാസ് (631) എന്നിവരെ ഐ സി എസ് മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യ ഓണ്‍ലൈന്‍ തെരെഞ്ഞെുപ്പ് പരീക്ഷിച്ച മത്സരം കൂടിയായിരുന്നു ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ തെരെഞ്ഞെടുപ്പ്. തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായ മൂന്ന് സംഘടനകളിലും 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളാണുണ്ടാവുക. ഇതില്‍ 5 പേര്‍ക്ക് വേണ്ടിയാണ് തെരെഞ്ഞെടുപ്പ് നടക്കുക. 3 പേരെ അഫിലിയേറ്റ് സംഘടനകളില്‍ നിന്നും 3 പേരെ ഇന്ത്യന്‍ അംബാസിഡര്‍ നേരിട്ടും തെരെഞ്ഞെടുക്കും. ഇന്ത്യന്‍ ബിസിനസ്സ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ ബി പി സി) തെരെഞ്ഞെടുപ്പ് പിന്നീട് നടക്കുമെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു.