in ,

കേരളീയരുടെ മടക്കം: ദോഹയില്‍ നിന്ന് ആദ്യ വിമാനം കൊച്ചിയിലേക്ക്, നാലാം ദിനം തിരുവനന്തപുരത്തേക്ക്

ഇപ്പോള്‍ കേരളത്തിലേക്ക് പരമാവധി 400 യാത്രക്കാര്‍; ആദ്യ ഷെഡ്യൂളില്‍ കോഴിക്കോട്, കണ്ണൂര്‍ വിമാനമില്ല

അശ്‌റഫ് തൂണേരി/ദോഹ:

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിവിധ ലോക രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ആദ്യഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് പോവുക 2 വിമാനങ്ങള്‍ മാത്രം. മെയ് 7-ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ആദ്യവിമാനം കൊച്ചിയിലേക്കാണ് പറക്കുക. ഇതില്‍ സഞ്ചരിക്കാവുന്ന പരമാവധി യാത്രക്കാര്‍ 200 പേരാണ്. മെയ് ഏഴിനെ തുടര്‍ന്നുള്ള നാലാം ദിന ഷെഡ്യൂളിലാണ് പിന്നീട് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് വിമാനമുള്ളത്. പരമാവധി 200 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിമാനം തിരുവനന്തപുരത്തേക്കായിരിക്കും. രണ്ടു വിമാനങ്ങളിലായി ആദ്യഘട്ടത്തില്‍ ഖത്തറില്‍ നിന്ന് 400 യാത്രക്കാര്‍ക്ക് കേരളത്തിലെത്താനാവും. ഗള്‍ഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം എംബസികള്‍ക്കയച്ച വിശദമായ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. ആദ്യ ആഴ്ചയിലെ വിമാന യാത്രാ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. അതേസമയം ആദ്യ ആഴ്ചയില്‍ ദുബൈ, മനാമ, റിയാദ്, കുവൈത്ത് സിറ്റി എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് വിമാനമുണ്ട്.

മുന്‍ഗണനാക്രമം എംബസി നിശ്ചയിക്കും

യാത്രക്കാരുടെ മുന്‍ഗണനാക്രമം രജിസ്റ്റര്‍ ചെയ്തവരുടെ അടിയന്തിരാവസ്ഥ പരിശോധിച്ച് എംബസി നിശ്ചയിക്കുമെന്നറിയുന്നു.
കഴിഞ്ഞ ദിവസമാണ് വിദേശത്തുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയത്. വിമാനങ്ങള്‍ക്കു പുറമെ കപ്പലുകളും ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. യാത്രചിലവ് തിരികെ മടങ്ങുന്നവര്‍ തന്നെ വഹിക്കണം. കൃത്യമായി സ്‌ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികള്‍ക്ക് യാത്ര ചെയ്യാനാവുക. വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് പകരം പ്രത്യേക വിമാന സര്‍വീസുകളാണ് നടത്തുക.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിങിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. ഇന്ത്യയിലെത്തിയ ഉടന്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന പ്രത്യേക നിര്‍ദ്ദേശവുമുണ്ട്. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ സ്വന്തം ചെലവില്‍ കഴിയണം. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും ഉത്തരവില്‍ വിശദീകരിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പോലീസ് ചമഞ്ഞ് തട്ടിപ്പ്: നാലംഗ സംഘം അറസ്റ്റില്‍

951 പേര്‍ക്കു കൂടി കോവിഡ്; 1924 പേര്‍ക്ക് രോഗം മാറി