
ദോഹ: ഊര്‍ജ മിശ്രിതത്തില്‍ വാതകവിഹിതം ഉയര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം പ്രശംസനീയമാണെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരിദ അല്‍കഅബി. ഇന്ത്യ ഊര്‍ജ ഫോറത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന വിര്‍ച്വല്‍ ആശയവിനിമയ സെഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിനും ഇന്ത്യക്കുമിടയിലെ ഊര്‍ജ സഹകരണത്തെക്കുറിച്ച് അല്‍കഅബി സെഷനില്‍ വിശദീകരിച്ചു. ഇന്ത്യയുടെ ഊര്‍ജമേഖലയുടെ വിവിധ വശങ്ങള്‍ സെഷനില്‍ ചര്‍ച്ച ചെയ്തു. നരേന്ദ്ര മോദി ആഗോള എണ്ണ, വാതക കമ്പനിമാരുടെ സിഇഒമാരുമായും വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി.
ആഗോള എണ്ണ, വാതക മേഖലയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യയിലെ എണ്ണ, വാതക മൂല്യ ശൃംഖലയിലെ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയില്‍ പങ്കെടുക്കവെ ഊര്‍ജമേഖലയില്‍ ഇന്ത്യയുമായുള്ള ഖത്തറിന്റെ ബന്ധത്തെക്കുറിച്ച് അല്‍കഅബി വിശദീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ എല്‍എന്‍ജി വിതരണക്കാരാണ് ഖത്തര്‍.
കൂടാതെ പെട്രോളിയം ഉത്പന്നങ്ങളുടെയും പെട്രോ കെമിക്കലുകളുടെയും കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശാലമായ പങ്കാളിത്തമുണ്ടെന്നും അല്‍കഅബി ചൂണ്ടിക്കാട്ടി. പ്രകൃതിവാതകം ഇന്ത്യയുടെ ഊര്‍ജമിശ്രിതത്തിന്റെ നിര്‍ണായക ഘടകമാണെന്ന് ഖത്തര്‍ വിശ്വസിക്കുന്നു. ഇന്ത്യ എല്ലാ മേഖലകളിലും പ്രകൃതിവാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആഗോളതാപനം തടയുന്നതില്‍ പ്രധാന ആഗോള പങ്ക് പ്രകൃതിവാതകം വഹിക്കുന്നുണ്ടെന്നും അല്‍കഅബി പറഞ്ഞു.
പ്രകൃതി വാതകത്തിന്റെ വില താങ്ങാവുന്നതാണ്. കാര്യക്ഷമവും പാരിസ്ഥിതിക സുസ്ഥിരവുമാണ്. ഇന്ത്യക്ക് അനുയോജ്യമായ ഇന്ധനമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അല്‍കഅബി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നയ പരിഷ്‌കാരങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഗ്യാസ് അധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യം കൈവരിക്കുന്നതിനുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അല്‍കഅബി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നയപരിഷ്‌കാരങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യ വാതകമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി നിക്ഷേപം തുടരുന്നതില്‍ ഖത്തറിന്റെ സന്തോഷവും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ മിശ്രിതത്തില്‍ വാതകത്തിന്റെ വിഹിതം 15 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയെ വാതക അധിഷ്ടിത സമ്പദ് വ്യവസ്ഥയാക്കുകയെന്നതാണ്് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഹൈഡ്രോകാര്‍ബണുകളും പുനരുപയോഗ ഊര്‍ജവും ഉള്‍പ്പെടെ എല്ലാത്തരം ഊര്‍ജ സ്രോതസ്സുകളുടെയും ഭാവിയിലെ വളര്‍ച്ചയുടെ പ്രേരകഘടവും ഇന്ത്യയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.