in ,

കോവിഡ് പ്രതിരോധം: സഹായവുമായി സ്വദേശികളും വ്യവസായികളും

ദോഹ: നോവല്‍ കൊറോണ വൈറസിനെ(കോവിഡ് -19) പ്രതിരോധിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ പങ്കുചേര്‍ന്ന് സ്വദേശികളും പ്രവാസികളും വ്യവസായികളും. കോവിഡ് വെല്ലുവിളിയെ അതിജയിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ വ്യവസായ സമൂഹം പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്കും ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗസാധ്യതയുള്ളവര്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഹായമൊഴുകുകയാണ്. സ്വദേശികളും വ്യവസായികളുമെല്ലാം ഭക്ഷണവും താമസസൗകര്യങ്ങളും ഫാക്ടറികളുമെല്ലാം സൗജന്യമായി ലഭ്യമാക്കുന്നു. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ രാജ്യം ഒന്നാകെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഖത്തറിലാകെ കാണുന്നത്. രോഗബാധിതര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ഒരു കുറവുമുണ്ടാകാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് ഖത്തറിലെ വ്യവസായ സമൂഹം.
രാജ്യത്തിന്റെ ക്വാറന്റൈന്‍ ശ്രമങ്ങള്‍ക്ക സഹായം നല്‍കുന്നതിനായി അത്ബ ഫാം മുന്നോട്ടുവന്നിട്ടുണ്ട്. വിവിധയിടങ്ങളിലായി സജ്ജമാക്കിയിരിക്കുന്ന ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി പത്ത് ടണ്‍ ഫ്രഷ് ചിക്കന്‍ സൗജന്യമായി നല്‍കുമെന്നാണ് അത്ബ പൌള്‍ട്രി ഫാം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ക്വാറന്റൈന്‍ സെന്ററുകളിലും ദൗത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അല്‍അകര്‍ ഫുഡ് പ്രൊഡക്റ്റ്‌സ് കമ്പനി സൗജന്യമായി ഭക്ഷണം ലഭ്യമാക്കും. കമ്പനിയുടെ അല്‍അകര്‍ സ്വീറ്റ്‌സ് ആന്റ് റസ്റ്റോറന്റ്‌സിന്റെ നേതൃത്വത്തിലായിരിക്കും യാതൊരു നിരക്കും കൂടാതെ ഭക്ഷ്യോത്പന്നങ്ങള്‍ നല്‍കുക.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ റിതാജ് സല്‍വ റിസോര്‍ട്ട് തങ്ങളുടെ പ്രധാന റിസോര്‍ട്ട് ക്വാറന്റൈന്‍ സൗകര്യമായി ഉപയോഗിക്കാന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 90 വില്ലകളും 78 റൂമുകളുമുള്ള റിസോര്‍ട്ടാണ് ഈ സൗകര്യത്തിനായി ഉപയോഗിക്കുക. ക്വാറന്റൈന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന ഏതു ഹോട്ടലുകളിലേക്കും സൗജന്യമായി ക്ഷീരോത്പന്നങ്ങള്‍ എത്തിക്കുന്നതിന് പൂര്‍ണമായും സജ്ജമാണെന്ന് അല്‍വജ്ബ ഡയറി ഫാക്ടറി അറിയിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത് സാധ്യമാക്കുക. ആസ്പത്രികള്‍ക്കും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കും ഇരുമ്പ്, അലുമിനിയം എന്നിവയില്‍നിന്ന് ആവശ്യമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ഫാക്ടറിയും അതിന്റെ എല്ലാ ഉപകരണങ്ങളും സാങ്കേതിക വൈദഗ്ദ്ധ്യവും ലഭ്യമാക്കുമെന്ന് ഫൊലാദ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.
ക്വാറന്റൈന്‍ സെന്ററുകള്‍ തുടര്‍ച്ചയായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന ജോലികള്‍ സൗജന്യമായി നിര്‍വഹിക്കാമെന്ന് ഒറിക്‌സ് ഗ്രൂപ്പ് സര്‍വീസസ് അറിയിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ സെന്ററുകളിലേക്ക് സൗജന്യമായി ആരോഗ്യകരമായ ഭക്ഷണമെത്തിക്കാമെന്ന് സിമൈസിമ റസ്റ്റോറന്റ് ഗ്രൂപ്പും അറിയിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ഹോട്ടലുകളുടെ സേവനം ഉപയോഗപ്പെടുത്താമെന്ന് ടൈം റാക്കോ ഹോട്ടല്‍ ഉടമ ലഹ്ദന്‍ ബിന്‍ ഇസ്സ അല്‍ ഹസ്സന്‍ അല്‍മുഹന്നദി പറഞ്ഞു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വ്യവസായ സ്ഥാപനം നടത്തുന്ന ജമാല്‍ ജഹാം അബ്ധുല്‍ അസീസ് അല്‍ കുവാരി തന്റെ സ്ഥാപനത്തിലെ 9000 സ്‌ക്വയര്‍ മീറ്റര്‍ വെയര്‍ഹൗസും ഓഫീസുകളും മെഡിക്കല്‍ വസ്തുക്കള്‍ സ്റ്റോര്‍ ചെയ്യാനായി വിട്ടുനല്‍കിയിരിക്കുകയാണ്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് താമസിക്കാനും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.
ഖത്തര്‍ പ്രസ് കമ്പനി അറുപതിനായിരം പേപ്പര്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അല്‍ഖോറിലെ ജുമാ ബിന്‍ ഷഖര്‍ ഷാഹവാനിയെന്ന സ്വദേശി അദ്ദേഹത്തിന്റെ അല്‍ഖോറിലുള്ള എയര്‍കണ്ടീഷന്‍ഡ് അപ്പാര്‍ട്ട്‌മെന്റും എക്‌സിബിഷന്‍ ഹാളും അടങ്ങുന്ന കെട്ടിടം മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ്. അല്‍ഖോറില്‍ ക്ലിനിക്കായി ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്ന് അദ്ദേഹം അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ബൈറഖ് പദ്ധതിക്ക് വീണ്ടും പുരസ്‌കാരം

പരിഭ്രാന്തരാകേണ്ടതില്ല, ആവശ്യത്തിന് ഭക്ഷ്യസ്റ്റോക്ക് ലഭ്യം-അല്‍മീര