
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ മേഖല ഇന്നു മുതല്‍ ഘട്ടംഘട്ടമായി തുറക്കും. ഇതിന്റെ ഭാഗമായി ഇവിടെനിന്ന് ചില തൊഴിലാളികളെ മുഖൈനിസ്, ബര്‍വ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും വസ്ത്രവും പണവും ലഭ്യമാക്കുകയും ചെയ്യും.
ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 1, സ്ട്രീറ്റ് നമ്പര്‍ 2, വക്കാലത്ത് സ്്ട്രീറ്റ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. മാറ്റുന്നവരില്‍ 55ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്കും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആസ്ത്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ തൊഴിലാളികള്‍ക്കാണ് മുന്‍ഗണന. തൊഴിലാളികളെ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞാല്‍ അവരുടെ ദൈനംദിന ആവശ്യങ്ങളെല്ലാം സൗജന്യമായി നല്‍കും. സൗജന്യ ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, വ്യക്തിഗത ശുചിത്വ കിറ്റുകള്‍ എന്നിവ നല്‍കും. കൂടാതെ കേന്ദ്രങ്ങളില്‍ തുറന്നിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ അവര്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റ് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പണവും നല്‍കും. കൊറോണ വൈറസ്(കോവിഡ്-19) ഒഴികെയുള്ള അസുഖങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ചികിത്സകളും മരുന്നുകളും നല്‍കും. ഖത്തരികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് തുല്യമായ ആരോഗ്യസേവനങ്ങളാണ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അല്‍ഉബൈദ്ലി പറഞ്ഞു. ഖത്തറിലെ വിവിധ കമ്യൂണിറ്റിറ്റി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങില്‍യാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഞങ്ങള്‍ സഹോദരങ്ങളായതിനാല്‍ ഒരു വ്യത്യാസവുമില്ല. ഒരു കുടുംബമാണ്- അല്‍ഉബൈദ്‌ലി പറഞ്ഞു.
തൊഴിലാളികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും സൗജന്യ കമ്പ്യൂട്ടറുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശ്ചിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന തൊഴിലാളികളെ പതിനാല് ദിവസം ക്വാറന്റൈനില്‍ കൃത്യമായ പരിശോധനക്കും നിരീക്ഷണത്തിനുംശേഷം തൊഴിലുടമകള്‍ക്ക് വിട്ടുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണിലുള്ളവര്‍ക്ക് ജീവിതം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി താമസക്കാര്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലുലു ഗ്രൂപ്പ് വിവിധ ഭാഗങ്ങളില്‍ നിരവധി മൊബൈല്‍ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ 50,000ലധികം അന്വേഷണങ്ങളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇവ ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്തു.