https://www.youtube.com/watch?v=Eauk-nNGZ3g&feature=youtu.be

ദോഹ: 2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിലും കളിയാരവങ്ങളുയര്‍ന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ സ്‌റ്റേഡിയത്തില്‍ പന്തുതട്ടി. അല്‍ബയ്ത്ത് സ്റ്റേഡിയം സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്‍ഫന്റിനോക്കൊപ്പം കളിക്കാന്‍ സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയുമുണ്ടായിരുന്നു. അല്‍ബയ്ത്ത് സ്റ്റേഡിയത്തിലേക്കുള്ള ഇന്‍ഫന്റിനോയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇന്നലത്തേത്. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇന്‍ഫന്റിനോ അമീറുമായി കൂടിക്കാഴ്ച നടത്തുകയും സുപ്രീംകൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തശേഷമാണ് സ്റ്റേഡിയം സന്ദര്‍ശിക്കാനെത്തിയത്. 2022 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിനു വേദിയാകുന്ന അല്‍ബയ്ത്ത് സ്റ്റേഡിയത്തിന് 60,000ആണ് ഇരിപ്പിട ശേഷി. ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ തയാറെടുപ്പുകള്‍ പ്രശംസനീയമാണെന്ന് ഇന്‍ഫന്റിനോ പറഞ്ഞു. പരമ്പരാഗത അറബ് കൂടാരത്തിന്റെ മാതൃകയിലുള്ള അല്‍ബയ്ത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വരുംമാസങ്ങളില്‍ നടക്കും. അതിശയകരമായ ഈ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കാനായത് തികച്ചും സന്തോഷകരമാണെന്ന് ഇന്‍ഫന്റിനോ പറഞ്ഞു. 2022 നവംബര്‍ 21ന് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഇവിടെ കിക്കോഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ബയ്ത്ത് സ്റ്റേഡിയം അവിശ്വസനീയമാണ്.
യഥാര്‍ഥ ഫുട്‌ബോള്‍ സ്‌റ്റേഡിയം. യഥാര്‍ത്ഥ ഫുട്‌ബോള്‍ അനുഭവവും പ്രാദേശിക സ്പര്‍ശവുമുണ്ട്. കൂടാരത്തിന്റെ ആകൃതി സ്‌റ്റേഡിയത്തെ അദ്വിതീയമാക്കുന്നു, മേല്‍ക്കൂരയിലെ അറബി പാറ്റേണുകള്‍ മനോഹരമാണ്. വര്‍ണിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും ഇന്‍ഫന്റിനോ പറഞ്ഞു. കോവിഡ് മഹാമാരിക്കിടയിലും ഖത്തര്‍ ലോകകപ്പിന്റെ തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു.
കര്‍ശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ നടപ്പാക്കിയാണ് മുന്നോട്ടുപോകുന്നത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍ജനൂബ് സ്റ്റേഡിയം, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഉദ്ഘാടനം ചെയ്തു. ഇവ മൂന്നും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നു. അല്‍ബയ്ത്ത്, അല്‍റയ്യാന്‍, അല്‍തുമാമ സ്റ്റേഡിയങ്ങള്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. എട്ടു സ്റ്റേഡിയങ്ങളും ടൂര്‍ണമെന്റിന് വളരെ മുന്‍പ് സജ്ജമാകും. ഖത്തറിന്റെ പുരോഗതിയില്‍ അതീവ സന്തുഷ്ടനാണെന്ന് ഇന്‍ഫന്റിനോ പറഞ്ഞു.
ഞങ്ങള്‍ പദ്ധതികള്‍ കണ്ടു. പക്ഷെ നിങ്ങള്‍ യാാഥാര്‍ഥ്യം കാണുമ്പോള്‍ കൂടുതല്‍ മികവുറ്റതായിരിക്കും- ഇന്‍ഫന്റിനോ പറഞ്ഞു. ലോകം നിശ്ചലമായി നില്‍ക്കുമ്പോള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഖത്തറിന് മുന്നേറാന്‍ കഴിഞ്ഞു.
അടിസ്ഥാന സൗകര്യവികസന തയ്യാറെടുപ്പുകള്‍ മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കാരങ്ങള്‍ പോലുള്ള സുപ്രധാന സംഭവവികാസങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. നേരത്തെ ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിലും കൂടുതലാണെന്ന് പറയാന്‍ കഴിയും. 2022 ല്‍, എല്ലാം അടുത്തുവരും, എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ആസ്വാദകര്‍ക്കും ഒരേ പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടാനും ഖത്തറിന്റെ ആ ഘട്ടത്തിലെ നേരിയ താപനില ആസ്വദിക്കാനും അവസരമുണ്ടാകും.
മറ്റൊന്നിനെയും പോലെയല്ലാത്തതോ എന്നേക്കുമായതോ ആയ ലോകകപ്പായിരിക്കും ഖത്തറിലേതെന്നും ഇന്‍ഫന്റിനോ പറഞ്ഞു.
രണ്ടുവര്‍ഷത്തിനുശേഷം ഈ സ്റ്റേഡിയത്തില്‍നിന്നും ഫിഫ ലോകകപ്പിന്റെ ആദ്യപന്ത് ഉരുളുന്നതിനായി ഉറ്റുനോക്കുകയാണനെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. ഫിഫ ലോകകപ്പിന്റെ എല്ലാ പദ്ധതികളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായതായി ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു.