
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ സാംക്രമിക രോഗ പ്രതിരോധനിയന്ത്രണ വാരത്തിന് തുടക്കമായി. ഞായറാഴ്ച തുടങ്ങിയ വാരാചരണ പരിപാടികള്‍ 24വരെ തുടരും. അണുബാധ ശൃംഖല തകര്‍ക്കല്‍ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികള്‍.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെയും മെഡിക്കല്‍, ആരോഗ്യ കോളേജുകളുടേയും സഹകരണത്തോടെയാണ് വാരാചരണം. അന്താരാഷ്ട്ര അണുബാധ തടയല്‍ വാരത്തോടനുബന്ധിച്ചാണ് ഖത്തറിലെ പരിപാടികള്‍. ആരോഗ്യ പരിരക്ഷ നല്‍കുന്നിടത്തെല്ലാം അണുബാധ തടയുന്നതിന്റെയും നിയന്ത്രണ രീതികളുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള വാര്‍ഷിക അവബോധ കാമ്പയിനായാണ് വാരാചരണം കണക്കാക്കുന്നത്. 1986 മുതലാണ് ആഗോളതലത്തില്‍ വാരാചരണം സംഘടിപ്പിച്ചുവരുന്നത്. വാരാചരണത്തില്‍ പങ്കാളികളാന് രാജ്യത്തെ എല്ലാ ആരോഗ്യസൗകര്യങ്ങളെയും ക്ഷണിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് വകുപ്പ് ഡയറക്ടര്‍ ഹുദ അമര്‍ അല്ഖാതിരി പറഞ്ഞു.
രാജ്യത്തെ ആരോഗ്യ പരിചരണ സ്ഥാപനങ്ങളില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളില്‍ നടപടികളുണ്ടാകും. സാംക്രമിക രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവും നടക്കും. സമൂഹത്തിലെ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്കരണ പ്രചരണ പരിപാടികളും നടത്തും.
ആരോഗ്യസേവന ഉപഭോക്താക്കള്‍ കേന്ദ്രീകരിച്ചും അവബോധ പരിപാടികള്‍ നടക്കും. സാംക്രമിക രോഗങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനൊപ്പം മറ്റുള്ളവരേയും സംരക്ഷിക്കുന്നതില്‍ ഓരോ വ്യക്തികള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരിക്കും. കോവിഡിന്റെ സാഹചര്യത്തില്‍ വിര്‍ച്വല്‍ രീതിയിലാണ് ഇത്തവണത്തെ മിക്ക പരിപാടികളും.