in

പകര്‍ച്ചവ്യാധി പ്രതിരോധം: ദേശീയ റഫറന്‍സ് ലബോറട്ടറി ഉടന്‍

ദോഹ: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറില്‍ ദേശീയ റഫറന്‍സ് ലബോറട്ടറി തുറക്കുന്നു. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ലബോറട്ടറിയുടെ പ്രവര്‍ത്തനം അടുത്ത മാസം 22ന് തുടങ്ങും. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകളും പരീക്ഷണങ്ങളും വിലയിരുത്തലുകളും ഊര്‍ജിതപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍, വ്യവസായ, അക്കാദമിക് സ്ഥാപനങ്ങള്‍ക്കിടയിലെ ലബോറട്ടറി പരിശോധനകളും പരീക്ഷണങ്ങളും ദേശീയ റഫറന്‍സ് ലബോറട്ടറി കേന്ദ്രീകരിച്ചായിരിക്കും നടക്കുക.
പകര്‍ച്ചവ്യാധികളെ നേരിടാനും അവയുടെ വ്യാപനം പ്രതിരോധിക്കുന്നതിനുമായുള്ള ദേശീയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് റഫറന്‍സ് ലബോറട്ടറിയുടെ ദൗത്യം. ആദ്യ ഘട്ടത്തില്‍ സിദ്ര മെഡിസിനിലെ ദേശീയ ലബോറട്ടറിയില്‍ കോവിഡ്-19 യൂണിറ്റ് സജ്ജമാക്കും. സിദ്ര മെഡിസിനിലെ കെട്ടിടത്തിലായിരിക്കും ഈ യൂണിറ്റിന്റെ ആസ്ഥാനം.
യൂണിറ്റിലേക്കായി വിദഗ്ധ ലബോറട്ടറി ജീവനക്കാരെയും ക്ലിനിക്കല്‍ ശാസ്ത്രജ്ഞരേയും ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കല്‍ സയന്‍സ് വകുപ്പില്‍നിന്നുള്ള ബിരുദധാരികളേയും സന്നദ്ധപ്രവര്‍ത്തകരെയും നിയമിക്കുന്നതിനായുള്ള നടപടികള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. കോവിഡ്-19 പരിശോധനക്കുള്ള ദേശീയ ശേഷി ത്വരിതപ്പെടുത്താന്‍ റഫറന്‍സ് ലബോറട്ടിയുടെ പ്രവര്‍ത്തനം സഹായകായിരിക്കും.
മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവന് ഭീഷണി ഉയര്‍ത്തുന്ന എല്ലാത്തരം പകര്‍ച്ചവ്യാധികളേയും പ്രതിരോധിക്കുന്നതില്‍ രാജ്യത്തിന്റെ ശേഷി മെച്ചപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്. നിലവിലെയും ഭാവിയിലെയും സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ലബോറട്ടറി വികസിപ്പിക്കുന്നത്. ലബോറട്ടറിക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്കല്‍ പിന്തുണയും സിദ്ര മെഡിസിന്‍ ലഭ്യമാക്കും.
വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ ദോഹയിലേക്ക് മടങ്ങി എത്തുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് ലബോറട്ടറി സജ്ജമാക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെയും കന്നുകാലികളുടെയും സുരക്ഷ ഉറപ്പാക്കുകയെന്നതും ലക്ഷ്യമാണ്. നാഷണല്‍ റഫറന്‍സ് ലബോറട്ടറി ടീമിന്റെ കണ്‍സള്‍ട്ടന്റായി വൈറോളജി പ്രൊഫസറും ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ പ്രൊഫസര്‍ ശൈഖ അസ്മാ അല്‍താനിയെ നിയമിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ടൂറിസം മേഖലയുടെ വിപുലീകരണത്തിന് പദ്ധതിയെന്ന് അല്‍ബാകിര്‍

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം: എയര്‍ഇന്ത്യ സര്‍വീസുകള്‍ പ്രഖ്യാപിച്ചു