in

ഹമദ് വിമാനത്താവളത്തില്‍ ഹാന്‍ഡ് ലഗേജ് പരിശോധനക്കായി നൂതനസംവിധാനം

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക്പോയിന്റുകളില്‍ പരിശോധനക്കായി നൂതന സംവിധാനം. സ്‌ക്രീനിങ് സമയത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഹാന്‍ഡ് ലഗേജില്‍ നിന്നും പുറത്തെടുക്കേണ്ട ആവശ്യമില്ല. പകരം ഹാന്‍ഡ് ബാഗില്‍ തന്നെ സൂക്ഷിച്ചാല്‍ മതിയാകും. യാത്രക്കാരന്റെ ബാഗിനുള്ളിലെ എല്ലാ ഉപകരണങ്ങളും വേഗത്തില്‍ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക സംവിധാനമാണ് വിമാനത്താവളത്തില്‍ നടപ്പാക്കിയിരിക്കുന്നത്.
സങ്കീര്‍ണ്ണമായ തരത്തിലും ഘടനകളിലും സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതാണ് ഈ നൂതന സംവിധാനം. ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഡിജിറ്റല്‍ ക്യാമറ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. സുരക്ഷാ ചെക്ക്‌പോയിന്റുകളില്‍ ഉപഭോക്തൃസേവനം മെച്ചപ്പെടുത്താന്‍ സഹായകമാണ് ഈ പദ്ധതി. പുതിയ സി2 സംവിധാനത്തിലൂടെ ചെക്ക് പോയിന്റുകളിലെ പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനാകും.
എല്ലാവരുടെയും സമയവും ലാഭിക്കാനാകും. യാത്രക്കാരന് ഹാന്‍ഡ് ബാഗ് പരിശോധനക്കായി ദീര്‍ഘനേരം കാത്തിരിക്കേണ്ടതില്ല. ശുചിത്വവും ഉറപ്പാക്കാനാകും. ഉത്പന്നങ്ങള്‍ തിങ്ങിനിറഞ്ഞ ബാഗുകളിലാണെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഹാനികരമായ സാമഗ്രികള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇസിഎസി സി2 ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ സാധിക്കും. യാതൊരു കാലതാമസമില്ലാതെയും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെയും ഒറ്റ പരിശോധനയിലൂടെ തന്നെ ബാഗിലെ സാമഗ്രികള്‍ തിരിച്ചറിയാനാകും. പരിശോധന പ്രക്രിയ വേഗത്തിലാക്കുകയുംനിശ്ചിത സമയത്തിനുള്ളില്‍തന്നെ സാധനങ്ങള്‍ കടന്നുപോകാനും കഴിയുമ്പോള്‍ വിമാനത്താവള സുരക്ഷ ഗണ്യമായി വര്‍ധിപ്പിക്കാനാകും. സ്‌ഫോടകവസ്തുക്കള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായകമാണ് സംവിധാനം. തിരക്കേറിയ ബാഗുകളിലെ അപകടകരമായ വസ്തുക്കള്‍ തിരിച്ചറിയാന്‍ ഇസിഎസി സി 2 ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ് കഴിയും
ഇതുവരെയുള്ള സംവിധാനപ്രകാരം ടെര്‍മിനലുകളിലെ ചെക്ക് പോയിന്റുകളിലെത്തുമ്പോള്‍ യാത്രക്കാരന്‍ പരിശോധനക്കായി ബാഗിലുള്ള ലാപ്ടോപ്, ടാബ്ലറ്റുകള്‍, ഡിജിറ്റല്‍ ക്യാമറ, ഫോണ്‍ തുടങ്ങി സകല ഇലക്ട്രോണിക് സാധനങ്ങളും ട്രേയിലിട്ട് സ്‌കാനര്‍ മുഖേന പരിശോധനക്ക് വിധേയമാക്കേണ്ടിവന്നിരുന്നു. അതേസമയം നൂതനമായ സി2 സാങ്കേതിക വിദ്യ നടപ്പാക്കിയതോടെ യാത്രക്കാരന് തന്റെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബാഗിനുള്ളില്‍ സൂക്ഷിക്കാനാകും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സുരക്ഷാ ചെക്ക് പോയിന്റുകളിലെ ഇത്തരം മുന്‍നിര സാങ്കേതിക സംവിധാനങ്ങള്‍ ജീവനക്കാരുടേയും യാത്രക്കാരുടേയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നവയാണ്.
പ്രാഥമിക ഘട്ടത്തില്‍ വിമാനത്താവളത്തിലെ ട്രാന്‍സ്ഫര്‍ ഗേറ്റുകള്‍ തുറക്കുന്നത് അനുസരിച്ച് എല്ലാ ട്രാന്‍സ്ഫര്‍ പരിശോധനാ ചെക്ക് പോയിന്റുകളിലും പുതിയ സി2 സാങ്കേതിക വിദ്യ നടപ്പാക്കും. സാങ്കേതികവിദ്യയുടെ നടപ്പാക്കല്‍ സുരക്ഷാ ചെക്ക്പോസ്റ്റുകളിലെ മനുഷ്യ സമ്പര്‍ക്കം പരിമിതപ്പെടുത്തുന്നതിനും വിമാനത്താവളത്തിന്റെ ശുചിത്വ നിലവാരം ഉയര്‍ത്താനും സഹായകമാണ്.
അത്യാധുനിക സുരക്ഷാ സാങ്കേതികസംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ വിമാനത്താവളത്തിലെ സുരക്ഷാപ്രക്രിയ്യ തുടര്‍ച്ചയായി നവീകരിക്കുന്നുണ്ടെന്ന് സുരക്ഷാചുമതലയുള്ള വൈസ്പ്രസിഡന്റ് സഈദ് യൂസുഫ് അല്‍സുലൈത്തി പറഞ്ഞു. നിലവിലെ കോവിഡ് മഹാമാരി കണക്കിലെടുത്ത് യാത്രകള്‍ സുരക്ഷിതമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം.
വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ യാത്രക്കാരുടെ സുരക്ഷക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 വ്യാപനം തടയാന്‍ നിലവില്‍ ചെക്ക് പോയിന്റുകളില്‍ ബാക്ടീരിയ പ്രതിരോധ ട്രേകള്‍, ട്രേകള്‍ വേഗത്തില്‍ അണുവിമുക്തമാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് യുവി എമിറ്റിങ് മൊഡ്യൂളുകള്‍, അണുവിമുക്ത റോബോട്ടുകള്‍, ബാഗേജുകള്‍ക്കായി അണുവിമുക്ത ടണലുകള്‍ എന്നിവയെല്ലാം നടപ്പാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂലൈ 25) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് 18-ാം റൗണ്ട്: ഗറാഫക്കും അല്‍റയ്യാനും ജയം