
ദോഹ: ലുസൈല്‍ നഗരത്തില്‍ ഖത്തരി ദിയാര്‍ പുതിയ മാലിന്യ ശേഖരണ സംവിധാനത്തിനു തുടക്കംകുറിച്ചു. വായൂ സമ്മര്‍ദ്ദം ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. നഗരങ്ങളിലെ മാലിന്യ ശേഖരണത്തിനും പാരിസ്ഥിതിക- സാമ്പത്തിക തലങ്ങളില്‍ പ്രായോഗികമാകുന്ന വിധത്തില്‍ അവ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദവും സുസ്ഥിരവുമായ പരിഹാരമാണ് ലുസൈലില്‍ നടപ്പാക്കിയിരിക്കുന്നത്.
പ്രതിദിനം അറുപത് ടണ്‍ ശേഷിയുള്ള മാലിന്യശേഖരണ പ്ലാന്റും ഭൂഗര്‍ഭ തുരങ്കത്തിലൂടെ കടന്നുപോകുന്ന പന്ത്രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പലൈന്‍ ശൃംഖലയും മറീന മേഖലയിലെ ഓരോ കെട്ടിടങ്ങളെയും ഗാര്‍ബേജ് കണ്ടെയ്നറുകളെയും മാലിന്യശേഖരണ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. 110 ടവറുകളുള്ള മറീന ടവേഴ്സില്‍ നിന്ന് മാലിന്യം വലിച്ചെടുക്കുന്നതിന് 110 ഭൂഗര്‍ഭ സബ്കണക്ഷനുകളും നല്‍കിയിട്ടുണ്ട്. മറീന മേഖലയിലെ കാല്നടപ്പാതകളിലായി 135 മാലിന്യശേഖരണ കണ്ടെയ്നറുകളും സ്ഥാപിച്ചു. വിദൂരാടിസ്ഥാനത്തില്‍ സെന്‍ട്രല്‍ കണ്ട്രോള് റൂമാണ് ഈ മാലിന്യ ശേഖരണ സംവിധാനം നിയന്ത്രിക്കുന്നത്. മറീനയിലെ ടവറുകളില്‍നിന്നും കാല്‍നടപ്പാതകളിലെ കണ്ടെയ്നറുകളില്‍നിന്നും മാലിന്യം യാന്ത്രികമായി പിന്‍വലിച്ച് മാലിന്യശേഖര സ്റ്റേഷനിലെത്തിക്കുന്ന രീതിയാണ് നടപ്പാക്കിയിരിക്കുന്നത്. ഇങ്ങനെ ഓട്ടോമാറ്റിക്കായി സ്റ്റേഷനിലെത്തുന്ന മാലിന്യങ്ങളെ പുനരുപയോഗിക്കാവുന്നവും പുനരുപയോഗിക്കാത്തവുമായി വേര്‍തിരിക്കും. അതിനുശേഷം മാലിന്യങ്ങള്‍ കംപ്രസ്സ് ചെയ്തശേഷം അതോറിറ്റികള്‍ നിശ്ചയിച്ച നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിനായി കണ്ടെയ്നറുകളില്‍ പായ്ക്ക് ചെയ്യും.മാലിന്യ ശേഖരണത്തിനായി നൂതനസംവിധാനം അവതരിപ്പിച്ച ഖത്തരി ദിയാറിനെ അഭിനന്ദിക്കുന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുസേവന കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി പറഞ്ഞു. ഖത്തറിന്റെ പരമാധികാര സ്വത്ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയാണ് 2005ല്‍ ഖത്തരി ദിയാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപിച്ചത്.
കമ്പനിയുടെ ഏറ്റവും സുപ്രധാനമായ പദ്ധതിയായ ലുസൈല്‍ നഗരത്തിന് 2005 ഡിസംബറില്‍ തുടക്കംകുറിച്ചു. സുസ്ഥിരതാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ നഗരമാണ് ലുസൈല്‍. കമ്പനിയുടെ നിക്ഷേപ മൂലധനം എട്ടു ബില്യണ്‍ യുഎസ് ഡോളറാണ്. 24 രാജ്യങ്ങളിലായി 35 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ 60 നിക്ഷേപ പദ്ധതികളാണ് പൂര്‍ത്തീകരിക്കുകയോ നടപ്പാക്കിവരികയോ ചെയ്യുന്നത്.