in

തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന കര്‍ക്കശമാക്കി

ദോഹ: ദോഹയിലുടനീളം റസിഡന്‍ഷ്യല്‍ മേഖലകളിലെ തൊഴിലാളികളുടെ പാര്‍പ്പിട സൗകര്യങ്ങളില്‍ പരിശോധന ശക്തമാക്കി. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന.
ദോഹ മേഖലയിലെ പാര്‍പ്പിട പരിസരങ്ങളിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനായി വിപുലമായ കാമ്പയിനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പാര്‍പ്പിട സൗകര്യങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിലും കൂടുതല്‍ തൊഴിലാളികളെ താമസിപ്പിക്കാന്‍ പാടില്ലെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. അധിക തൊഴിലാളികളെ നിര്‍ബന്ധമായും മാറ്റിയിരിക്കണം. കൊറോണ വൈറസ്(കോവിഡ്-19) പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ താമസക്കാരുടെ എണ്ണം, ശുചിത്വം, സുരക്ഷാ നടപടികള്‍ എന്നിവയുള്‍പ്പടെ മതിയായ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന. പാര്‍പ്പിട മേഖലകളില്‍ തൊഴിലാളികളുടെ താമസം വിലക്കുന്നത് സംബന്ധിച്ച 2010ലെ 15-ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2019ലെ 22-ാം നമ്പര്‍ നിയമത്തിനനുസൃതമായാണ് ഈ നീക്കം.
കുടുംബങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട മേഖലകളില്‍ ഒരു സ്ഥലത്ത് അഞ്ചിലധികം തൊഴിലാളികളെ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള 2020ലെ 105-ാം നമ്പര്‍ മന്ത്രിതല ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പരിശോധന. സ്ത്രീ തൊഴിലാളികളെ അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുക്കാതെ തന്നെ മന്ത്രിതല ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗാര്‍ഹികതൊഴിലാളികള്‍ക്കും ഇതു ബാധകമല്ല. ഏപ്രില്‍ 20നും 29നും ഇടയില്‍ 417 പാര്‍പ്പിട യൂണിറ്റുകളില്‍ അധികൃതര്‍ പരിശോധന നടത്തി.
കമ്പനികളുടേതായി 1855 നിയമലംഘനങ്ങള്‍ കണ്ടെത്തി. അവയില്‍ മിക്കതും ചെറുകിട കമ്പനികളാണ്. ക്ലീനിങ്, ലിമോസിന്‍, റസ്‌റ്റോറന്റ്‌സ്, കോണ്‍ട്രാക്റ്റിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണിവ. ദോഹയുടെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് അല്‍നജ്മ, അല്‍മന്‍സൂറ, ബിന്‍ ദിര്‍ഹം, ഓള്‍ഡ് സലാത, റിഫ, ഓള്‍ഡ് ഗാനിം എന്നിവിടങ്ങളിലും വിപണി മേഖലകളായ അല്‍അസ്മഖ് സ്ട്രീറ്റ്, അബ്ദുല്ല ബിന്‍ താനി സ്ട്രീറ്റ്, മുഷൈരിബ്, ദോഹ, ഫരീജ് അബ്ദുല്‍അസീസ്, അല്‍മുന്‍തസ തുടങ്ങിയ മേഖലകളിലുമെല്ലാം പരിശോധനകള്‍ നടത്തുന്നുണ്ട്. കാമ്പയിനിടെ എന്തെങ്കിലും ലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട വീട്ടില്‍ ലേബല്‍ പതിപ്പിക്കും. ഇതില്‍ പരിശോധനാ തീയതി, ഇന്‍സ്‌പെക്ടര്‍ നമ്പര്‍, ഓരോ പാര്‍പ്പിട യൂണിറ്റിന്റെയും ശേഷി എന്നിവയെല്ലാം ഈ ലേബലിലുണ്ടാകും. പരിശോധനാ തീയതി മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കാനും അധിക തൊഴിലാളികളെ ഒഴിപ്പിക്കാനും വാടകക്കാരോടും കമ്പനികളോടും ആവശ്യപ്പെടും. ഇവ പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കര്‍ശനമായ പിഴ ഈടാക്കുകയും ചെയ്യും. നിയമലംഘനം നടത്തിയ പാര്‍പ്പിട ഉടമയെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലേക്കും ലംഘനം നടത്തിയ കമ്പനിയെ സുരക്ഷാ അതോറിറ്റികളിലേക്കും റഫര്‍ ചെയ്യും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ 40280660 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

3.64ശതമാനത്തിലധികം പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി

2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു