in ,

പ്രവാചക നിന്ദ: അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തര്‍

അമര്‍ഷം രേഖപ്പെടുത്തി അറബ് ലോകം

പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റേതല്ലെന്ന് അംബാസിഡര്‍

പ്രവാചകനെ അവഹേളിച്ച് ഇന്ത്യയിലെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ ഔദ്യോഗികമായി പ്രതിഷേധിച്ച് ഖത്തര്‍.  ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തലിനെ വിളിച്ചുവരുത്തി വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയാണ് പ്രതിഷേധം ഔദ്യോഗികമായി അറിയിച്ചുള്ള കത്ത് കൈമാറിയത്.

 

ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ഔദ്യോഗിക പ്രതിനിധി സംഘവും ദോഹ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ഈ കടുത്ത അമര്‍ഷമെന്നതും ശ്രദ്ധേയമാണ്.

അതിനിടെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി അഹ്മദ് ബിന്‍ ഹമദ് അല്‍ഖലീലിയുടെ ട്വീറ്റ് അറബ് ലോകം ഏറ്റെടുത്ത് കടുത്തപ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
പ്രവാചകനെ  നിന്ദിക്കുന്ന തരത്തില്‍ ഭരണകക്ഷി തന്നെയായ ബി.ജെ.പിയുടെ  വക്താക്കളുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഈ നടപടി അങ്ങേയറ്റം അപലപിക്കുകയും ചെയ്യുന്നു.  പ്രവാചകനെ അവഹേളിച്ച വ്യക്തികള്‍ക്കെതിരെ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്.  

എന്നാല്‍, ലോകമുസ്‌ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന്  പരസ്യക്ഷമാപണം നടത്തുമെന്നാണ്  പ്രതീക്ഷിക്കുന്നത്-ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.


ഇന്ത്യാ ഗവണ്‍മെന്റ് ഈ പ്രസ്താവനകളെ ഉടനടി അപലപിക്കുകയാണ് വേണ്ടത്. ഇസ്‌ലാം വിരുദ്ധ പ്രസ്താവനകള്‍ ശിക്ഷയില്ലാതെ തുടരാന്‍ അനുവദിക്കുന്നത് കൂടുതല്‍ മുന്‍വിധികള്‍ക്കും അപകടങ്ങളിലേക്കും നയിക്കും.

മാത്രമല്ല മനുഷ്യാവകാശ സംരക്ഷണത്തിന് ഹാനികരമായ നീക്കം കൂടിയാണിത്.  പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയെ സൃഷ്ടിക്കാനും അക്രമവും വിദ്വേഷവും ഉണ്ടാക്കാനുമിടയാക്കുന്ന നീക്കങ്ങള്‍ ഒരു നിലക്കും അനുവദിക്കരുത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലിംകള്‍ മുഹമ്മദ് നബിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച് മുന്നോട്ടുപോവുന്നവരാണ്.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമായി  വന്ന അദ്ദേഹത്തിന്റെ ജീവിതമാണ്  മുസ്‌ലിംകള്‍ പിന്തുടരുന്നത്. മതവിദ്വേഷം വളര്‍ത്തുന്ന നീചമായ പ്രസ്താവനകള്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ അപമാനിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള നാഗരിക മുന്നേറ്റത്തില്‍ ഇസ്‌ലാം വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ചുള്ള വ്യക്തമായ അജ്ഞതയാണ് ഇത്തരം പ്രസ്താവനകളുടെ പിന്നിലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രായം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


എല്ലാ മതങ്ങളോടും ദേശീയതകളോടും സഹിഷ്ണുതയോടേയും  സഹവര്‍ത്തിത്വത്തോടെയും ഇടപഴകുന്ന ഖത്തര്‍ ആഗോള തലത്തില്‍ തന്നെ മതസൗഹാര്‍ദ്ദത്തിനായി അക്ഷീണ പ്രയത്‌നം നടത്തുന്ന രാജ്യമാണെന്നും വിദേശകാര്യമന്ത്രാലയം എടുത്തുപറഞ്ഞു.


പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധം ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി അറബ് ലോകത്തും ലോകത്തിന്റെ പല ഭാഗത്തും സജീവമാവുകയും നിരോധനാഹ്വാനം സജീവമാവുകയും ചെയ്തതോടെയാണ് ബി ജെ പി കുറ്റകൃത്യം ചെയതവര്‍ക്കെതിരെ നടപടിയെടുത്തത്.

പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റേതല്ലെന്ന് അംബാസിഡര്‍

ദോഹ: മതപരമായ അവഹേളനം നടത്തിയ ചില വ്യക്തികളുടെ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റേതല്ലെന്നും ഇന്ത്യയുടെ നിലപാട് എന്നും എല്ലാ മത സമൂഹങ്ങളേയും ബഹുമാനിക്കുന്നതാണെന്നും ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍.

ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  വിഭാഗീയത പടര്‍ത്തുന്ന ചില ഒറ്റയാന്‍ കക്ഷികളുടെ പെരുമാറ്റം മാത്രമാണിത്.

നാനാത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ മതങ്ങള്‍ക്കും സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും അര്‍ഹമായ ആദരം നല്‍കുന്ന രാജ്യമാണ് ഇന്ത്യ.
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.


എല്ലാ മതങ്ങളോടുമുള്ള  ബഹുമാനം ഊന്നിപ്പറഞ്ഞ് ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുന്നത് തങ്ങളുടെ ശൈലിയല്ലെന്നറിയിച്ച് ബന്ധപ്പെട്ട ആളുകള്‍ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും അംബാസിഡര്‍ വിശദീകരിച്ചു.


ഇന്ത്യ-ഖത്തര്‍ ബന്ധങ്ങള്‍ക്ക് എതിരായി ഇത്തരം പ്രസ്താവനകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കാനിടയുണ്ടെന്നും ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരം ഇടപെടലുകള്‍ക്കെതിരെ നമുക്ക് ഒരുമിച്ച് നില്‍ക്കാനാവണമെന്നും അംബാസിഡര്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശിഹാബ് തങ്ങള്‍ ഭാവി രാഷ്ട്രീയം തിരിച്ചറിഞ്ഞ് സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്ന വ്യക്തിത്വം: സബ്രീന ലേ

ഫിഫ ലോകകപ്പ് 2022; വളണ്ടിയറാവാനുള്ള അവസാന തിയതി ജൂലൈ 31