in

വ്യോമാതിര്‍ത്തി നിരോധനം; ഉപരോധ രാജ്യങ്ങളെ തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി

അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് അബ്ദുല്‍ ഖാവി അഹമ്മദ് യൂസുഫ് വിധിന്യായം വായിക്കുന്നു

ദോഹ: ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് പുറപ്പെടുവിച്ച വിധിയെ ഖത്തര്‍ സ്വാഗതം ചെയ്തു. സഊദി അറേബ്യ, യു എ ഇ, ബഹറൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിന്റെ ഭാഗമായ വ്യോമ നിയന്ത്രണത്തിനെതിരെയാണ് ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഖത്തറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. യു എന്‍ ഏവിയേഷന്‍ ബോഡിയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനു മുന്നില്‍ ഉപരോധ രാജ്യങ്ങള്‍ക്കെതിരെ ഖത്തറിനുള്ള മികച്ച അവസരമാണ് ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വഴി ലഭിച്ചിരിക്കുന്നത്.
2017 ജൂണില്‍ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ഖത്തറില്‍ റജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് ഉപരോധ രാജ്യങ്ങളുടെ വിമാനത്താവളങ്ങളോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് ഇതെങ്കിലും ഉപരോധ രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഇന്നലെ പുറത്തിറക്കിയ രണ്ട് വിധിന്യായങ്ങളില്‍ ഉപരോധ രാജ്യങ്ങള്‍ ഉന്നയിച്ച മൂന്ന് അപ്പീലുകളും നിരസിക്കുകയായിരുന്നു. മാത്രമല്ല ഖത്തറിന്റെ വാദങ്ങള്‍ കേള്‍ക്കാള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് അധികാരമുണ്ടെന്നും വിധിയില്‍ പ്രസ്താവിച്ചു. ഇതോടെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ പുനരാരംഭിക്കും.
ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ വിധി ന്യായത്തെ സ്വാഗതം ചെയ്യുന്നതായി ഗതാഗത- വാര്‍ത്താവിതരണ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതിന് ഉപരോധ രാജ്യങ്ങള്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഉപരോധ രാജ്യങ്ങള്‍ ചെയ്യുന്ന ലംഘനങ്ങള്‍ തുറന്നുകാട്ടുന്ന പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇന്നലെ വന്ന വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപരോധ രാജ്യങ്ങളുടെ വാദങ്ങള്‍ പടിപടിയാിയ തകര്‍ക്കപ്പെടുമെന്നും ഖത്തറിന്റെ നിലപാട് സ്ഥിരീകരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ പ്രവാസി നാട്ടില്‍ മരിച്ചു

ഖത്തര്‍ ലോകകപ്പ്; പരിസ്ഥിതി സൗഹൃദ പ്രതിജ്ഞാബദ്ധത ചര്‍ച്ച ചെയ്ത് വെബിനാര്‍