in

വിദ്യാഭ്യാസ സംരക്ഷണത്തിനായി രാജ്യാന്തരദിനം: ശൈഖ മൗസയുടെ ആവശ്യം യുഎന്‍ അംഗീകരിച്ചു

ദോഹ: ആക്രമണങ്ങളില്‍ നിന്നും വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി രാജ്യാന്തര ദിനം ആചരിക്കുന്നതിനുള്ള പ്രമേയം യുഎന്‍ അംഗീകരിച്ചു. ഇതുപ്രകാരം എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്‍പതായിരിക്കും രാജ്യാന്തര വിദ്യാഭ്യാസ സംരക്ഷണ ദിനം.
എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അഡ്വക്കേറ്റുമായ ശൈഖ മൗസ ബിന്‍ത് നാസറാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. 74/275 നമ്പര്‍ പ്രമേയത്തിനാണ് യുഎന്‍ അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസത്തിനെതിരായ നിരന്തരമായ, ബോധപൂര്‍വമായ ആക്രമണങ്ങളുടെയും ലോകമെമ്പാടുമുള്ള കുട്ടികള്‍ അനുഭവിക്കുന്ന സായുധ അക്രമങ്ങളുടെയും കാരണക്കാര്‍ക്കുമേല്‍ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിന് ആഗോള പിന്തുണയും വക്കാലത്തും നേടുകയെന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ അവതരിപ്പിച്ച പ്രമേയം സമവായത്തോടെ അംഗീകരിച്ചതിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. ഖത്തറിന്റെ പ്രമേയം 57 അംഗരാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. സായുധ സംഘര്‍ഷങ്ങള്‍ ബാധിച്ച കുട്ടികളുടെ ദുരവസ്ഥക്ക് പരിഹാരം കണ്ടെത്തുക, ബോധവല്‍ക്കരണം വ്യാപകമാക്കുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നു.
സ്‌കൂളുകള്‍ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളില്‍ പ്രതിബദ്ധത പുലര്‍ത്തുന്നതിനും ദിനാചരണത്തിലൂടെ സാധിക്കും. ഇത്തരം കാര്യങ്ങളില്‍ പുരോഗതി, പുതിയ ഡാറ്റ എന്നിവ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും വാര്‍ഷിക പ്ലാറ്റ്‌ഫോമായിക്കൂടിയാണ് രാജ്യാന്തരദിനം വിഭാവനം ചെയ്തിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയുടെ ബഹുമുഖ പ്രത്യാഘാതങ്ങള്‍ ലോകത്തൊട്ടാകെ വിവിധ സര്‍ക്കാരുകള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് യുഎന്നിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം സ്‌കൂളുകള്‍ പൂട്ടിയതിലൂടെ ലോക വിദ്യാര്‍ഥി ജനസംഖ്യയുടെ 90ശതമാനത്തിലധികംപേരെയും ബാധിച്ചു.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംരക്ഷിത കേന്ദ്രമായി കണക്കാക്കുന്ന സ്‌കൂളുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ സന്ദേശമാണ് ഇത്തരമൊരു പ്രമേയത്തിലൂടെ യുഎന്‍ നല്‍കുന്നത്. രാജ്യാന്തര ഫോറത്തിലും വേദികളിലും ഈ ദിവസത്തിന്റെ പ്രാധാന്യത്തിനായി ശൈഖ മൗസ ബിന്‍ത് നാസര്‍ ശക്തമായി വാദിച്ചിരുന്നു. ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് പ്രമേയത്തിന് ലഭിച്ച അംഗീകാരം.
ആക്രമണങ്ങളില്‍നിന്നും വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനായി രാജ്യാന്തര ദിനം സ്ഥാപിതമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ശൈഖ മൗസ ബിന്‍ത് നാസര്‍ പ്രതികരിച്ചു. കോവിഡ് മഹാമാരിക്കിടയില്‍ നേരത്തെയുണ്ടായിരുന്ന സായുധസംഘട്ടനത്തിന്റെയും നിരക്ഷരതയുടെയും രോഗങ്ങള്‍ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. അതുകൊണ്ടുതന്നെ ഈ അടിയന്തര പ്രശ്‌നത്തിന്റെ പ്രാധാന്യം യുഎന്‍ പൊതുസഭ തിരിച്ചറിഞ്ഞ് ഇത്തരമൊരു പ്രമേയം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ശൈഖ മൗസ പറഞ്ഞു. എല്ലാവര്‍ക്കുമുള്ള വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് രാഷ്ട്രീയ ഇച്ഛാശക്തിയില്‍ നിന്ന് അടിസ്ഥാനപരമായ മാറ്റത്തിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നതാണ് ഇപ്പോഴുള്ള വെല്ലുവിളിയെന്നും അവര്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കെതിരായ അക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ഭീകരമായ അത്തരം അക്രമണങ്ങള്‍ക്കു കാരണക്കാരായ കുറ്റവാളികളെ കണക്കിലെടുക്കുകയും വേണം.
അതിലൂടെ സായുധ ആക്രമണങ്ങളുടെ ഫലമായി വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് മികച്ച ഭാവി ലഭ്യമാക്കാന്‍ കഴിയും. വിദ്യാഭ്യാസം അവരുടെ ജീവിതമാര്‍ഗമാണ്. അത് സംരക്ഷിക്കപ്പെടണമെന്നും ശൈഖ മൗസ പറഞ്ഞു.
ഇക്കാര്യത്തില്‍ ശൈഖ മൗസ ബിന്‍ത് നാസറിന്റെ സംഭാവനകളെ പ്രത്യേകം അഭിനന്ദിക്കുന്നതായും പ്രമേയത്തിന് അംഗീകാരം ലഭിച്ചതിലൂടെ സെപ്തംബര്‍ ഒന്‍പത് രാജ്യാന്തര ദിനമായി സജ്ജമാക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സീറ്റ് വില്‍പ്പന: ഖത്തര്‍ യൂണിവേഴ്‌സിറ്റി അന്വേഷണം തുടങ്ങി

വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പുതുക്കിയ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചു