
ദോഹ: കൈത്തറി കരകൗശല ഉത്പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളക്ക് കത്താറയിലെ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. എട്ട് അറബ് രാജ്യങ്ങളില്‍നിന്നുള്ള കരകൗശല വിദഗ്ദ്ധരുടെ പങ്കാളിത്തം മൂന്നാമത് പരമ്പരാഗത കരകൗശല പ്രദര്‍ശനത്തിലുണ്ട്. കത്താറ ബില്‍ഡിങ് 48ലെ കരകൗശല ഗ്യാലറിയിലും ഔട്ട്ഡോര്‍ ഏരിയയിലുമായാണ് പ്രദര്‍ശനം. ഖത്തറിനു പുറമെ, എത്യോപ്യ, സിറിയ, ഫലസ്തീന്, ടുണീഷ്യ, മൊറോക്കോ, സുഡാന്, ഇറാന് രാജ്യങ്ങളില്‍നിന്നുള്ള കരകൗശല വിദഗ്ദ്ധരുടെ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന കരകൗശലകൈത്തറി ഉത്പന്നങ്ങള്‍ സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നു. ആഭരണങ്ങള്‍, അനുബന്ധ സാമഗ്രികള്‍, പെയിന്റിങ്ങുകള്‍, ഗ്രാഫിക് ഡിസൈന്‍, ബാഗുകള്‍, വസ്ത്രങ്ങള്‍ ഗൃഹ അലങ്കാരങ്ങള്‍, കാര്‍ഡുകള്‍, ഫോട്ടോഗ്രഫി, ബതൂല, ബോക്സുകള്‍, പാവകള്‍, ഫാല്‍ക്കണ്‍ ഹൂഡുകള്‍, നെയ്ത്ത് ഉത്പന്നങ്ങള്തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. വിവിധ വിലകളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. തടിയില്‍ തീര്‍ത്ത കരകൗശല ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് പന്ത്രണ്ടുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയുമായിരിക്കും പ്രദര്‍ശനം. പങ്കെടുക്കുന്ന രാജ്യങ്ങളുടെ സ്റ്റാളുകള്‍ വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെ തുറക്കും. പത്തുദിവസം നീളുന്ന പ്രദര്‍ശനം കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തിലെ പങ്കാളിത്ത രാജ്യങ്ങളുടെ അംബാസഡര്‍മാരും നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. കത്താറ ജനറല്‍ മാനേജറും വിശിഷ്ടാതിഥികളും പ്രദര്‍ശനത്തിലെ വിവിധ സ്റ്റാളുകളില്‍ സന്ദര്‍ശനം നടത്തി. കരകൗശല വിദഗ്ദ്ധര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച തല്‍സമയ പ്രകടനവും വീക്ഷിച്ചു. ഓറിയന്റല്‍ റഗുകളും പരവതാനികളും, പരമ്പരാഗത ദേശീയ വസ്ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, ബാഗുകളും കൊട്ടകളും, പെയിന്റിങുകള്‍, ജിപ്സം കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.