in

ഖത്തര്‍ പെട്രോളിയത്തിന് രാജ്യാന്തര മക്കന്‍സി പുരസ്‌കാരം

ദോഹ: എണ്ണ, വാതക ഖനനമേഖലയിലെ മികവിന് ഖത്തര്‍ പെട്രോളിയത്തിന് രാജ്യാന്തര പുരസ്‌കാരം. വൂഡ് മക്കന്‍സി എക്‌സ്പ്ലറേഷന്‍ അവാര്‍ഡ്‌സ് 2020ല്‍ പുതിയ സംരംഭത്തിനുള്ള പുരസ്‌കരമാണ് ഖത്തര്‍ പെട്രോളിയം സ്വന്തമാക്കിയത്. ക്യുപിയുടെ ലോകമെമ്പാടുമുള്ള പര്യവേക്ഷണ സാന്നിധ്യത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.
ഈ അംഗീകാരം സ്വന്തമാക്കുന്ന മൂന്നാമത്തെ സ്ഥാപനമാണ് ഖത്തര്‍ പെട്രോളിയം. നേരത്തെ 2018ല്‍ എക്‌സോണ്‍ മൊബീലിനും 2019ല്‍ ടോട്ടലിനും ഇതേ പുരസ്‌കാരം ലഭിച്ചിരുന്നു.
ഊര്‍ജമേഖലയിലെ കുത്തകകളായ എനി, ബിപി, ടോട്ടല്‍, എക്‌സോണ്‍ മൊബീല്‍, പിടിടി എക്‌സ്പ്ലറേഷന്‍ ആന്റ് പ്രൊഡക്ഷന്‍, പെട്രോനാസ് എന്നിവയുള്‍പ്പടെയുള്ള കുത്തകകളുമായി മത്സരിച്ചാണ് ഖത്തര്‍ പെട്രോളിയം ഈ അംഗീകാരം സ്വന്തമാക്കിയത്. വെന്‍ച്വര്‍ ഓഫ് ദി ഇയര്‍ എന്ന പേരിലുള്ള ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ദേശീയ എണ്ണ കമ്പനിയെന്ന ഖ്യാതിയും ഇതോടെ ഖത്തര്‍ പെട്രോളിയം സ്വന്തമാക്കി.
ഈ അഭിമാനകരമായ പര്യവേക്ഷണ അവാര്‍ഡ് നേടുന്ന ആദ്യത്തെ ദേശീയ എണ്ണ വാതക കമ്പനിയായി മാറിയതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയും ഊര്‍ജകാര്യ സഹമന്ത്രിയുമായ സഅദ് ബിന്‍ ഷെരിദ അല്‍കഅബി പറഞ്ഞു. ഈ പുരസ്‌കാരം ഊര്‍ജ വ്യവസായത്തിലെ സമാന കമ്പനികളില്‍നിന്നുള്ള പ്രധാന സാക്ഷ്യമാണ്, മാത്രമല്ല ഖത്തര്‍ പെട്രോളിയത്തിന്റെ ലോകോത്തര അന്താരാഷ്ട്ര പര്യവേക്ഷണ പോര്‍ട്ട്ഫോളിയോയുടെ അംഗീകാരം കൂടിയാണ്. ഖത്തറില്‍ വേരുകളും ശക്തമായ അന്താരാഷ്ട്ര സാന്നിധ്യവുമുള്ള ലോകത്തിലെ ഏറ്റവും മികച്ച ദേശീയ എണ്ണ-വാതക കമ്പനികളിലൊന്നായി മാറാനുള്ള ക്യുപിയുടെ കാഴ്ചപ്പാടാണ്് പുരസ്‌കാരത്തില്‍ പ്രതിഫലിക്കുന്നത്.
ദേശീയ എണ്ണക്കമ്പനികളെ കണക്കാക്കുമ്പോള്‍ ഖനനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന സ്വാധീനം ചെലുത്താന്‍ ഖത്തര്‍ പെട്രോളിയത്തിനാകുന്നുണ്ടെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് വൂഡ് മക്കന്‍സി വ്യക്തമാക്കി. മികച്ച ഓപ്പറേറ്റര്‍മാരുടെയും രാജ്യാന്തര പങ്കാളികളുടെയും സഹകരണത്തോടെ ലോകത്തിലെ പ്രധാന എണ്ണ വാതകപ്പാടങ്ങളില്‍ ഖത്തര്‍ പെട്രോളിയം സാന്നിധ്യം ശക്തമാക്കുന്നുണ്ട്.
ഈ തന്ത്രം ഇതിനകം ദക്ഷിണാഫ്രിക്കയിലും സൈപ്രസിലും ഗയാനയിലും വിജയം നേടി. 250 മുതിര്‍ന്ന വ്യവസായ പ്രമുഖരുടെയും വിദഗ്ധരുടെയും വാര്‍ഷിക പര്യവേക്ഷണ സര്‍വേ, ഓരോ വര്‍ഷത്തിലെയും ലൈസന്‍സിങിന്റെയും ഫാം-ഇന്‍ ഇടപാടുകളുടെയും വിശകലനം എന്നിവ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നിശ്ചയിക്കുന്നത്. ലോകത്തിലെ പ്രകൃതിവിഭവ മേഖലയുടെ വാണിജ്യ ഇന്റലിജന്‍സിന്റെ വിശ്വസനീയമായ ഉറവിടമാണ് വൂഡ് മക്കന്‍സി.
ഖത്തറിനകത്തും പുറത്തും എണ്ണ-വാതക വ്യവസായത്തിന്റെ സുസ്ഥിര വികസനത്തിന് ഉത്തരവാദിത്വമുള്ള സംയോജിത ദേശീയ എണ്ണ വാതക കോര്‍പ്പറേഷനാണ് ഖത്തര്‍ പെട്രോളിയം. ഖത്തര്‍ പെട്രോളിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണ, വാതക മൂല്യ ശൃംഖലയുടെ മുഴുവന്‍ സ്‌പെക്ട്രത്തെയും പ്രാദേശികമായും അന്തര്‍ദ്ദേശീയമായും ഉള്‍ക്കൊള്ളുന്നു. കൂടാതെ എണ്ണ, വാതകങ്ങളുടെ പര്യവേക്ഷണവും ക്യുപിയുടെ ഭാഗമാണ്.
ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി), പ്രകൃതിവാതക ദ്രാവകങ്ങള്‍ (എന്‍ജിഎല്‍) ), ഗ്യാസ് ടു ലിക്വിഡ്‌സ്(ജിടിഎല്‍) ഉത്പന്നങ്ങള്‍, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍സ്, രാസവളങ്ങള്‍, ഉരുക്ക്, അലുമിനിയം എന്നിവയുടെ ഉത്പാദനം, സംസ്‌കരണം, വിപണനം, വില്‍പ്പന എന്നിവയും ക്യുപിയുടെ ഉത്തരവാദിത്വമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അഞ്ച് ദിവസത്തിനിടെ 1.8 ബില്യണിലധികം റിയാലിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍

ദേശവ്യാപക രക്തദാന കാമ്പയിന് പിന്തുണയുമായി സിദ്ര മെഡിസിന്‍