Thursday, October 22ESTD 1934

അല്‍റയ്യാന്‍ സ്‌റ്റേഡിയത്തിന് രാജ്യാന്തര സുസ്ഥിരതാ അംഗീകാരം

ദോഹ: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന് സുസ്ഥിരതാ അംഗീകാരം. രണ്ടു തവണ അപകടരഹിത 20 ദശലക്ഷം തൊഴില്‍ മണിക്കൂറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ പദ്ധതി എന്ന അംഗീകാരം കൈവരിച്ചതിനു പിന്നാലെയാണ് സുസ്ഥിരതാ റേറ്റിങും സ്റ്റേഡിയത്തിന് ലഭിച്ചത്. സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന, നിര്‍മാണം, മാനേജ്‌മെന്റ്, ഊര്‍ജ കാര്യക്ഷമത എന്നിവയുടെ കാര്യത്തില്‍ ആഗോള സുസ്ഥിരാ വിലയിരുത്തല്‍ സംവിധാനത്തിന്(ജിഎസ്എഎസ്) അനുസൃതമായാണ് അംഗീകാരം. സ്‌റ്റേഡിയത്തിന്റെ അന്തിമ ഓഡിറ്റിനുശേഷം
ജിഎസ്എഎസ് ഡിസൈന്‍ ആന്റ് ബില്‍ഡ് സര്‍ട്ടിഫിക്കേഷന്‍ (ഫോര്‍സ്റ്റാര്‍ റേറ്റിങ്), ജിഎസ്എഎസ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍(ക്ലാസ് എ സ്റ്റാര്‍), ജിഎസ്എഎസ് സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ(എസ്ഇഇആര്‍) കംപ്ലയിന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ലഭിച്ചത്. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ(ഗോര്‍ഡ്) ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ മത്സരവേദികളുടെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ജിനിയര്‍ ജാസിം തെലഫാത് പറഞ്ഞു. അല്‍റയ്യാന്‍ സ്റ്റേഡിയം പദ്ധതിയുടെ തുടക്കംമുതല്‍തന്നെ സുസ്ഥിരത നിലനിര്‍ത്തുന്നുണ്ടെന്ന് സുപ്രീംകമ്മിറ്റിയുടെ സുസ്ഥിരതാ പരിസ്ഥിതി വിഭാഗം സീനിയര്‍ മാനേജര്‍ എന്‍ജിനിയര്‍ ബുദൂര്‍ അല്‍മീര്‍ പറഞ്ഞു. റയ്യാനിലെ പഴയ സ്റ്റേഡിയത്തില്‍നിന്നുള്ള വസ്തുക്കള്‍ പുനരുപയോഗിക്കുന്നുണ്ട്. കൂടാതെ അത്തരം പല വസ്തുക്കളും പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്ന് അല്‍മീര്‍ പറഞ്ഞു. 40,000 ആണ് റയ്യാന്‍ സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി. 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണിത്. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് റയ്യാന്‍ സ്റ്റേഡിയം. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍ജനൂബ്, എജ്യൂക്കേഷന്‍ സിറ്റി എന്നിവക്കുശേഷം ഔദ്യോഗികമായി തുറക്കുന്ന നാലാമത്തെ സ്‌റ്റേഡിയമായി റയ്യാന്‍ മാറും. 2022 നവംബര്‍ 21ന് ലോകകപ്പ് കിക്കോഫിന് വളരെ മുന്‍പുതന്നെ അവശേഷിക്കുന്ന മറ്റു നാലു സ്റ്റേഡിയങ്ങളായ അല്‍ഖോര്‍ അല്‍ബയ്ത്ത്, തുമാമ, റാസ് അബുഅബൗദ്, ലുസൈല്‍ എന്നിവയും തുറക്കും. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിന്റെ സൈറ്റിലാണ് റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 2022 ഖത്തര്‍ ലോകകപ്പിലെ ഏഴു മത്സരങ്ങള്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കും.
ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി 20,000ആയി കുറക്കും. മോഡുലാര്‍ അപ്പര്‍ ടയര്‍ നീക്കം ചെയ്യും. നീക്കം ചെയ്യുന്ന അധിക സീറ്റുകള്‍ വിദേശങ്ങളിലെ ഫുട്‌ബോള്‍ പദ്ധതികള്‍ക്ക് സംഭാവന ചെയ്യും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അല്‍റയ്യാന്‍ ക്ലബ്ബിന്റെ ആസ്ഥാനമായി സ്റ്റേഡിയം മാറും. നൂതനമായ മേല്‍ക്കൂര ഘടനയാണ് സ്‌റ്റേഡിയത്തിനായി വികസിപ്പിച്ചിരിക്കുന്നത്. കാണികള്‍ക്ക് ഏറ്റവും മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ക്രമീകരണങ്ങള്‍. വലിച്ചൂനീട്ടാവുന്നതും ചുരുക്കാവുന്നതുമായ മോതിര ഘടനയിലുള്ള ഖത്തറിലെ ആദ്യത്തെ കെട്ടിടനിര്‍മിതിയാണ് റയ്യാന്‍ സ്‌റ്റേഡിയത്തിന്റേത്. ഉള്ളിലെ ചുറ്റളവില്‍ തൂണുകളോ മറ്റു തടസങ്ങളോ ഇല്ല. കാണികള്‍ക്ക് സുഗമമായും യാതൊരു പ്രതിബന്ധങ്ങളില്ലാതെയും ഗ്രൗണ്ടിലെ മത്സരം ആസ്വദിക്കാനാകും. കാണികളുടെ കണ്ണിനെ പിച്ചില്‍ നിന്നും തടസപ്പെടുത്തുന്ന യാതൊന്നും ഉള്ളിലെ ചുറ്റളവിലുണ്ടാകില്ല. 48 സ്റ്റീല്‍ തൂണുകളുടെ പിന്തുണയോടെയാണ് 32,700 സ്‌ക്വയര്‍മീറ്റര്‍ മേല്‍ക്കൂര ഘടന സ്ഥാപിച്ചിരിക്കുന്നത്. പിച്ചിന്റെ പുറത്തെ ചുറ്റളവുമായി ബന്ധപ്പെടുത്തിയാണ് ഈ തൂണുകള്‍ നിലകൊള്ളുന്നത്. 68,000ലധികം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് പാകിയതിനൊപ്പം മുന്‍കൂട്ടി വാര്‍ത്തെടുത്ത 1396 ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.സൈക്കിള്‍ വീല്‍ തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് മേല്‍ക്കൂരയുടെ ഘടന തയാറാക്കിയിരിക്കുന്നത്. വലിയ ഭാരം വഹിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഭാരംകുറഞ്ഞ ഘടനയാണ് സ്റ്റേഡിയത്തിന്റേത്. കളി സ്ഥലവും വെളിച്ച വിതാനവും കൂടാതെ കളി വലിയ സ്‌ക്രീനില്‍ കാണാനുള്ള സൗകര്യവും മികച്ച ശബ്ദവിതാനവും സ്റ്റേഡിയത്തിന്റെ മുഖപ്പും ഉള്‍പ്പെടെ ചട്ടക്കൂടില്‍ നിന്നും തൂങ്ങിനില്‍ക്കുന്ന രൂപത്തിലാണുണ്ടാവുക. ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ അല്‍റിഫ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരം മാത്രമാണ് സ്റ്റേഡിയത്തിലേക്ക്. പദ്ധതിക്കായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ 50ശതമാനത്തിലധികം പ്രാദേശിക കരാറുകാരാണ് വിതരണം ചെയ്തത്. മൊത്തം വസ്തുക്കളുടെ 15 ശതമാനവും പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നാണ് ലഭിച്ചത്.

error: Content is protected !!