in

ദേശീയ മേല്‍വിലാസ നിയമം: രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയത്തിന്റെ ആഹ്വാനം

ദോഹ: ദേശീയ മേല്‍വിലാസ നിയമ പ്രകാരം ഖത്തര്‍ ഐഡിയുള്ള രാജ്യത്തെ മുഴുവന്‍ താമസക്കാരും മേല്‍വിലാസ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനോടകം പത്തുലക്ഷത്തിലധികം പേര്‍ മേല്‍വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തെ സ്വദേശികള്‍, ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍, നിയമപരമായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവരെല്ലാം ജൂലൈ 26നു മുന്‍പ് മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് 2 വിലൂടെയും രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ 90 ശതമാനം പേരും മെട്രാഷ് 2വിലൂടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാന്‍ എത്തേണ്ടതില്ല. പകരം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. മെട്രാഷ് 2ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വന്തം പേരില്‍ സിം കാര്‍ഡ് നിര്‍ബന്ധമാണ്. സ്വന്തം പേരില്‍ സിം കാര്‍ഡ് എടുക്കുകയോ അല്ലെങ്കില്‍ നിലവിലെ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റുകയോ ചെയ്യാം. 18 വയസിന് മുകളിലുള്ള എല്ലാ വ്യക്തികളും വ്യക്തിഗതമായി തന്നെ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യണം. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാവ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ആകും. ഖത്തറില്‍ താമസിക്കുന്ന വീടിന്റെ വിലാസം, മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം എന്നിവയാണ് നല്‍കേണ്ടത്. അതോറിറ്റി ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങളും നല്‍കണം.
താമസിക്കുന്ന കെട്ടിടത്തിന് മുമ്പില്‍ നഗരസഭ പതിപ്പിച്ചിരിക്കുന്ന നീല ബോര്‍ഡിലുള്ള വിലാസമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടായാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായി ടെലിഫോണില്‍ ബന്ധപ്പെടാം.
വിശുദ്ധ റമദാനില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയും സാധാരണ പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒന്നുവരെയും ബന്ധപ്പെടാം. സേവനകേന്ദ്രങ്ങളുടെ പേരും ടെലിഫോണ്‍ നമ്പരും ചുവടെ, മിസൈമീര്‍- 2350888, ദായേന്‍- 2351205, ഇന്‍ഡസ്ട്രിയല്‍ ഏരിയ- 2351151, അല്‍ഖോര്‍- 2351299, ശമാല്‍- 2351900, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍- 2350380, ഷഹാനിയ- 2352888, ഉംസലാല്‍- 2351822, വഖ്‌റ- 2351090, ദുഖാന്‍- 2353131, റയ്യാന്‍- 2350333, മീസൈദ്- 2351003, സൂഖ് വാഖിഫ്- 2340608, ഉനൈസ- 2350444, പേള്‍ ഖത്തര്‍- 2340404

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തൊഴിലാളികള്‍ക്ക് മാസ്‌ക്കില്ല; വഖ്‌റയില്‍ രണ്ടു കമ്പനികള്‍ക്കെതിരെ നടപടി

സുരക്ഷ വര്‍ധിപ്പിക്കല്‍: കര്‍വ ടാക്‌സികളില്‍ സംരക്ഷിത പ്ലാസ്റ്റിക് കവചങ്ങള്‍