
ദോഹ: ഖത്തറില്‍ ഇസ്‌ലാമിക് ബാങ്കിങ്- ധനകാര്യ മേഖല വളര്‍ച്ചയുടെ പാതയില്‍. ഇസ്‌ലാമിക് ഫിനാന്‍സ് അതിവേഗം വളരുന്ന മേഖലകളിലൊന്നായി കണക്കാപ്പെടുന്നതിനാല്‍ നിരവധി രാജ്യങ്ങള്‍ പ്രമുഖ മേഖലാ, ആഗോള ഇസ്‌ലാമിക് ഫിനാന്‍സ് ഹബ്ബുകളായി മാറാന്‍ ശ്രമിക്കുന്നുണ്ട്. ഖത്തര്‍ അതിവേഗം ഇസ്‌ലാമിക് ഫിനാന്‍സ് വ്യവസായം വികസിപ്പിക്കുകയും ഈ മേഖലയുടെ ഒരു പ്രധാന കേന്ദ്രമായി മാറുകയും ചെയ്യുന്നുണ്ട്.
ഖത്തറിനെ പരസ്പര ബന്ധിത ഇസ്‌ലാമിക് ഫിനാന്‍സ് ഹബ് ആക്കുന്നതില്‍ രാജ്യത്തെ ഇസ്‌ലാമിക് ബാങ്കിംഗ് മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും ഇസ്‌ലാമിക് ബാങ്കുകള്‍ എല്ലാ നടപടികളും സ്വീകരിക്കുന്നു. ചടുലതയും വഴക്കവും പ്രകടമാക്കിക്കൊണ്ട് ഉപഭോക്തൃ കേന്ദ്രീകൃത നിരവധി പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും ഈ ബാങ്കുകള്‍ തുടക്കംകുറിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതിനൊപ്പം പ്രവര്‍ത്തനച്ചെലവ് കുറക്കുന്നതിനും പര്യാപ്തമായ നൂതന സാങ്കേതികവിദയകള്‍ പ്രയോഗവല്‍ക്കരിക്കുന്നതിലും ഖത്തറിലെ ഇസ്‌ലാമിക് ബാങ്കുകള്‍ മുന്‍പന്തിയിലാണെന്ന് ഈ മേഖലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ഖത്തരി ഇസ്‌ലാമിക് ബാങ്കുകള്‍ സ്വന്തമായി ഡിജിറ്റല്‍ പരിഹാരങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഇതിലൂടെ ഇസ്‌ലാമിക് ഫിന്‍ടെക് ഹബ് ആകാന്‍ ഖത്തറിന് സാധിക്കുകയും ചെയ്യുന്നു.ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിങ് സേവനത്തിനും തുടക്കംകുറിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ ബാങ്കിന്റെ ആപ്ലിക്കേഷന്‍ മുഖേന സുഗമമായി അക്കൗണ്ട് തുറക്കാനാകും. ഖത്തറില്‍ പതിമൂന്ന് പരമ്പരാഗത ബാങ്കുകളും നാല് പൂര്‍ണ ഇസ്‌ലാമിക് ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറില്‍ ഊര്‍ജ കേന്ദ്രീകൃത ഇസ്‌ലാമിക് ബാങ്ക് 2019ല്‍ പ്രഖ്യാപിച്ചു. ഊര്‍ജ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക് ബാങ്കായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊര്‍ജപദ്ധതികള്‍ക്ക് ഫണ്ടിങ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ കീഴിലാണ് പത്തു ബില്യണ്‍ ഡോളര്‍ മൂലധനത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ആഗോള ഊര്‍ജവിപണിയില്‍ ഖത്തറിന്റെ ശക്തമായ സാന്നിധ്യം മുതലെടുക്കാന്‍ ഈ ബാങ്കിന് സാധിക്കും.
ആദ്യ പകുതി അവസാനത്തോടെ ഖത്തറിലെ ആകെ വാണിജ്യ ബാങ്കിങ് ആസ്തി 400 ബില്യണ്‍ ഡോളറായിരുന്നുവെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യുഎഫ്‌സി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്തിയുടെ കാര്യത്തില്‍ ഖത്തറിലെ ഇസ്‌ലാമിക് ഫിനാന്‍സ് വ്യവസായത്തിന്റെ 82 ശതമാനവും ഇസ് ലാമിക് ബാങ്കിങിലൂടെയാണ്. ആഭ്യന്തര ഉപഭോക്താക്കള്‍ക്കു പുറമെ വിദേശ ഉപഭോക്താക്കള്‍ക്കുപോലും ഖത്തറിന്റ ഇസ്‌ലാമിക് ബാങ്കിങില്‍ വിശ്വാസം വര്‍ധിച്ചുവരികയാണ്. ഖത്തറിലെ ഇസ്‌ലാമിക് ബാങ്കുകള്‍ തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലകള്‍ സജീവമായി വികസിപ്പിക്കുകയും യുകെ, മൊറോക്കോ പോലുള്ള ഇസ്ലാമിക് ധനകാര്യ വിപണികളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഇസ് ലാമിക് ബാങ്കിങ് മേഖലയെ പിന്തുണക്കാന്‍ രാജ്യത്ത് ഇസ് ലാമിക് ധനകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇത്തരത്തിലുള്ള എട്ട് പ്രധാന സ്ഥാപനങ്ങളാണ് ഖത്തറിലുള്ളത്. ഈ സ്ഥാപനങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ്, ഇസ്‌ലാമിക് കര്‍മ്മശാസ്ത്രം പോലുള്ള ഇസ്‌ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോഴ്സുകള്‍, ബിരുദങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. സുകുക്, ഇസ്‌ലാമിക് ബാങ്കിങ്, ഇസ്‌ലാമിക് അക്കൗണ്ടിങ്, ഇസ്‌ലാമിക നിയമപരമായ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെ 2016 നും 2018 നും ഇടയില്‍ ഖത്തറിലെ സര്‍വകലാശാലകളും അനുബന്ധ സ്ഥാപനങ്ങളും ഇസ്‌ലാമിക് ധനകാര്യത്തെക്കുറിച്ച് 30 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.
സമൂഹത്തില്‍ അവബോധം വര്‍ദ്ധിക്കുന്നത് ഈ മേഖലയെ കൂടുതല്‍ ഉയര്‍ത്തുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ഇസ്‌ലാമിക് ധനകാര്യസ്ഥാപനങ്ങളുടെ ആസ്തിയില്‍ വലിയതോതിലുള്ള വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറില്‍ ഇസ്‌ലാമിക ധനകാര്യസ്ഥാപനങ്ങള്‍ വലിയ പുരോഗതി സ്വന്തമാക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ച്ച കൈവരിക്കുന്ന ഇസ്‌ലാമിക് സാമ്പത്തിക മേഖലകളിലൊന്ന് ഖത്തറിന്റേതാണെന്ന് വിവിധ ആഗോള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ വികസനപദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.