- 2 മരണം
- 10 പേര്‍ക്ക് പരുക്ക്

ദോഹ/വെബ്‌ഡെസ്‌ക്: ലോകാടിസ്ഥാനത്തില്‍ തന്നെ യുദ്ധമുഖത്തും കാരുണ്യപ്രവര്‍ത്തനങ്ങളിലും ആശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനത്തിന് നേരേയും ഇസ്രായേല്‍ ക്രൂരത. ഇസ്രാഈല്‍ ഷെല്ലാക്രമണത്തില്‍ തങ്ങളുടെ ഗസ്സയിലെ ആസ്ഥാനം തകര്‍ന്നതായി റെഡ് ക്രസന്റ് സൊസൈറ്റി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു ആക്രമണത്തില്‍ ഖത്തറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗസ്സയിലെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ആശുപത്രിയുടെ വിവിധ ഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. റെഡ്ക്രസന്റ് സൊസൈറ്റി ആസ്ഥാന ഓഫീസാക്രമണത്തില്‍ 2 ഫലസ്തീന്‍ സ്വദേശികള്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.aljazeera.com/amp/news/2021/5/17/israel-launches-heavier-raids-in-second-week-of-gaza-bombing
ഖത്തര്‍ സര്‍ക്കാറിന്റെ കീഴിലുള്ള റെഡ്ക്രസന്റ് സൊസൈറ്റി വഴി അനേകം ലോകരാജ്യങ്ങള്‍ക്കാണ് വിവിധ സഹായങ്ങള്‍ എത്തിക്കുന്നത്. ഖത്തറിന് കീഴില്‍ ഗസ്സ പുനര്‍നിര്‍മാണ കമ്മിറ്റിയും
പ്രവര്‍ത്തിക്കുന്നു. ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം നേരിടുന്ന ഫലസ്തീന് അടിയന്തര സഹായമായി ഖത്തര്‍
റെഡ്ക്രസന്റ് സൊസൈറ്റി ഒരു മില്യന്‍ ഡോളര്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുടനെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ഖത്തറില്‍ ആയിരങ്ങള്‍ പങ്കെടുത്ത വന്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യസംഗമവും നടക്കുകയുണ്ടായി. ഹമാസ് രാഷ്ട്രീയ കാര്യതലവന്‍ ഡോ. ഇസ്മാഈല്‍ ഹനിയ്യ ഉള്‍പ്പെടെ പ്രമുഖരാണ് സംഗമത്തില്‍ അണിനിരന്നത്.
ഫലസ്തീന്‍ സഹായം തുടരുമെന്ന് ഖത്തര്‍
ആശുപത്രിക്കും റെഡ്ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിനും നേരെ നടന്ന ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ബോംബാക്രമണം നടത്തിയ ഇസ്രാഈല്‍ നടപടി അപലപനീയമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഫലസ്തീന്റെ അവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഇനിയും കൂടെയുണ്ടാകുമെന്നും സഹായങ്ങള്‍ തുടരുമെന്നും ഖത്തര്‍ ഔദ്യോഗിക പ്രതികരണത്തില്‍ അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം അല്‍ജസീറ ചാനലിന്റെയും അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെയും ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ഛയവും ഇസ്രായേല്‍ തകര്‍ത്തിരുന്നു.