Tuesday, July 7ESTD 1934

നിറങ്ങളോട് യാത്രപറഞ്ഞ് ജബ്ബാര്‍ കേച്ചേരി, മരണം കുടുംബം ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലെത്തിയ ദിവസം

ജബ്ബാര്‍ കേച്ചേരി, ഓയില്‍ പെയിന്റില്‍ തീര്‍ത്ത ചിത്രങ്ങള്‍ക്കൊപ്പം ജബ്ബാര്‍ (ഫയല്‍ ചിത്രം)

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി ചിത്രകാരന്‍ ജബ്ബാര്‍ കേച്ചേരി(68) നിര്യാതനായി. കോവിഡ് 19 ബാധിച്ച് 20 ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ഖത്തര്‍ പ്രവാസിയാണ്. കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്കും കോവിഡ് സ് ഥിരീകരിച്ചിരുന്നു. ഭാര്യയും മക്കളുമടങ്ങുന്നവര്‍ ക്വാറൈന്റന്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ദിവസമാണ് ജബ്ബാറിന്റെ വിയോഗ വിവരം ഇവരെ തേടിയെത്തിയത്.  
തൃശൂര്‍ കേച്ചേരി മുസ്ലിയാംവീട്ടില്‍  കുഞ്ഞി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ എന്ന ജബ്ബാര്‍ കേച്ചേരി വരച്ചിട്ട ദോഹയുടെ നിറക്കാഴ്ചക്കളുടെ വിവിധങ്ങളായ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദോഹ നഗരസഭാ ജീവനക്കാരനായിരുന്ന ജബ്ബാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ചിത്രരചനയില്‍ സീജവമായത്.  
ഖത്തര്‍ ഭരണാധികാരികളായിരുന്ന ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടേയും ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടേയും വലിയ ചിത്രങ്ങള്‍ ഓയില്‍ പെയിന്റില്‍ വരച്ച് നേരിട്ട് കൈമാറാന്‍ ജബ്ബാറിന് ഭാഗ്യം ലഭിച്ചിരുന്നു. ഖത്തറിലെ നിരവധി ഉന്നത വ്യക്തികളുമായി വരയിലൂടെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഫനാര്‍ തുടങ്ങി ഖത്തറിന്റെ ഭൂരിഭാഗം ചരിത്ര, സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളെല്ലാം ജബ്ബാറിന്റെ വിരല്‍ തുമ്പിലെ മനോഹര ചിത്രങ്ങളായിരുന്നു.
ഷാജിതയാണ് ഭാര്യ. മക്കള്‍: റീജ (ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ദോഹ), ഷീജ (ദുബായ്), അജ്‌നാസ് (ആംബുലന്‍സ് വിഭാഗം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ദോഹ), അജ്മല്‍ (എച്ച്ആര്‍ വിഭാഗം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ദോഹ), ഹനാന്‍ (എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥിനി, ദോഹ). മൃതദേഹം കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരം കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബുഹമൂറിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു

error: Content is protected !!