
ദോഹ: പേള്‍ ഖത്തറിനു സമീപത്തായി നടപ്പാക്കുന്ന പുതിയ ജിവാന്‍ ദ്വീപ് പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ദ്വീപിലെ മുഖ്യ ആകര്‍ഷക കേന്ദ്രങ്ങളിലൊന്നായ ക്രിസ്റ്റല്‍ റസിഡന്‍സിലെ 15 വിവിധോദ്ദേശ്യ കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാലാവസ്ഥക്ക് അനുയോജ്യമായതും പരിസ്ഥിതി സൗഹൃദമായതുമായ ക്രിസ്റ്റല്‍ നടപ്പാതയാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷത. ജിവാന്‍ ദ്വീപിലെ വാണിജ്യ പാര്‍പ്പിട ജില്ലയിലെ ദ്വീപിന്റെ ഹൃദയഭാഗത്താണ് ക്രിസ്റ്റല്‍ റസിഡന്‍സ്.
ദ്വീപിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒന്നര ബില്യണ്‍ റിയാലിന്റെ വികസന കരാറുകള്‍ യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി അനുവദിച്ചിരുന്നു. പേള്‍ഖത്തറിന്റെയും ജിവാന്‍ ദ്വീപിന്റെയും മാസ്റ്റര്‍ ഡെവലപറായ യുഡിസി ഖത്തറിലെ പ്രമുഖ പൊതു ഓഹരിപങ്കാളിത്ത കമ്പനിയാണ്. ജിവാന്‍ ദ്വീപിന്റെ ബില്‍ഡിങ്, ലാന്‍ഡ്‌സ്‌കേപ്പ് പാക്കേജ് അനുവദിച്ചിരിക്കുന്നത് ചൈന റെയില്‍വെ 18-ാം ബ്യൂറോക്കാണ്. ദ്വീപിന്റെ അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ക്കായി നവയുഗ എന്‍ജിനിയറിങ് കമ്പനിയെ തുല്യമായി ചുമതലപ്പെടുത്തി. 2022ല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നു മുതല്‍ നാലുവരെ ബെഡ്റൂമുകളുള്ള 586 പാര്‍പ്പിട യൂണിറ്റുകളും 101 പൊതു റീട്ടെയ്ല്‍, വിനോദ, ഡൈനിങ് ശാഖകളും ക്രിസ്റ്റല്‍ റഡിസന്‍സ് പദ്ധതിയിലുണ്ടാകും. ഒപ്പം, താമസക്കാര്‍ക്ക് റസിഡന്‍സില്‍ 1,456 കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിവാന്‍ ദ്വീപ് പദ്ധതിയിലെ ബില്‍ഡിങ്- ലാന്‍ഡ്‌സ്‌കേപ്പ് പാക്കേജില്‍ റോഡുകളുടെയും റോഡ് കണക്ഷനുകളുടെയും വികസനം, ദ്വീപിന്റെ ക്ലബ്ഹൗസ്, പ്രാര്‍ത്ഥന മുറികള്‍, കൂടാതെ 20 കടല്‍ത്തീര വില്ലകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രവേശനപാലത്തിന്റെ നിര്‍മാണത്തിനായുള്ള കരാര്‍ മിഡ്മാക്- പോര്‍ എന്നിവയുള്‍പ്പെട്ട സംയുക്ത സംരംഭത്തിനാണ്. കേബിളുകളില്‍ തൂങ്ങിയുള്ള പാലത്തിന്റെ നിര്‍മാണം ഈ സംയുക്ത സംരംഭത്തിനായിരിക്കും. 250 മീറ്റര്‍ നീളമുള്ള പാലം, പേള്‍-ഖത്തറിന്റെ ബൊളിവാര്‍ഡിന് 43 മീറ്റര്‍ ഉയരത്തില്‍ രണ്ട് പൈലോണുകളിലായിരിക്കും സ്ഥിതി ചെയ്യുക. ലുസൈല്‍ എക്‌സ്പ്രസ് വേയെയും പേള്‍-ഖത്തറിന്റെ ബൊളിവാര്‍ഡിനെയും ജിവാന്‍ ദ്വീപുമായി ബന്ധിപ്പിക്കും. പാലത്തിലും രണ്ട് പൈലോണുകളിലും അലങ്കാരങ്ങള്‍, അലങ്കാര ലൈറ്റിംഗ്, റോസ് ഗോള്‍ഡ് ഫിനിഷുകള്‍ എന്നിവ ഉള്‍പ്പെടും.
നാലു ലക്ഷം സ്‌ക്വയര്‍മീറ്ററിലായി നടപ്പാക്കുന്ന ജിവാന്‍ ദ്വീപ് പദ്ധതിയില്‍ 3.88ലക്ഷം സ്‌ക്വയര്‍മീറ്ററാണ് നിര്‍മാണമേഖല. 3500 താമസക്കാരെയും പ്രതിദിനം 3000 സന്ദര്‍ശകരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടാകും. ദ്വീപില്‍ 639 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പടെ 712 യൂണിറ്റുകളുണ്ടാകുംയ 41 ജലധാരകളുടെ അകമ്പടിയോടെയുള്ള വില്ലകളും(20 എണ്ണം സ്റ്റാന്റ്എലോണ്‍ വില്ലകള്‍) ബീച്ചിന് അഭിമുഖമായ 26 വില്ലകളും ആറു ദ്വീപ് വില്ലകളുമുണ്ടാകും. ഇതിനു പുറമെ 11,000 സ്‌ക്വയര്‍ മീറ്റര്‍ റീട്ടെയ്ല്‍ സ്ഥലങ്ങളും റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുമുണ്ടാകും.
ഖത്തറിന്റെ മറൈന്‍ പൈതൃകം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഡിസൈന്‍. തീം പാര്‍ക്ക്, എസി ഔട്ട്‌ഡോര്‍ ക്രിസ്റ്റല്‍ ബോര്‍ഡ് വാക്ക്, ഹരിതപാര്‍ക്ക്, വാട്ടര്‍ഫ്രണ്ട് റീട്ടെയ്ല്‍ എസ്പ്ലനേഡ്, വിനോദ സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് ഹബ്, പള്ളി എന്നിവയും ദ്വീപിലുണ്ടാകും.