
ഔദ്യോഗിക അറിയിപ്പു ലഭിച്ചാല്‍ പരിഹാരം തേടുമെന്ന് എംബസി
അശ്‌റഫ് തൂണേരി/ദോഹ:
ഇന്ത്യയിലെ വ്യത്യസ്ത എഞ്ചിനീയറിംഗ് കോളെജുകളിലേക്കും ഐ ഐ ടി, എന്‍ ഐ ടി ഉള്‍പ്പെടെ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെ ഇ ഇ) എഴുതാനിരിക്കുന്ന ഖത്തറിലെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) ദോഹയിലെ കേന്ദ്രമായി നിര്‍ദ്ദേശിച്ച ഫാമിലി കമ്പ്യൂട്ടര്‍ സെന്റര്‍ അധികൃതര്‍ പരീക്ഷ നടത്താനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ലെന്നും അവസാന ദിനങ്ങളില്‍ അറിയിച്ചതോടെയാണ് നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. 2020 സപ്തംബര്‍ 2, 3 തീയ്യതികളിലാണ് പരീക്ഷ നടക്കേണ്ടത്. പരീക്ഷക്കായുള്ള പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഖത്തറിലെ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോള്‍ നിരാശാജനകമായ മറുപടിയാണുണ്ടായത്. ”ഫാമിലി കമ്പ്യൂട്ടര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് നടത്താനാവില്ലെന്ന് അറിയിച്ചെന്നാണ് പറയുന്നത്. ഖത്തറില്‍ മന്ത്രാലയത്തിന്റെ അനുമതിയുള്‍പ്പെടെ വേണമെന്നും ഇക്കാര്യം ആദ്യമേ പറഞ്ഞിരുന്നുവെന്നും ഇവര്‍ വിശദീകരിക്കുകയുണ്ടായി.” പരീക്ഷയെഴുതുന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ ഡോ.അന്‍വര്‍ സാദത്ത് വ്യക്തമാക്കി.
അതേസമയം ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയിന്‍) പരീക്ഷയുടെ കേന്ദ്രം ഫാമിലി കമ്പ്യൂട്ടര്‍ സെന്റര്‍ തന്നെയാണെന്ന ഔദ്യോഗിക വിവരമല്ലാതെ അവര്‍ നടത്താനാവില്ലെന്ന് രേഖാമൂലം കേന്ദ്ര അധികൃതരെ അറിയിച്ചതായി കരുതുന്നില്ലെന്ന് വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതലയുള്ള ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ദ്വിവേദി പറഞ്ഞു. നടത്താനാവാത്ത സാഹചര്യമുണ്ടായാല്‍ അക്കാര്യത്തില്‍ പരിഹാരത്തിനു ശ്രമിക്കുമെന്നും പ്രയാസമറിയിച്ച് രക്ഷിതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യെ അറിയിച്ചു.
ഉത്തരവാദിത്തമില്ലാതെ സമീപിക്കുന്നത് ശരിയല്ല
”ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പോലെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ ഒരു പരീക്ഷയെ ഇന്ത്യയിലേയും ദോഹയിലേയും ബന്ധപ്പെട്ടവര്‍ തികച്ചും നിസാരമായി കണ്ടും ഉത്തരവാദിത്തമില്ലാതെയും സമീപിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ദോഹയിലെ പരീക്ഷാ കേന്ദ്രവും എംബസി അധികൃതരും ക്രിയാത്മകമായ പരിഹാരത്തിനു ശ്രമിക്കണം. മാതാപിതാക്കള്‍ തികച്ചും നിരാശയിലായിരിക്കുകയാണ്.”-സിജി ഖത്തര്‍ കരിയര്‍ കോഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ യു.എം പറഞ്ഞു.രണ്ടു വര്‍ഷത്തോളം കഠിന പരിശ്രമം നടത്തിയ ശേഷം പരീക്ഷയെ അഭിമുഖീകരിക്കാനിരിക്കുന്ന കുട്ടികളുടെ ഭാവിയാണ് തുലാസിലാവുന്നതെന്നും ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ എടുത്തുപറയുന്നു.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും ഇടനിലക്കാര്‍; ‘പരിമിത സൗകര്യമുള്ള’ ഫാമിലിക്ക് അവസരം നല്‍കിയത് കോയമ്പത്തൂര്‍ ഏജന്‍സി
ദോഹ: ഫാമിലി കമ്പ്യൂട്ടറിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നേരിട്ടല്ല കേന്ദ്രം അനുവദിച്ചതെന്നും കോയമ്പത്തൂരിലുള്ള വിദ്യാഭ്യാസ ഏജന്‍സി മുഖേനയാണെന്നും ഫാമിലി കമ്പ്യുട്ടര്‍ അധികൃതരുടെ തന്നെ വെളിപ്പെടുത്തല്‍. ”കോയമ്പത്തൂരിലുള്ള ഏജന്‍സിയുടെ പല പരീക്ഷകളും തങ്ങള്‍ നടത്തുന്നതിനാല്‍ അവര്‍ മുഖേനയാണ് ഇത്തരമൊരു അവസരമുണ്ടായത്. പക്ഷെ ആദ്യം തന്നെ നടത്താനാവുമോ എന്ന ആശങ്കയുണ്ടെന്നും ഖത്തറില്‍ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും പറഞ്ഞിരുന്നു. തങ്ങള്‍ക്ക് നടത്താനാവില്ലെന്ന് കോയമ്പത്തൂരിലെ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.” – ഒരു രക്ഷിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ ഫാമിലി കമ്പ്യൂട്ടര്‍ ഓഫീസ് പ്രതിനിധി വിശദീകരിക്കുകയുണ്ടായി. നടത്താനാവില്ലെന്ന് ഉറപ്പുപോലുമില്ലാത്ത ഒരു കേന്ദ്രമാണോ ഇത്തരം പ്രാധാന്യമുള്ള പരീക്ഷക്ക് തെരെഞ്ഞെടുക്കേണ്ടതെന്ന ചോദ്യമാണ് വിവിധ ദിക്കുകളില്‍ നിന്നുയരുന്നത്.
അതിനിടെ ഫാമിലി കമ്പ്യൂട്ടര്‍ സെന്ററില്‍ 15-ഓളം കമ്പ്യൂട്ടര്‍ മാത്രമേ ഉള്ളൂവെന്നും കോവിഡ് മാനദണ്ഢങ്ങള്‍ക്കനുസരിച്ച് പരീക്ഷ നടത്തുകയാണെങ്കില്‍ 4-5 പേര്‍ക്ക് മാത്രമേ ഒരു സമയം പരീക്ഷയെഴുതാനാവൂ എന്നതും പ്രതിസന്ധിയുയര്‍ത്തുന്നതാണെന്നും സിജി ഖത്തര്‍ അധികൃതര്‍ പറഞ്ഞു. ജനുവരിയില്‍ ബിര്‍ള പബ്ലിക് സ്‌കൂളിലായിരുന്നു ജെ.ഇ പരീക്ഷ നടന്നിരുന്നത്. വിശാലമായ കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെ സംവിധാനം അവിടെയുള്ളതിനാല്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.