Tuesday, July 7ESTD 1934

ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ ജൂലൈയിലെ പരിപാടികള്‍ പ്രഖ്യാപിച്ചു

ദോഹ: ജൂലൈയില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ കയ്യെഴുത്ത്പ്രതികള്‍, ശാസ്ത്ര സമ്പുഷ്ടീകരണം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ നടക്കും. എല്ലാ പ്രായത്തിലുമുള്ളവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി സമഗ്രവും ആകര്‍ഷകവുമായ ഓണ്‍ലൈന്‍ പരിപാടികളാണ് ജൂലൈയിലുടനീളം ലൈബ്രറിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ കയ്യെഴുത്തുപ്രതികളുടെ ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ ചരിത്രകൃതികളെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ ആദ്യപരിപാടി ജൂലൈ ഒന്നിന് നടക്കും.
പൈതൃക ലൈബ്രറിയുടെ ഡിജിറ്റല്‍, വെര്‍ച്വല്‍ സേവനങ്ങളോടൊപ്പം സമ്പന്നമായ ശേഖരം പര്യവേക്ഷണം ചെയ്യുന്നതിനുള്ള മികച്ച അവസരം ഈ സീരീസ് നല്‍കുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ പൈതൃക, അപൂര്‍വ പുസ്തക ഉപദേഷ്ടാവ് മുഹമ്മദ് ഹമ്മാം ഫിക്രി ആമുഖ പ്രഭാഷണം നടത്തും. പൈതൃക ലൈബ്രറിയുടെ ചരിത്രം, അടിത്തറ, ശേഖരത്തിന്റെ വികാസം എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം സമഗ്രമായി വിശദീകരിക്കും. ലൈബ്രറിയിലെ കയ്യെഴുത്ത് പ്രതികളുടെ ലൈബ്രേറിയന്‍ മഹമ്മൂദ് സാക്കി മോഡറേറ്റ് ചെയ്യും. കയ്യെഴുത്ത് പ്രതികളെയും അപൂര്‍വമായ പുസ്തകശേഖരങ്ങളെയും പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും. നമ്മുടെ കുട്ടികള്‍ക്കുള്ള വിഷയം എന്ന പേരിലുള്ള ലൈബ്രറിയുടെ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഡോ.ജാസിം അല്‍മുതാവയുടെ പുസ്തകത്തെ ആധാരമാക്കിയുള്ള പ്രഭാഷണം നടക്കും.
കുട്ടികളെ സംബന്ധിച്ച വിദ്യാഭ്യാസ സിദ്ധാന്തങ്ങളും പെരുമാറ്റ രീതികളും ഡോ. ജാസിം അവതരിപ്പിക്കും. അതോടൊപ്പം ഈ സ്വഭാവങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നല്ല രീതികളുടെ രൂപരേഖയും അദ്ദേഹം വിശദീകരിക്കും. യുവജനങ്ങള്‍ക്കായുള്ള വിര്‍ച്വല്‍ ക്യാമ്പിന്റെ ഭാഗമായി ജൂലൈ ഏഴിന് പ്രത്യേകപരിപാടി സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സ്വന്തം വെബ്‌സൈറ്റ് എങ്ങനെ രൂപകല്‍പ്പന ചെയ്യാമെന്ന് മനസിലാക്കാനാകും. കൗമാരക്കാര്‍ക്ക് അടിസ്ഥാന വെബ് വികസനത്തെക്കുറിച്ച് അവബോധം നല്‍കുകയാണ് ലക്ഷ്യം. ഭാവിയിലെ ഡിജിറ്റല്‍ ഡവലപ്പര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ഇത്തരം പരിപാടികള്‍ സുപ്രധാന സംഭാവനകള്‍ നല്‍കും. പ്രൊഫഷണല്‍ വെബ്‌സൈറ്റ് നിര്‍മിക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധര്‍ ഇവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കും.
വിര്‍ച്വല്‍ ക്യാമ്പിന്റെ ഭാഗമായ ജൂലൈ എട്ടിന് ഖത്തര്‍ സയന്റിഫിക് ക്ലബുമായി സഹകരിച്ച് യുവജനങ്ങള്‍ക്ക് സയന്‍സ് ഷോയില്‍ ചേരാം. വിദഗ്ദ്ധനായ ഇന്‍സ്ട്രക്ടര്‍ അബ്ദുല്‍ഹായ് ബിന്‍ അലി അല്‍ കിസാനി അവതരിപ്പിക്കുന്ന വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.
ഷോയുടെ അവസാനം ഒരു ചോദ്യോത്തര സെഷന്‍ നടക്കും. മികച്ച ചോദ്യം ചോദിക്കുന്ന വ്യക്തിക്ക് അതിശയകരമായ സമ്മാനം ലഭിക്കും. ജൂലൈ 13ന് ഖത്തര്‍ സയന്റിഫിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലളിതമായ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തും. പോളിമറൈസേഷന്‍, സാന്ദ്രത, ദ്രാവകത്തിലെ മര്‍ദ്ദം തുടങ്ങിയ ശാസ്ത്രീയ ആശയങ്ങള്‍ വിശദീകരിക്കാന്‍ സഹായിക്കുന്നതാണ് ഈ പരീക്ഷണങ്ങള്‍. പങ്കെടുക്കുന്നവര്‍ക്ക് ഇന്‍സ്ട്രക്ടറുമായി പരീക്ഷണങ്ങള്‍ നടത്താന്‍ അവസരമുണ്ടാകും. ഇതിനാവശ്യമായ ഉത്പന്നങ്ങളെക്കുറിച്ചുള്ള ഇമെയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. ജൂലൈ പതിനൊന്നിന് ഫിലിം ടോക്ക് സംഘടിപ്പിക്കും. ചലച്ചിത്രപ്രേമികളായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിലൂടെയാണ് ടോക്ക്. ഖത്തരി ചലച്ചിത്ര നിര്‍മ്മാതാവ് ഖലീഫ അല്‍മര്‍റി ഒരു ചലച്ചിത്ര സംവിധായകനാകനെന്ന നിലയില്‍ തന്റെ വിജയകരമായ യാത്രയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് അത് എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചും സംസാരിക്കും.

error: Content is protected !!