
ദോഹ: മികച്ച ഊര്‍ജ്ജ പരിപാലനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ സ്മാര്‍ട്ട് മീറ്ററുകള്‍ വ്യാപകമാക്കുന്നു. വര്‍ഷാവസാനത്തോടെ രാജ്യത്ത് 60,000 സ്മാര്‍ട്ട് ഇലക്ട്രിസിറ്റി, വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റാമ) അറിയിച്ചു.
നൂതനമായ മീറ്ററിങ് അടിസ്ഥാനസൗകര്യ പദ്ധതിക്കൊപ്പം ഉപഭോക്താക്കളുടെ ഇടപഴകല്‍ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ഉപഭോഗം നിരീക്ഷിക്കുന്നതിനും സ്മാര്‍ട്ട് മീറ്ററുകളിലൂടെ പ്രീ-പേയ്‌മെന്റ് നടത്താനും സാധിക്കും. ജര്‍മ്മന്‍ കമ്പനിയായ സീമെന്‍സുമായി ചേര്‍ന്ന് നൂതന മീറ്ററിങ് അടിസ്ഥാനസൗകര്യ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതായി കഹ്‌റാമ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫൈബര്‍ ഒപ്റ്റിക്‌സ് ഉള്‍പ്പെടെ ഒന്നിലധികം സ്മാര്‍ട്ട് സാങ്കേതികവിദ്യകളുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ ഗ്രിഡില്‍ സ്ഥാപിച്ചിട്ടുണ്ട്. ഖത്തറിന്റെ കാലാവസ്ഥ, ഊര്‍ജ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഊര്‍ജപരിവര്‍ത്തനത്തിന്റെ പ്രധാന ഘടകമാണ് മിച്ചതവും നൂതനവുമായ ഗ്രിഡുകള്‍.
ടെക്‌സസ് എ ആന്റ്് എം എന്‍ജിനിയറിങ് എക്‌സ്പിരിമെന്റ് സ്റ്റേഷന്‍, ടെക്‌സാസ് എ ആന്റ്് എം എന്നിവയുമായി സഹകരിച്ച് കഹ്റമ സ്മാര്‍ട്ട് ഗ്രിഡ് റോഡ്മാപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2026ഓടെ ഓഹരിപങ്കാളികള്‍ക്കുള്‍പ്പടെ വിശ്വസനീയവും ഗുണപരവുമായ ഊര്‍ജം ലഭ്യമാക്കത്തക്കവിധത്തില്‍ ഖത്തറിന്റെ ഗ്രിജിനെ സുരക്ഷിതവും സുസ്ഥിരവും ഡിജിറ്റല്‍ പ്രവര്‍ത്തനക്ഷമവുമായ ഗ്രിഡാക്കിമാറ്റുകയെന്നതാണ് കഹ്‌റമയുടെ സ്മാര്‍ട്ട് ഗ്രിഡ് കാഴ്ചപ്പാട്. അതേസമയം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ആകെ ചെലവ് മുപ്പത് മില്യണ്‍ ഖത്തര്‍ റിയാലാണ്.
പദ്ധതി നടപ്പാക്കാന്‍ ഒന്‍പത് മാസമെടുക്കും. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തുടനീളം വിവിധ മേഖലകളിലായി 50,000 മുതല്‍ 60,000 വരെ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. ഈ സംവിധാനം മാലിന്യങ്ങള്‍ കുറക്കുന്നതിനുള്ള കഹ്റാമയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. ഒപ്പം ഉപഭോഗ വിശദാംശങ്ങള്‍ കൃത്യമായും, എപ്പോള്‍ വേണമെങ്കിലും നിരീക്ഷിക്കാനുമാകും. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതോടെ വൈദ്യുതി, വെള്ളം, പ്രകൃതിവാതകം എന്നിവയുടെ ഉപഭോഗം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ മനസിലാക്കാനും കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും സഹായിക്കും. വൈദ്യുതി ദുരുപയോഗം തടയുന്നതിനും കുടിശ്ശികവരുത്താതെ ഈടാക്കുന്നതിനും സ്മാര്‍ട്ട് മീറ്ററുകള്‍ സഹായകമാകും.
ഖത്തറിന്റെ ഊര്‍ജ്ജമേഖലയില്‍ സ്മാര്‍ട്ട് എനര്‍ജി പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ട്. സ്മാര്‍ട്ട് ഗ്രിഡില്‍ അധിഷ്ടിതമായ സാങ്കേതിക സംവിധാനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നു. ആശയ വിനിമയങ്ങള്‍ സാദ്ധ്യമാകുകയും അതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനനിരതമാകുകയും ചെയ്യുന്ന ഡിജിറ്റല്‍ വല്‍ക്കരിക്കപ്പെട്ട ഇന്റലിജന്റ് ഇലക്ട്രിക്കല്‍ ഗ്രിഡ് ആണ് സ്മാര്‍ട്ട് ഗ്രിഡ്. ഇത് ഉത്പാദകന്റേയും ഉപഭോക്താവിന്റേയും ആവശ്യങ്ങളേയും സ്വഭാവങ്ങളേയും തിരിച്ചറിയാന്‍ സഹായിക്കുന്നു. കൂടാതെ തുടര്‍ച്ചയായ മാനുഷിക ഇടപെടലുകളുടെ അവശ്യകത ഒഴിവാക്കി ഊര്‍ജ്ജ സംവിധാനത്തിന്റെ കാര്യക്ഷമതയും വിശ്വാസൃതയും നിലനില്‍പ്പും വര്‍ദ്ധിപ്പിക്കുന്നു. പവര്‍ഹൗസ് മുതല്‍ എനര്‍ജിമീറ്റര്‍ വരെയുള്ള ഒരു യൂട്ടിലിറ്റിയുടെ മുഴുവന്‍ ഭാഗങ്ങളുടേയും ഓട്ടമേഷനില്‍ തുടങ്ങി ഉപഭോക്താവിന്റെ പക്കലുള്ള ഇന്റര്‍നെറ്റ് എനേബിള്‍ഡ് ഡിവൈസുകള്‍ വരെ വ്യാപിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനമേഖല.നെറ്റില്‍ അഥവാ ഗ്രിഡില്‍ ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഓരോ യൂണിറ്റുകളും അവരുടെ താത്പര്യമനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നു.
വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും സൌരോര്‍ജ്ജം, കാറ്റ്, ബയോഗ്യാസ് തുടങ്ങിയ പാരമ്പര്യേതര സ്രോതസ്സുകളേയോ പാരമ്പര്യ സ്രോതസ്സുകളെ തന്നെയോ അവരുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ബാക്കിവരുന്ന വൈദ്യുതി ഗ്രിഡിലൂടെ വില്‍ക്കുകയോ പോരാതെ വരുന്നത് വാങ്ങുകയോ ഒക്കെചെയ്യുന്ന ഒരു തുറന്ന ഊര്‍ജ്ജവിപണിയാണ് സ്മാര്‍ട്ട് ഗ്രിഡ്.