Saturday, August 15ESTD 1934

കരണ്ടോത്ത് മൂസ്സഹാജി ചരിത്രമായി; 65 വര്‍ഷങ്ങള്‍ക്കപ്പുറം ദോഹയിലെത്താന്‍ താണ്ടിയ ദൂരങ്ങളും

കരണ്ടോത്ത് മൂസ്സഹാജി

അശ്‌റഫ് തൂണേരി/ദോഹ:

അറുപതാണ്ടിലധികം ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച ഖത്തറിലെ ആദ്യ മലയാളി പ്രവാസികളിലൊരാളായ കരണ്ടോത്ത് മൂസ്സഹാജി (85) ഓര്‍മ്മയായി. ജീവിതം കരക്കടുപ്പിക്കാന്‍ കടലു കടന്നും കാതങ്ങള്‍ നടന്നും തീവണ്ടിയേറിയും രണ്ടായിരം മൈലുകള്‍ താണ്ടിയെത്തിയ പഴയ ഒരു പതിനെട്ടുകാരന്‍ ഇനി അടയാളപ്പെട്ടു കിടക്കും, ഗള്‍ഫ് കുടിയേറ്റ ചരിത്രത്താളുകളിലെ തങ്കലിപികളായി.
1955-ല്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന്‍, ഇറാന്‍, ഒമാന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ താണ്ടി ശ്രമകരമായ യാത്രയിലൂടെ ദോഹയിലെത്തിയ ചരിത്രമാണ് മൂസ്സഹാജിയുടേത്. അതും പാസ്‌പോര്‍ട്ടില്ലാത്ത യാത്ര. അദ്ദേഹത്തിന്റേ തന്നെ വാക്കുകളില്‍ കൗമാരപ്രായക്കാരന്‍ ഉടുത്ത വസ്ത്രം മാത്രമായി വില്യാപ്പള്ളിയിലെ തന്റെ ഗ്രാമത്തില്‍ നിന്ന് ജീവിക്കാനായി നടത്തിയ ഒരു അലച്ചില്‍.
”ആദ്യം ചെന്നൈയിലേക്ക് ട്രെയിനില്‍ പോവുകയാണ് ചെയ്തത്. പിന്നീട് വിജയവാഡ, മുംബൈ എന്നിവിടങ്ങളിലേക്കും തുടര്‍ന്ന് ജോദ്പൂരിലേക്കും ട്രെയിനില്‍ തന്നെ യാത്ര നടത്തി. പണമില്ലാത്തതിനാല്‍ കറാച്ചിയിലേക്ക് അനധികൃതമായി യാത്ര ചെയ്യേണ്ടി വന്നു. പിടിക്കപ്പെട്ടതിനാല്‍ കറാച്ചിക്കടുത്ത കുമോബാറകില്‍ നിന്ന് കൊദ്രോയിലേക്കും ഇറാന്റെ അതിര്‍ത്തിയിലേക്കും ദീര്‍ഘമായ നടത്തമായിരുന്നു പോംവഴി. അര്‍ധപട്ടിണിയിലും വെള്ളംകിട്ടാതേയുമൊക്കെയുള്ള രണ്ടാഴ്ചയിലധികമുള്ള നടത്തം. യാത്രയ്ക്കിടെ പലേടത്തും പല ജോലികളും ചെയ്യേണ്ടി വന്നു. റസ്‌റ്റോറന്റുകളിലും തുറമുഖങ്ങളിലും ജോലി ചെയ്തു. പലേടങ്ങളിലും പൊലീസ് കസ്റ്റഡിയിലാവുകയും ജയിലിലാവുകയും ചെയ്തു. ജോദ്പൂരില്‍ വെച്ച് ടിക്കറ്റില്ലാത്തതിനാലാണ് അറസ്റ്റുണ്ടായത്. ഇറാന്‍ അതിര്‍ത്തിയില്‍ വെച്ച് തീര സുരക്ഷാ സേനയുടെ പിടിയിലായി. വെള്ളമില്ലാതെ മരുഭൂമയില്‍ തളര്‍ന്നു വീഴുന്ന സാഹചര്യം വരേയുണ്ടായി. ഇറാന്‍ വഴി ഗള്‍ഫ് തീരം കടന്ന് ഒമാനില്‍ നിന്ന് പായക്കപ്പലില്‍ യു എ ഇയിലെ ഖുര്‍ഫുക്കാനിലാണ് ആദ്യമെത്തിയത്. പിന്നീട് അവിടെ നിന്ന് ദുബൈയിലേക്കും ദുബൈയില്‍ നിന്ന് പായക്കപ്പലില്‍ ഖത്തറിലെ മിസഈദ് തുറമുഖത്തും വന്നെത്തുകയായിരുന്നു.” 1956- നവംബറില്‍ ഖത്തറിലെത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ സന്തോഷ്ചന്ദ്രനുമായി സംസാരിക്കവെ മൂസ്സഹാജി വ്യക്തമാക്കി. 2015-ല്‍ ഖത്തര്‍ ട്രിബ്യൂണ്‍ ദിനപത്രത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു ഈ വിശദീകരണം.

ആദ്യം ജോലി ചെയ്തത് ദോഹ പെട്രോള്‍ സ്‌റ്റേഷനു സമീപത്തെ സാമ റസ്റ്റോറന്റില്‍. ഇന്ത്യന്‍ രൂപയായിരുന്നു ഖത്തറിലെ വിനിമയ നാണയമെന്നതിനാല്‍ കൂലി 150 രൂപ. രൂപയും പിന്നീട് ബ്രിട്ടീഷ് പൗണ്ടും വിനിമയം നടന്നു. അന്ന് രൂപ പൗണ്ടാക്കി മാറ്റി മണി ഓര്‍ഡര്‍ അയക്കുകയായിരുന്നു പതിവ്. 9 വര്‍ഷങ്ങളുടെ പ്രവാസത്തിന് ശേഷം നാട്ടില്‍ പോവാനാലോചിക്കുമ്പോഴാണ് പാസ്‌പോര്‍ട്ട് ആവശ്യമാണെന്ന കാര്യം മനസ്സിലായത്. ഖത്തറില്‍ ഇന്ത്യയുടെ എംബസിയോ കോണ്‍സുലാര്‍ സേവനങ്ങളോ ഇല്ല. 1963-ല്‍ ഒമാനിലെ മസ്‌ക്കറ്റിലുള്ള കോണ്‍സുലാര്‍ സെന്റര്‍ വഴിയാണ് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 1964 ലാണ് ഗള്‍ഫിലെത്തിയ ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യയാത്ര. വടകര റയില്‍വേസ്റ്റേഷനില്‍ ഒരു ഗ്രാമം മുഴുവന്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നുവെന്ന് പലരും ഓര്‍ത്തെടുക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഓള്‍ഡ് സലതയില്‍ നീലിമ ഹോട്ടല്‍ ആരംഭിച്ച മൂസ്സഹാജി പിന്നീട് സര്‍ക്ക എന്ന് ആ സ്ഥാപനത്തിന് പേരുമാറ്റി. നീലിമ ആരംഭിച്ച കാലത്ത് തന്നെ ഓള്‍ഡ് സലതയിലെ കോര്‍ണിഷ് റോഡില്‍ നാസര്‍ ജൂസ്, നാസര്‍ ഗ്രോസറി, നാസര്‍ ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുകയുണ്ടായി.

കരണ്ടോത്ത് മൂസ്സഹാജി സി എച്ഛ് മുഹമ്മദ്‌കോയയോടൊപ്പം.
മകന്‍ നാസര്‍ നീലിമ സമീപം. (ഫയല്‍ ഫോട്ടോ)

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മൂസ്സഹാജി തന്റെ നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വം കൂടിയാണ്. മുസ്്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ മത നേതാക്കളുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി സി എച്ഛ് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി മികച്ച സൗഹൃദം സൂക്ഷിച്ചു. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളിക്കടുത്ത മലാറക്കല്‍ പ്രദേശത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാന്‍ പണിയെടുത്ത വ്യക്തിത്വം കൂടിയായിരുന്നു. 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് പോയ അദ്ദേഹം നാട്ടില്‍ വെച്ചാണ് മരണമടഞ്ഞത്. ഫാതിമ ഹജ്ജുമ്മയാണ് ഭാര്യ. അബ്ദുല്‍ നാസര്‍ നീലിമ, ഇസ്മാഈല്‍ നീലിമ (ഇരുവരും ഖത്തര്‍), കുഞ്ഞയിഷ, ഖദീജ, സമീറ, ലാഹിദ എന്നിവര്‍ മക്കളും മൊയ്തു എ സി, ഇസ്മായില്‍ കളരിയില്‍, ഫൈസല്‍ കൊച്ചന്റവിട, നജീബ് മഠത്തില്‍, അസ്മ പാലപൊയില്‍, നസീമ വട്ടക്കാട്ടില്‍ മരുമക്കളുമാണ്.

കരണ്ടോത്ത് മൂസ്സഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ചു

ദോഹ: നാട്ടില്‍ നിര്യാതനായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കരണ്ടോത്ത് മൂസ്സഹാജിയുടെ സേവനങ്ങള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്നതാണെന്ന് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി അറിയിച്ചു. തികഞ്ഞ ഉദാരമനസ്‌കനും ദാനശീലനും ആയിരുന്ന മൂസ്സഹാജി ജമാഅത്തിന്റെ ആശ്രയും പ്രതീക്ഷയുമായിരുന്നുവെന്ന് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് തിരുവോത്ത്, ജനറല്‍ സിക്രട്ടറി പി.വി.എ. നാസര്‍, ട്രഷറര്‍ കെ.എം. നാസര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഖത്തറിലെ ആദ്യകാല പ്രവാസിയും മത സാമൂഹിക രംഗങ്ങളിലെ ശ്രദ്ധേയനുമായ കരണ്ടോത്ത് മൂസ്സഹാജിയുടെ വിയോഗത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്്ദുല്ല എം. എല്‍. എ, വൈസ് ചെയര്‍മാന്‍ ഡോ.അബ്ദുസ്സമദ്, ഗവേണിംഗ് ബോര്‍ഡ് ഇന്‍ചാര്‍ജ്ജ് പി കെ അബ്്ദുര്‍റഹീം, അംഗങ്ങളായ കെ. സൈനുല്‍ആബിദീന്‍, അടിയോട്ടില്‍ അഹ്്മദ്, തായമ്പത്ത് കുഞ്ഞാലി, എം പി ഷാഫിഹാജി, അബ്ദുന്നാസര്‍ നാച്ചി എന്നിവര്‍ അനുശോചിച്ചു.

error: Content is protected !!