in

കര്‍വ ബസ്, ദോഹ മെട്രോ സര്‍വീസുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍

ദോഹ: കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി പൊതുഗതാഗത സേവനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ തുടക്കമാകും. മൂവസലാത്തിന്റെ കീഴിലുള്ള കര്‍വ ബസുകള്‍ക്കും ഖത്തര്‍ റെയിലിന്റെ കീഴിലുള്ള ദോഹ മെട്രൊക്കും ഒന്നു മുതല്‍ 30ശതമാനം ശേഷിയില്‍ സേവനം പുനരാരംഭിക്കാനാകും. നേരത്തെയുള്ള അതേസമയങ്ങളിലായിരിക്കും സര്‍വീസുകള്‍. അതേസമയം ആഴ്ചതോറും സ്ഥിതിഗതികള്‍ വിലയിരുത്തും. പൊതുഗതാഗത ഓപ്പറേറ്റര്‍മാര്‍ ആരോഗ്യമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണം. പൊതുഗതാഗത മേഖലയിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ഫലമുള്ളവര്‍ക്കു മാത്രമായിരിക്കും ജോലിയിലേക്ക് മടങ്ങുന്നതിന് അനുമതി. ജീവനക്കാരുടെ താപനില ദിവസേന പരിശോധിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റണം. ആവശ്യമായ മുന്‍കരുതല്‍, ആരോഗ്യ നടപടികള്‍ക്കായി അതോറിറ്റികളെ ബന്ധപ്പെടണം.
വൈറസ് പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഓപ്പറേറ്റര്‍മാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. കംപ്ലയിന്‍സ് ഓഫീസര്‍മാരെയും നിയോഗിക്കണം. എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ആ ഉദ്യോഗസ്ഥര്‍ക്കാണ്. സ്റ്റേഷനുകള്‍ക്ക് മുന്നില്‍ തിരക്ക് ഒഴിവാക്കണം. എയര്‍പോര്‍ട്ട്, ഷോപ്പിങ് മാളുകള്‍, ആസ്പത്രികള്‍, ബസാറുകള്‍ എന്നിവയുമായി ഫലപ്രദമായ ഏകോപനവുമുണ്ടാകണം. പൊതുഗതാഗത ഉപയോക്താക്കള്‍ ഇവിടങ്ങളിലെ സ്‌റ്റേഷനുകളില്‍ ഒത്തുകൂടുന്നില്ലെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണിത്. മെട്രോ, ബസുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവയില്‍ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിയന്ത്രണങ്ങളേര്‍പ്പെടുത്തണം.
തിരക്ക് പരിമിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഉചിതമായ നടപടികള്‍ സ്വീകരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും പ്രായമായവരെയും ഗര്‍ഭിണികളെയും ഉള്‍പ്പടെ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികളും ബോധവല്‍ക്കരണ കാമ്പയിനുകളും വികസിപ്പിക്കുന്നതിന് മന്ത്രാലയം സഹകരിച്ചു പ്രവര്‍ത്തിക്കും. ദുര്‍ബല ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. ഓപ്പറേറ്റര്‍മാര്‍ യാത്രക്കാരെ ഇതിനായി പ്രേരിപ്പിക്കണം. പൊതുഗതാഗത സേവന സൗകര്യങ്ങളിലും സ്റ്റേഷനുകളിലും ബസുകളിലും മെട്രോയിലുമിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ട്. മെട്രോ, ബസ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളില്‍ പുകവലി നിരോധിച്ചു. എല്ലാ ആഷ്ട്രേകളും നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
സ്റ്റേഷനുകളിലെ എല്ലാ ഉപരിതലങ്ങളും ബസുകളും മെട്രോ ട്രെയിനുകളും തുടര്‍ച്ചയായും സ്ഥിരമായും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഓപ്പറേറ്റര്‍മാരോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ എല്ലായിടത്തും ലഭ്യമാക്കണം.
സുരക്ഷിതമായ സാമൂഹികഅകലം പാലിക്കുന്നതിനായി അടയാളം ഫ്‌ളോറുകളിലും സീറ്റുകളില്‍ സ്ഥാപിക്കണം. ഇഹ്‌തെറാസ് ആപ്പില്‍ പച്ചനിറമുള്ളവര്‍ക്കായിരിക്കും പ്രവേശനം. ഫെയ്‌സ് മാസ്‌ക്കും നിര്‍ബന്ധമാണ്. താപനിലയും പരിശോധിക്കും. 38 ഡിഗ്രിയിലധികമുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ആദ്യ കപ്പലെത്തി