ദോഹ: 2022 ലോക കപ്പിനു മുന്നോടിയായി നടക്കുന്ന ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് ഉടന്‍ കിക്കോഫ്. ഇന്നു വൈകുന്നേരം ഖത്തര്‍ സമയം അഞ്ചു മണിക്ക് നടക്കുന്ന ആദ്യമത്സരത്തില്‍ മെക്സിക്കന്‍ ക്ലബ്ബായ ടൈഗ്രസ് യുഎഎന്‍എല്‍ ദക്ഷിണ കൊറിയന്‍ ക്ലബ്ബായ ഉള്സന് ഹ്യുണ്ടായിയെ നേരിടും.
ഫിഫ ലോകകപ്പ് വേദിയായ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. കോണ്‍കകാഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി ടൈഗ്രസ് ക്ലബ്ബും ദോഹയില്‍ നടന്ന എഎഫ്സി ചാമ്പ്യന്സലീഗില് ജേതാക്കളായി ഉല്‍സന്‍ ഹ്യുണ്ടായിയും ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു.
രാത്രി 8.30ന് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാംമത്സരത്തില്‍ ആതിഥേയരായ ഖത്തറിന്റെ അല്‍ദുഹൈലും ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്അഹ്ലിയും മത്സരിക്കും. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ജേതാക്കളെന്ന നിലയിലാണ് ദുഹൈല്‍ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയത്. സിഎഎഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് അല്അഹ്ലി. ക്ലബ്ബ് ലോകകപ്പിലെ രണ്ടാംറൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്.
രണ്ട് രണ്ടാം റൗണ്ട് മത്സരങ്ങള്‍, നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതിനുള്ള മത്സരം, രണ്ടു സെമിഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിവ സഹിതം ഏഴു മത്സരങ്ങളാണ് നടക്കുക. യൂറോപ്യന്‍ ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിച്ച്, കോണ്‍മെബോള്‍ ലിബര്‍ട്ടഡോറസ് ജേതാക്കളായ ബ്രസീലിയന്‍ ക്ലബ്ബ് പാല്മെയ്റാസ് എന്നിവ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
രണ്ടാം റൗണ്ടില്‍ വിജയിക്കുന്നവരാണ് ബയേണിന്റെയും പാല്മെയ്റാസിന്റെയും സെമിയിലെ എതിരാളികള്‍. തോല്‍ക്കുന്നവര്‍ നാലും അഞ്ചും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതിനുള്ള മത്സരത്തില്‍ ഏറ്റുമുട്ടും. സെമിയില്‍ പരാജയപ്പെടുന്നവര്‍ ലൂസേഴ്സ് ഫൈനലില്‍ മത്സരിക്കും. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ നടപടികളോടെയാണ് മത്സരങ്ങള്‍.
നേരത്തെ ഫെബ്രുവരി ഒന്നിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ന്യൂസിലാന്റ് ടീമായ ഓക്ലാന്റ് സിറ്റി പിന്മാറിയതിനെത്തുടര്ന്നാണ് ആദ്യറൗണ്ട് മത്സരം ഒഴിവാക്കി ഫെബ്രുവരി നാലിന് രണ്ടാംറൗണ്ടോടെ ചാമ്പ്യന്‍ഷിപ്പ് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ന്യൂസിലാന്റ് ക്ലബ്ബ് പിന്മാറിയതോടെ ഖത്തര്‍ ചാമ്പ്യന്മാരായ അല്‍ദുഹൈല്‍ നേരിട്ട് രണ്ടാംറൗണ്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. ഫെബ്രുവരി 11വരെയാണ് മത്സരങ്ങള്‍.
റയ്യാനിലെ അഹ്മദ് ബിന്‍ അലി, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളില്‍ മാത്രമായിരിക്കും മത്സരങ്ങള്‍ നടക്കുക. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ രണ്ടു മത്സരങ്ങള്‍ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒഴിവാക്കി. കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ക്ലബ്ബ് ലോകകപ്പ് നിലവിലെ കോവിഡിന്റെ സാഹചര്യത്തിലാണ് ഫെബ്രുവരിയിലേക്ക് നീട്ടിയത്.
കോവിഡിനെത്തുടര്‍ന്നുള്ള ക്വാറന്റൈന് നടപടികളുടെ ഭാഗമായാണ് ഓക്ലാന്റ് സിറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറേണ്ടതായി വന്നത്. ഫൈനല്‍ കിക്കോഫ് 11ന് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതിന് നടക്കും.