മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തില്‍ സഊദിക്ക് പിന്തുണയെന്ന് ഖത്തര്‍
ദോഹ: സഊദി അറേബ്യ സന്ദര്‍ശനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദിന്റെ ക്ഷണം. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല അല്‍സഊദ് അമീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഊദി രാജാവിന്റെ ക്ഷണം അടങ്ങിയ രേഖാമൂലമുള്ള സന്ദേശം കൈമാറി. അല്‍ബഹര്‍ പാലസില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. അമീറിന് വിജയവും ഖത്തരി ജനതക്ക് കൂടുതല്‍ പുരോഗതിയു വികസനവും നേര്‍ന്നുകൊണ്ടുള്ള സഊദി രാജാവിന്റെ ആശംസയവും വിദേശകാര്യമന്ത്രി അമീറുമായി പങ്കുവെച്ചു.
സഊദി രാജാവിന് അമീര്‍ ആരോഗ്യവും സൗഖ്യവും ആശംസിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയും സഊദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണ ബന്ധം, ജിസിസിയുടെ മുന്നേറ്റം ശക്തിപ്പെടുത്തല്‍, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ എന്നിവ ഇരുവരും അവലോകനം ചെയ്തു.
എല്ലാതരത്തിലുമുള്ള മയക്കുമരുന്ന് കടത്തിനെയും ചെറുക്കുന്നതിന് സഊദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിനെതിരെ പോരാടുന്നതിന് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്ന എല്ലാകാര്യങ്ങള്‍ക്കും സഊദിക്കും സഊദി ജനതക്കും ഖത്തറിന്റെ ഉറച്ച പിന്തുണയും അദ്ദേഹം വ്യക്തമാക്കി.