
ദോഹ: രണ്ടു മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആന്ധ്രാ സ്വദേശിനി വിജയ ലക്ഷ്മിയുടെ (43) മൃതദേഹം ജന്മനാട്ടിലെത്തി. നീണ്ട ദിവസങ്ങളിലെ മോര്‍ച്ചറിയുടെ തണുപ്പില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയില്‍ നിന്നും ഹൈദരാബാദിലെത്തിയത്. ഖത്തര്‍ കെഎംസിസി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമായാണ് പല കാരണങ്ങളാല്‍ തടയപ്പെട്ട യാത്ര വേഗത്തിലാക്കിയത്.
ആന്ധ്രാപ്രദേശിലെ മാലികിപുരം മണ്ഢല്‍ സ്വദേശിനിയായ വിജയലക്ഷ്മി വീട്ടുജോലിക്കായാണ് ഖത്തറിലെത്തിയത്. രണ്ട് മാസം മുമ്പ് ജോലി ചെയ്യുന്ന വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അല്‍വഖ്‌റ ആശുപത്രിയിലെ മോര്‍ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. മരണത്തെക്കുറിച്ചുള്ള അന്വേഷണവും മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകളും പൂര്‍ത്തിയാവുന്നതിനായാണ് രണ്ട്മാസം കാത്തിരിക്കേണ്ടി വന്നത്.