ഐ.സി.ബി.എഫ്, ഐ.സി.സി, ഫിന്‍ഖ് എന്നീ സംഘടനകള്‍ക്കും ആദരം

ദോഹ: ഖത്തര്‍ മനുഷ്യാവകാശ ദിനം(Qatar Human Rights Day), അന്തര്‍ദേശീയ സഹിഷ്ണുതാ ദിനം (the International Day for Tolerance) എന്നിവ പ്രമാണിച്ച് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള മനുഷ്യാവകാശ വകുപ്പ് ഖത്തര്‍ കെ.എം.സി.സിയെ ആദരിച്ചു. വിവിധ സന്നദ്ധ സേവനങ്ങള്‍ക്കു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് ആദരവ്. സിവില്‍ ഡിഫന്‍സ് ജനറല്‍ഡയരക്ടറേറ്റിലെ ഓഫീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മനുഷ്യാവകാശ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ കേണല്‍ സഅദ് സാലെം അല്‍ദോസരിയില്‍ നിന്ന് കെ എം സി സി സംസ്ഥാന അധ്യക്ഷന്‍ എസ് എ എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വിദേശകാര്യമന്ത്രാലയത്തിന് കീഴിലെ മനുഷ്യാവകാശവകുപ്പ് (Human Rights Department) പ്രതിനിധി അബ്ദുല്ലാ മഹ്ദി അല്‍യാമി, ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മനുഷ്യാവകാശ വകുപ്പ് പ്രതിനിധി ക്യാപ്റ്റന്‍ ഡോ.അബ്ദുല്ലത്തീഫ് ഹുസൈന്‍ അല്‍അലി, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ വകുപ്പിന് കീഴിലെ കമ്മ്യൂണിറ്റി റീച്ചൗട്ട് ഓഫീസ് കോഡിനേറ്റര്‍ ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

ആദരിക്കപ്പെട്ട മറ്റു സംഘടനകള്‍ക്കു വേണ്ടി ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.സി.സി പ്രസിഡന്റ് പി. എന്‍ ബാബുരാജ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ പ്രസിഡന്റ് റീന ഫിലിപ്പ്, സ്ഥാപക പ്രസിഡന്റ് ബിജോയ് ചാക്കോ എന്നിവരും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അറബ്, അറബേതര സാമൂഹിക സംഘടനാ നേതാക്കളേയാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് (Ministry of Interior-Qatar) കീഴിലുള്ള മനുഷ്യാവകാശ വകുപ്പ് ആദരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം(MOI)വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.