ദോഹ: ഇന്ത്യന്‍ പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എം.സി.സി നേതാക്കള്‍ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എംബസിയുടെ സാംസ്‌കാരിക വിദ്യാഭ്യാസ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേദി, കോണ്‍സുലര്‍, കമ്മ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി എസ്. സേവിയര്‍ ധന്‍രാജ് എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയങ്ങളാണ് എപ്പോഴും കെ.എം.സി.സി തങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. ഖത്തറില്‍ നിന്നും നാട്ടിലേക്ക് പോകുമ്പോള്‍ നടത്തുന്ന പിസിആര്‍ ടെസ്റ്റില്‍ നിന്നും വാക്‌സിന്‍ രണ്ടുഡോസും എടുത്തവരെ ഒഴിവാക്കണമെന്ന് ചര്‍ച്ചയില്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് ആനുകൂല്യം ലഭ്യമാക്കല്‍, നീറ്റ് പരീക്ഷ കേന്ദ്രം ഖത്തറില്‍ അനുവദിക്കല്‍, പരീക്ഷ ഫലം വൈകുന്നത് മൂലം ഉയര്‍ന്ന കോഴ്‌സുകളില്‍ ചേരുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തല്‍, ഖത്തറില്‍ ജോലി ആവശ്യാര്‍ഥം എത്തുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എംബസി യുടെ സഹായങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കല്‍, എംബസിയില്‍ അപേക്ഷകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കല്‍ എന്നീ ആവശ്യങ്ങളും കെ.എം.സി.സി നേതാക്കള്‍ ഉന്നയിച്ചു. പിസിആര്‍ ടെസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി മുമ്പ് നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയച്ചു നടപടി സ്വീകരിച്ചു വരികയാണെന്നും ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളിലും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നീറ്റ് പരീക്ഷക്ക് ഈ വര്‍ഷം പുതിയ സാഹചര്യത്തില്‍ അപേക്ഷകള്‍ കുറവായതു് കൊണ്ട് അടുത്ത തവണ പരീക്ഷാ കേന്ദ്രം ഖത്തറില്‍ അനുവദിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍, റഹീസ് പെരുമ്പ, കെ.പി മുഹമ്മദലി, ഓ.എ കരീം, റയീസ് വയനാട്, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
in QATAR NEWS
കെ.എം.സി.സി നേതാക്കള്‍ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
