
ദോഹ: ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലുമായി ചര്‍ച്ച നടത്തി. കെ.എം.സി.സിയുടെ ജീവകാരുണ്യ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ അംബാസിഡര്‍ പ്രശംസിച്ചു. വിവിധ പ്രവാസി വിഷയങ്ങളും പാസ്പോര്‍ട്ട് പുതുക്കല്‍, വിവിധ അറ്റസ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നേരിടുന്ന കാലതാമസം തുടങ്ങി വിവിധ പ്രശ്നങ്ങളും കെ.എം.സി.സി നേതാക്കള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അംബാസഡര്‍ ഉറപ്പുനല്‍കി. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചര്‍ച്ചയില്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ്, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് മുസ്തഫ എലത്തൂര്‍, ഉപദേശക സമിതി വൈസ് ചെയര്മാന് എം.പി ശാഫി ഹാജി, ഭാരവാഹികളായ ഒ.എ കരീം, കെ.പി ഹാരിസ്, ഫൈസല്‍ അരോമ, റഹീസ് പെരുമ്പ, കോയ കൊണ്ടോട്ടി, മീഡിയ വിംഗ് ചെയര്മാന് റൂബിനാസ് കോട്ടേടത്ത് എന്നിവര്‍ സംബന്ധിച്ചു.