
ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19)തിരെ കൊസോവോ നടത്തുന്ന പോരാട്ടങ്ങള്‍ക്കും വൈറസ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്കും പിന്തുണയുമായി ഖത്തര്‍ ചാരിറ്റി.
കൊസോവോ ആരോഗ്യമന്ത്രാലയത്തിന് മെഡിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പടെയുള്ള സഹായമാണ് ഖത്തര്‍ ചാരിറ്റി ലഭ്യമാക്കുന്നത്. കൊസോവോയുടെ വൈറസ് പോരാട്ടത്തെ പിന്തുണക്കുന്നതിനായി 11ലക്ഷം റിയാലിന്റെ പരിശോധനാ കിറ്റുകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യപായ്ക്കറ്റുകള്‍ എന്നിവസംഭാനയായി നല്‍കുമെന്ന് ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ലക്ഷ്യം. അല്‍ബേനിയയിലെയും കൊസോവോയിലെയും ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ ഹമദ് അല്മര്റിയുമായി സഹകരിച്ചാണ് സഹായവിതരണം. ഭക്ഷ്യപാക്കേജുകള്ക്കും ദുര്‍ബലരായ ജനങ്ങള്‍ക്കുള്ള സുരക്ഷാവസ്തുക്കള്ക്കും പുറമെ മൂന്നുലക്ഷം ഡോളര്‍ വിലമതിക്കുന്ന 6,500 കൊറോണ വൈറസ് പരിശോധനാ കിറ്റുകളും ആറു വെന്റിലേറ്ററുകളും ലഭ്യമാക്കും. വിശുദ്ധ റമദാന് മാസത്തില്‍ ഖത്തര്‍ ചാരിറ്റി പ്രിസ്റ്റീനയിലെ ഓഫീസ് വഴി 2,800 ഭക്ഷണ ബാസ്ക്കറ്റുകള്‍ വിതരണം ചെയ്തു. ഓരോ പായ്ക്കറ്റിലും ഒരു മാസം മുഴുവന്‍ ഒരു കുടുംബത്തിന് ആവശ്യമായ അടിസ്ഥാന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 500 സംരക്ഷണ ബാസ്ക്കറ്റുകള്‍ ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തു. ഇതില്‍ സ്റ്റെറിലൈസേഷന്‍ വസ്തുക്കള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, തുണി ഡിറ്റര്‍ജന്റുകള്‍, ഫ്ളോര്‍ ക്ലീനറുകള്‍, ഗ്ലൗസുകള്‍, മാസ്ക്കുകള്‍ എന്നിവയാണ് ബാസ്ക്കറ്റിലുള്ളത്. കൊറോണ വൈറസ് മഹാമാരി സാമ്പത്തികമായി ബാധിച്ച നിരവധി കുടുംബങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനായി 3,300 വീടുകള്‍ക്ക് ഭക്ഷണവും സംരക്ഷണ സാമഗ്രികളും വിതരണം ചെയ്തു.
എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടാണ് ഗുണഭോക്താക്കള്‍ക്ക് വീടുകളിലെത്തി സഹായം ലഭ്യമാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ കാലതാമസമില്ലാതെ കൃത്യസമയത്ത് സഹായം നല്‍കിയതിന് ഖത്തര്‍ ചാരിറ്റിയെ മേയര്‍മാരും ഗുണഭോക്താക്കളും അഭിനന്ദിച്ചു. ഖത്തറിലെ ഗുണഭോക്താക്കളുടെ മാനുഷിക പിന്തുണക്കും അവര്‍ നല്കിയ ഭക്ഷണത്തിനും പ്രതിരോധ സഹായത്തിനും നന്ദി അറിയിച്ചു. കൊസോവോയില്‍ ഖത്തര്‍ ചാരിറ്റി റമദാനില്‍ 18ലക്ഷത്തിലധികം റിയാലിന്റെ പദ്ധതികളാണ് നടപ്പാക്കുന്നത്.