Thursday, October 22ESTD 1934

ഖത്തറുമായി ഹൃദയബന്ധം സ്ഥാപിച്ച നേതാവ്; ഗള്‍ഫ് ഒന്നിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ബാക്കി

ആര്‍.റിന്‍സ്/ദോഹ :

ഖത്തറിനെ ഹൃദയം കൊണ്ട് സ്‌നേഹിച്ച നേതാവായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്. ഏതു പ്രതിസന്ധിയിലും വെല്ലുവിളിയിലും ഖത്തറിനൊപ്പം നിലകൊണ്ട ജനനേതാവ്. ഖത്തരികളുടെ ഹൃദയത്തില്‍ ശൈഖ് സബാഹിന്റെ സ്ഥാനം സവിശേഷമായിരുന്നു. ഗള്‍ഫ് പ്രതിസന്ധിഘട്ടത്തില്‍ ഖത്തറിനൊപ്പം നിലകൊള്ളുകയും പരിഹാരത്തിനായി തീവ്രമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്ത അദ്ദേഹം ഗള്‍ഫ് ഒന്നിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ബാക്കി യാക്കിയാണ് മടങ്ങുന്നത്. ഖത്തറിനും ശൈഖ് സബാഹിനോടു അളവറ്റ സ്‌നേഹവും ആദരവുമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദ സഹോദര ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടാണ് ഖത്തര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നിന് കുവൈത്ത് അമീറിന്റെ പേരിട്ടത്. രാജ്യത്ത് ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന സബാഹ് അല്‍ അഹമ്മദ് ഇടനാഴിപദ്ധതിയുടെ ഒന്നാം ഘട്ടം ഗതാഗതത്തിനായി തുറന്നുകൊടുത്തത് അടുത്തിടെയായിരുന്നു. ഖത്തറിനോടു എന്നും സ്‌നേഹവും വാല്‍സല്യവുമായിരുന്നു അദ്ദേഹത്തിന്. സഊദി സഖ്യരാജ്യങ്ങളുടെ മുന്നറിയിപ്പുകളൊന്നും വകവെക്കാതെയാണ് അദ്ദേഹം ഗള്‍ഫ് പ്രതിസന്ധി കാലയളവില്‍ ഖത്തറുമായി അടുത്തത്. ഉപരോധ രാജ്യങ്ങള്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചതോടെ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഖത്തര്‍ ആദ്യഘട്ടത്തില്‍ പ്രയാസം നേരിട്ടപ്പോള്‍ എല്ലാ സഹായവുമായി കുവൈത്ത് അമീര്‍ ഒപ്പമുണ്ടായിരുന്നു. കുവൈത്തിലെ ഷുവൈഖ് ഉള്‍പ്പടെയുള്ള തുറമുഖങ്ങളുടെ സാധ്യതകള്‍ ആ ഘട്ടത്തില്‍ ഖത്തര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയോടും ശൈഖ് സബാഹിന് പ്രത്യേക വാല്‍സല്യമുണ്ടായിരുന്നു. നിരന്തരം കുവൈത്ത് അമീറുമായി അമീര്‍ നിരന്തരം ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. അദ്ദേഹം അസുഖബാധിതനായ ഘട്ടത്തിലും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുമെല്ലാം ടെലിഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. സാധ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അമീര്‍ കുവൈത്ത് സന്ദര്‍ശിക്കുകയും അമീറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കുവൈത്ത് അമീര്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം ആവേശകരമായ വരവേല്‍പ്പും സ്വീകരണവുമായിരുന്നു ദോഹ ഒരുക്കിയത്. 2017 ജൂണില്‍ സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ഓടിനടന്നത് ശൈഖ് സബാഹായിരുന്നു. മധ്യസ്ഥതയുമായി അദ്ദേഹം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നിരന്തരം നേതാക്കളുമായി ചര്‍ച്ച നടത്തി. ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിനുള്ള മധ്യസ്ഥതക്ക് നേതൃത്വം നല്‍കിയത് കുവൈത്ത് അമീറായിരുന്നു. ആ വര്‍ഷം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കേണ്ടത് കുവൈത്തായിരുന്നു. എല്ല രാജ്യങ്ങളുടെയും ഭരണാധികാരികള്‍ക്ക് കുവൈത്ത് അമീര്‍ രേഖാമൂലം ക്ഷണമയച്ചെങ്കിലും ഖത്തര്‍ അമീര്‍ മാത്രമാണ് ഭരണത്തലവനെന്ന നിലയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയത്. മറ്റെല്ലാ രാജ്യങ്ങളും പ്രതിനിധികളെയാണ് അയച്ചത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളോടും അടുപ്പം പുലര്‍ത്തിയ ശൈഖ് സബാഹ് സമാധാനത്തിന്റെ വക്താവായിരുന്നു. നിരവധി തവണ ഖത്തര്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം ഇവിടത്തെ ഭരണ നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധവും സ്‌നേഹവും പുലര്‍ത്തിയിരുന്നു.

ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥ്യം കുവൈത്തിന്;
ഖത്തറിലെ ഇടനാഴി പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര്

ഖത്തറിനും അഗാധമായിരുന്നു കുവൈത്തിനോടുള്ള സ്‌നേഹം. 2017ല്‍ ദോഹയില്‍ നടക്കേണ്ട 23ാമത് ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥ്യം ഖത്തര്‍ കുവൈത്തിന് വിട്ടുകൊടുത്തത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷനെതിരായ വിലക്ക് ഫിഫ നീക്കിയതിനു തൊട്ടുപിന്നാലെയാണ് നയതന്ത്ര പക്വതയും ഉയര്‍ന്ന സ്‌പോര്‍ട്‌സ്മാന്‍ഷിപ്പും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഖത്തര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഇതിന്റെ പിന്നാലെയാണ് ഖത്തറിലെ ഇടനാഴി പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര് നല്‍കിയത്. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റോഡു പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര് നല്‍കിയതിലൂടെ സഹോദരരാജ്യത്തോടുള്ള സ്‌നേഹവും ഐക്യദാര്‍ഡ്യവും പ്രതിഫലിപ്പിക്കുക കൂടിയാണ് ഖത്തര്‍ ചെയ്തത്. രാഷ്ട്രീയപരമായും സാമ്പത്തികമായും ഖത്തറിനെ എല്ലായിപ്പോഴും പിന്തുണക്കുന്ന കുവൈത്തിനോടുള്ള നന്ദിയും കടപ്പാടുമാണ് അമീറിന്റെ പേര് റോഡ് പദ്ധതിക്ക് നല്‍കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബേ അന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ ഖത്തരി പൗരന്മാരുടെയും ഹൃദയത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബര്‍ അല്‍സബാഹിന് വലിയ സ്ഥാനമാണുള്ളത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി കഴിഞ്ഞ ദിവസം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ലീജന്‍ ഓഫ് മെറിറ്റ് ബഹുമതിക്കര്‍ഹനായ കുവൈത്ത് അമീറിനെ അനുമോദിച്ചുകൊണ്ട് കുവൈത്ത് ടിവി പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്. അറബ് നയതന്ത്രത്തിന്റെ ഡീനും അതിന്റെ പാതയുടെ നേതാവുമാണ് കുവൈത്ത് അമീര്‍. അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചതിലൂടെ ഈ ബഹുമതിക്കുതന്നെ കൂടുതല്‍ ഔന്നത്യമുണ്ടാകുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കുവൈത്ത് അമീറിന് ഓരോ ഖത്തരി പൗരന്റെയും ഹൃദയത്തില്‍ മഹത്തായതും അഭിമാനകരവുമായ സ്ഥാനമുണ്ടെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

ഖത്തറില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം: ദേശീയ പതാക പകുതി താഴ്ത്തി

ദോഹ: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വേര്‍പാടില്‍ ഖത്തറില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ പതാക പകുതി താഴ്ത്തി. ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് മഹാനായ നേതാവാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുസ്മരിച്ചു. കുവൈത്തിലെയും അറബ് ഇസ് ലാമിക് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഖത്തറിന്റെ അനുശോചനം അറിയിച്ചു.

error: Content is protected !!