ദോഹ: കളി ആരവത്തിന്റെ പെരുമ്പറകൾ ഖത്തറിൽ എങ്ങും മുഴങ്ങിക്കഴിഞ്ഞു. ലോകത്തിൻ്റെ കണ്ണുകൾ ഖത്തറിന്റെ ചെറിയ ഭൂപടത്തിലേക്ക് ചുരുങ്ങുന്ന നാളുകൾക്ക് ഇനി അധിക ദൂരമില്ല. ആഹ്ലാദത്തിന്റെയും ആമോദത്തിന്റെയും എന്തന്നില്ലാത്ത നിർവൃതിയിലാണ് ഖത്തറിലെ മലയാളി പ്രവാസികൾ. തങ്ങളുടേതു കൂടിയാണ് ഈ ലോകകപ്പ് ഫുട്ബോൾ എന്ന തിരിച്ചറിവ് അവരെ ആവേശ കൊടുമുടിയേറ്റുകയാണ്.

ആ കൊടുമുടിയേറ്റത്തിന് നായകനാവാൻ അതിശയിപ്പിക്കുന്ന ഒരു സമ്മാനവുമായി ദോഹയിലേക്ക് മലയാളികളുടെ പ്രിയസൂപ്പർതാരം മോഹൻ ലാലുമെത്തുന്നു. കിക്കോഫിനുള്ള കാത്തിരിപ്പിൻ്റെ ദിനങ്ങൾ കുറയുന്നതിൻ്റെ ആവേശം നഗര വീഥികളിൽ അലതല്ലുമ്പോഴാണ് ലാലേട്ടന്റെ വരവ്. ‘മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ’ എന്ന പേരിലാണ് ഇനിയും വെളിപ്പെടുത്താത്ത ആ വിശേഷ സമ്മാനം അണിയറയിൽ ഒരുക്കുന്നത്.
ഒക്ടോബർ 30ന് ഖത്തറിലെത്തുന്ന മോഹൻലാൽ തന്നെ ആ സർപ്രൈസ് ചെപ്പ് ഫുട്ബാൾ ആരാധകർക്കു മുമ്പാകെ തുറന്നു വിടും. നാട്ടിലും മറ്റുമായി തയാറാക്കിയ സംഗീത ഉപഹാരമാണ് ഫുട്ബാൾ ആരാധകർക്കായി സമർപ്പിക്കുന്നത്.
ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഫുട്ബോളുമായി സഹകരിച്ചാണ് ‘മോഹൻലാൽ സല്യൂട്ടേഷൻ ടു ഖത്തർ’ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ അനൗൺസ്മെന്റ് വീഡിയോ റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു. ഇന്ത്യൻ എംബസിയും, ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്നാണ് ഈ ഉപഹാരം സമർപ്പിക്കുന്നത്. അനൗൺസ്മെന്റ് ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ് , ഇവന്റ് ചീഫ് കോർഡിനേറ്റർ ജോൺ തോമസ്, ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർ സതീഷ് പിള്ള, ഐപേ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ് ഫോം പ്രതിനിധികളായ പ്രസൂൺ ലാൽ , സുധീപ് . അൽ ജസീറ എക്സ്ചേഞ്ച് ജനറൽ മാനേജർ വിദ്യാ ശങ്കർ, ഷൈൻ , അഷ്‌റഫ്, ഒലീവ് സുനോ ഡയറക്ടർമാരായ കൃഷ് , അമീർ അലി എന്നിവർ പങ്കെടുത്തു.