ദോഹ: ഹമദ് തുറമുഖത്തില്‍ മെഡിക്കല്‍ മാസ്‌ക്കുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.4 ടണ്‍ നിരോധിത പുകയില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. നിയമവിരുദ്ധമായി പുകയില കടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്(ജിഎസി) വ്യക്തമാക്കി. ആന്റി സ്മഗ്‌ളിങ് ആന്റ് കസ്റ്റംസ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഹമദ് തുറമുഖത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പുകയില കണ്ടെത്തിയത്. മെഡിക്കല്‍ മാസ്‌കുകള്‍ ഉപയോഗിച്ച് പൊതിഞ്ഞ് ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
പുകയില, ഹാഷിഷ്, മയക്കുമരുന്ന് ഉള്‍പ്പടെ നിരോധിത ഉത്പന്നങ്ങള്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നുണ്ട്. കള്ളക്കടത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ ജിഎസി ദേശീയ വ്യാപകമായി ക്യാമ്പയിനും തുടക്കംകുറിച്ചിട്ടുണ്ട്. കസ്റ്റംസ് കള്ളക്കടത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരായ കാമ്പയിനില്‍(കഫെ) എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് ജിഎസി ആവശ്യപ്പെട്ടു. കള്ളക്കടത്തോ സമാനമായ മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ചോ വിവരം ലഭിച്ചാല്‍ 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പരിലോ kafih@customs.gov.qa എന്ന ഇമെയിലിലോ അറിയിക്കണം. ഇക്കാര്യങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും.
രാജ്യത്തേക്ക് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത സാധനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിനായി വ്യക്തമായ പദ്ധതികളും സംവിധാനങ്ങളുമാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് നടപ്പാക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരോധിത സാധനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനവും കഴിവും നേടിയവരാണ്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനും തുടര്‍ച്ചയായ പരിശീലനം നല്‍കിവരുന്നുണ്ട്. കള്ളക്കടത്ത് തടയുന്നതിനായി ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങളാണ് ഖത്തര്‍ നടപ്പാക്കുന്നത്.