Saturday, October 19

അത്‌ലറ്റിക്‌സ് വില്ലേജിലെ ആഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കാളികളായി

Spread the love
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ അത്‌ലറ്റിക്‌സ് വില്ലേജ്

ദോഹ: ലോക അത്‌ലറ്റിക്‌സിനോടനുബന്ധിച്ച് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപത്തായി ഒരുക്കിയ അത്‌ലറ്റിക്‌സ് വില്ലേജ് വരാന്ത്യങ്ങളില്‍ ആഘോഷലഹരിയിലായിരുന്നു ലോകചാമ്പ്യന്‍ഷിപ്പിന്റെ ആവേശവും ആഹ്ലാദവും ത്രില്ലിങും ഒത്തുചേരുന്ന സവിശേഷമായ അനുഭവമാണ് വില്ലേജില്‍ ആസ്വാദകര്‍ക്കായി ഒരുക്കിയിരുന്നത്. കായികപ്രേമികളുടെ സജീവപങ്കാളിത്തം കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ അനുഭവപ്പെട്ടിരുന്നു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു പേരാണ് ഇവിടെ ആഘോഷങ്ങളില്‍ പങ്കാളികളായത്. ലോക അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ കാണുന്നതിനായി ടിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കായിരുന്നു വില്ലേജില്‍ പ്രവേശനം. ഖത്തറിന്റെ പ്രൗഢിയും പൈതൃകവും സംസ്‌കാരവും അടുത്തറിയുന്നതിനുള്ള അവസരമെന്നതിനൊപ്പം ഓരോ രാജ്യത്തെയും വില്ലേജില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ ഒരു ചെറിയ പതിപ്പായിരുന്നു വില്ലേജ്. വ്യത്യസ്ത ഭാഷ, സംസ്‌കാരങ്ങളുടെ സമന്വയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കായികതാരങ്ങളെയാണ് വില്ലേജ് വരവേറ്റത്. ഖലീഫ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ് വില്ലേജിന്റെ ഭാഗമായി സവിശേഷമായ ഫാന്‍സോണും ഒരുക്കിയരുന്നു.

വിവിധ സംസ്‌കാരങ്ങളില്‍ന്നെത്തുന്ന അത്‌ലറ്റുകളെ ആദരിക്കുകയും ബഹുമാനിക്കുകയുമായിരുന്നു ഇവിടെ. ഖലീഫ സ്റ്റേഡിയം ആഗോള സമൂഹമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കമ്യൂണിറ്റികള്‍ക്ക് അത്‌ലറ്റിക്‌സ് വില്ലേജിലെ ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കിയിരുന്നു.

നൃത്ത, സംഗീത പ്രകടനങ്ങളെല്ലാം നടന്നു. വില്ലേജില്‍ വിവിധ മേഖലകളായി തിരിച്ചായിരുന്നു സംസ്‌കാരിക ആഘോഷം. ആഫ്രിക്ക, നോര്‍ത്ത്- സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവയെ പ്രതിനിധിനാം ചെയ്യുന്നതയിരുന്നു മേഖലകള്‍. ഓരോ രാജ്യത്തിന്റെയും പ്രമേയത്തിനനുസരിച്ചാണ് അലങ്കരിച്ചത്. വിവിധ ഭക്ഷണരുചികള്‍, വിനോദപരിപാടികള്‍, സമ്മാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമുതലായിരുന്നു പ്രവേശനം.