Saturday, October 19

ആഴമേറിയ കൃത്രിമ തുറമുഖ ബേസിന്‍: ഹമദ് തുറമുഖത്തിന് ലോകറെക്കോര്‍ഡ്

Spread the love
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തിയ്ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നു

ദോഹ. ലോകത്തിലെ ഏറ്റവും ആഴമേറിയ കൃത്രിമ തുറമുഖ ബേസിന്‍ എന്ന ലോക റെക്കോര്‍ഡിന് ഹമദ് തുറമുഖം അര്‍ഹമായി. കപ്പലുകള്‍ക്ക് നങ്കൂരമിടാനായാണ് 17 മീറ്റര്‍ ആഴവും 4 കിലോമീറ്റര്‍ നീളവും 700 മീറ്റര്‍ വീതിയുമുള്ള തുറമുഖ ബേസിന്‍(തടം) നിര്‍മിച്ചത്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തിയ്ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

രണ്ടര വര്‍ഷം നീണ്ട ഖനന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഏറ്റവും ആഴമേറിയ തുറമുഖ തടം (പോര്‍ട്ട് ബേസിന്‍) നിര്‍മിച്ചത്. ഖനനപ്രവര്‍ത്തനങ്ങളില്‍ ഡ്രാഫ്റ്റുകളെ കൈകാര്യം ചെയ്യുന്നതിനായി 6900 ടണ്ണിലധികം സ്‌ഫോടകവസ്തുകകളാണ് ഉപയോഗിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വന്യ, സമുദ്ര ജീവജാലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കിയിരുന്നു.

44.5 ദശലക്ഷത്തിലധികം ഘനമീറ്റര്‍ വസ്തുക്കളാണ് വേര്‍തിരിച്ചെടുത്ത് പദ്ധതിയിലെ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചത്. വലിയതോതില്‍ നിര്‍മാണചെലവില്‍ ലാഭം കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചു. ഹമദ് തുറമുഖ പദ്ധതിയുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്നതാണ് ലോക റെക്കോര്‍ഡ് അംഗീകാരം.

ഗിന്നസ് ലോക റെക്കോര്‍ഡ്‌സില്‍ രാജ്യം കൈവരിച്ച ലോകറെക്കോര്‍ഡുകളുടെ ഗണത്തില്‍ പുതിയൊരു കൂട്ടിച്ചേര്‍ക്കലാണിത്. ഉയര്‍ന്ന ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ ഖത്തറിന്റെ മികവും ശേഷിയുമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്- ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തി പറഞ്ഞു.

ഹമദ് തുറമുഖത്തിന്റെ തുടര്‍ച്ചയായ നേട്ടങ്ങള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം ഇരട്ടിയായി വര്‍ധിപ്പിക്കുന്നുണ്ടെന്നും ലോകനിലവാരത്തിനും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി പ്രകടനം മെച്ചപ്പെടുത്തുകയും മികവുറ്റരീതിയില്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹമദ് തുറമുഖത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതുമുതല്‍ ഏറ്റവും മികച്ച ആഗോള നിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉയര്‍ന്നതും കാര്യക്ഷമവുമായ പ്രവര്‍ത്തന പുരോഗതി ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.

ഉദ്യോഗസ്ഥരില്‍നിന്നും പങ്കാളികളില്‍നിന്നുമുള്ള മികച്ച ശ്രമങ്ങള്‍ എല്ലായിപ്പോഴും തുറമുഖത്തിന്റെ നാഴികക്കല്ലുകളുടെ താക്കോലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് കണ്ടെയ്നര്‍ മാനേജ്മെന്റ് മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച കണ്ടെയ്നര്‍ തുറമുഖങ്ങളുടെ പട്ടികയിലും ഹമദ് തുറമുഖം ഇടം നേടിയത്.

പ്രവര്‍ത്തനപ്രക്രിയ്യയുടെ കാര്യത്തില്‍ രണ്ടു പ്രധാന നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ ഈ ആഗസ്തില്‍ തുറമുഖത്തിനായിട്ടുണ്ട്. മൂന്നു ദശലക്ഷത്തിലധികം ടിഇയുവും ഏഴു ദശലക്ഷത്തിലധികം ടണ്‍ ജനറല്‍ ബള്‍ക്ക് ചരക്കുകളും തുറമുഖത്തില്‍ കൈകാര്യം ചെയ്തു.

പരിസ്ഥിതി സൗഹദ വികസനത്തിന്റെ സവിശേഷമായ മാതൃകയായി ഹമദ് തുറമുഖം മാറിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലുതും നൂതനവുമായ തുറമുഖമെന്നതിനൊപ്പം തന്നെ പരിസ്ഥിതി സൗഹൃദ വികസനത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. മേഖലയിലെ തന്നെ ഏറ്റവും വലതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതിയാണ് ഹമദ തുറമുഖം.

ഇതിലേറ്റവും സുപ്രധാനമെന്നത് പവിഴപ്പുറ്റുകളുടെ പുനര്‍വിന്യാസമാണ്. തുറമുഖത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി 12,500ലധികം കട്ടിയുള്ള പവിഴപ്പുറ്റുകളെയാണ് ഇവിടെനിന്നും മാറ്റി മറ്റു സുരക്ഷിത വാസകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഹമദ് തുറമുഖത്തിന്റെ വികസനത്തിനൊപ്പം പരിസ്ഥിതി പരിപാലനത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്.

14,300 സ്‌ക്വയര്‍മീറ്റര്‍ കടല്‍പ്പായല്‍, 31,700 സമുദ്രസസ്യവിത്തുകള്‍, അവിസീനയ മരങ്ങള്‍ എന്നിവയെല്ലാം സുരക്ഷിതമായി മാറ്റുകയും പരിപാലിക്കുകയും എണ്ണമറ്റ സമുദ്രജീവികളെ പോഷിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഹമദ് തുറമുഖം വികസിപ്പിച്ചത്.