Saturday, October 19

കാര്‍ഷിക സ്വയംപര്യാപ്തതാ നിരക്കില്‍ ഗണ്യമായ വര്‍ധനവ്

Spread the love

പൗള്‍ട്രി, ക്ഷീരോത്പാദനം 100ശതമാനത്തിലധികമായി

ദോഹ: രാജ്യത്തെ എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും പ്രാദേശിക ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം.

രാജ്യത്ത് സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് വലിയ നേട്ടം കൈവരിക്കാനായതായി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാവകുപ്പ് ഡയറക്ടര്‍ മസൂദ് ജാറല്ലാഹ് അല്‍മര്‍റി വ്യക്തമാക്കി.

ഗാര്‍ഹിക ഉപഭോഗത്തിന് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ പാല്‍ ഉല്‍പന്നങ്ങളും കോഴിയിറച്ചിയും ഖത്തര്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഫ്രഷ്പച്ചക്കറികള്‍, ടേബിള്‍ മുട്ടകള്‍, റെഡ് മീറ്റ് എന്നിവയുടെ ഉല്‍പാദനവും ഗണ്യമായി വര്‍ദ്ധിച്ചു.ഖത്തറില്‍ പാലുല്‍പ്പന്നങ്ങളുടെ സ്വയംപര്യാപ്തതാനിരക്ക് നിലവില്‍ 106 ശതമാനമാണ്.

പൗള്‍ട്രി ഉത്പാദനത്തില്‍ 124 ശതമാനവും ഫ്രഷ് പച്ചക്കറികളുടെ കാര്യത്തില്‍ 27ശതമാനവും ടേബിള്‍ മുട്ടയുടെ ഉത്പാദനത്തില്‍ 28ശതമാനവും റെഡ്മീറ്റിന്റെ കാര്യത്തില്‍ 18ശതമാനവും സ്വയംപര്യാപ്തത കൈവരിക്കാനായിട്ടുണ്ട്. കന്നുകാലികളുടെ വളര്‍ച്ചാനിരക്കിലും വര്‍ധനവുണ്ടായി, 34ശതമാനം വളര്‍ച്ച കൈവരിക്കാനായി.

ഖത്തറില്‍ നിലവില്‍ 16ലക്ഷത്തിലധികം കന്നുകാലികളാണുള്ളത്. 10,00,073 ചെമ്മരിയാടുകള്‍, 4,29,664 ആടുകള്‍, 40,857 പശുക്കള്‍, 1,28,798 ഒട്ടകങ്ങള്‍ എന്നിവയാണുള്ളത്. എല്ലാ കാര്‍ഷിക വസ്തുക്കളുടെയും പ്രാദേശിക ഉല്‍പാദനം രാജ്യത്ത് സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതിനുള്ള ശ്രമത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി അല്‍ജാറല്ലാഹ് പറഞ്ഞു.