Saturday, October 19

ഡോ. അല്‍അത്തിയ്യ ഒമാനിലെ സായുധസേന മ്യൂസിയം സന്ദര്‍ശിച്ചു

Spread the love
പ്രതിരോധമന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ ഒമാനിലെ ബയ്ത് അല്‍ഫലാജ് ക്യാമ്പിലെ സുല്‍ത്താന്‍സ് സായുധസേനാ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍

ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധകാര്യസഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ ഒമാനിലെ ബയ്ത് അല്‍ഫലാജ് ക്യാമ്പിലെ സുല്‍ത്താന്‍സ് സായുധസേനാ മ്യൂസിയം സന്ദര്‍ശിച്ചു.

സുല്‍ത്താന്‍സ് സായുധസേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ബിന്‍ ഹാരിത് അല്‍നബാനി, മിലിട്ടറി പ്രോട്ടോകോള്‍ മേധാവി ബ്രിഗേഡിയര്‍ സാലേഹ് ബിന്‍ അഹമ്മദ് അല്‍ഹിനായി, മ്യൂസിയം ഡയറക്ടര്‍ കേണല്‍ ഫാലേഹ് ബിന്‍ സെയ്ഫ് അല്‍മാമരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മ്യൂസിയത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചു. സുല്‍ത്താനേറ്റ് സൈനിക ചരിത്രത്തെക്കുറിച്ചും സുല്‍ത്താന്റെ സേനയുടെ ചരിത്രത്തെക്കുറിച്ചും അദ്ദേഹത്തോടു വിശദീകരിച്ചു.

പര്യടനത്തിനിടയില്‍ മ്യൂസിയത്തിന്റെ പക്കലുള്ള കലാസൃഷ്ടികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്യൂറേറ്റര്‍മാര്‍ നടത്തിയ വിശദീകരണവും മന്ത്രി ശ്രദ്ധിച്ചു. പരമ്പരാഗതവും ആധുനികവുമായ ആയുധങ്ങള്‍, രേഖകള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയുള്‍പ്പെടെയുള്ള അപൂര്‍വയിനം വസ്തുക്കളുടെ പ്രധാന ശേഖരം മ്യൂസിയത്തിലുണ്ട്. ബയ്ത് അല്‍ഫലാജ് ക്യാമ്പിലെ കോളേജ് ഓഫ് നാഷണല്‍ ഡിഫന്‍സും മന്ത്രി സന്ദര്‍ശിച്ചു.


ഒമാന്‍ നാഷണല്‍ ഡിഫന്‍സ് കോളേജ് മേധാവി മേജര്‍ ജനറല്‍ സലിം ബിന്‍ മുസല്ലം ഖത്താനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കോളേജ് സന്ദര്‍ശനത്തിനിടെ കോളേജിന്റെ വിവിധ വകുപ്പുകള്‍, വിദ്യാഭ്യാസ, പരിശീലന സൗകര്യങ്ങള്‍, കോളേജ് നല്‍കുന്ന സേവനങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിച്ചു.

ഖത്തരി സായുധ സേനയിലെയും സുല്‍ത്താന്റെ സായുധ സേനയിലെയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഒമാന്‍ സൈനിക സാങ്കേതിക കോളേജിലും അല്‍മുര്‍തഫ ക്യാമ്പിലെ മാരിടൈം സുരക്ഷാകേന്ദ്രത്തിലും ഡോ.അല്‍അത്തിയ്യ സന്ദര്‍ശനം നടത്തി.