Saturday, October 19

ലോക അത്‌ലറ്റിക്‌സ്: ചാമ്പ്യന്‍ഷിപ്പ് ബാറ്റണ്‍ ശൈഖ് ജുആന്‍ കൈമാറി

Spread the love

ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പായിരുന്നു ദോഹയിലേത്: സെബാസ്റ്റിയന്‍ കോ

ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ലോക അത്‌ലറ്റിക്‌സിന്റെ ബാറ്റണ്‍ ഒറിഗണ്‍ ഗവര്‍ണര്‍ കേറ്റ് ബ്രൗണിനു കൈമാറുന്നു

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ബാറ്റണ്‍ കൈമാറി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) പ്രസിഡന്റും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി ചെയര്‍പേഴ്സനുമായ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ലോക അത്‌ലറ്റിക്‌സിന്റെ അടുത്ത പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന യുഎസ് സ്റ്റേറ്റ് ഒറിഗണിന്റെ ഗവര്‍ണര്‍ കേറ്റ് ബ്രൗണിനാണ് ബാറ്റണ്‍ കൈമാറിയത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും കോര്‍ണീഷിലും നടന്ന 17-ാമത് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനചടങ്ങിലായിരുന്നു ബാറ്റണ്‍ കൈമാറ്റം.

209 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2000ത്തോളം പുരുഷ, വനിതാ കായികതാരങ്ങളാണ് ദോഹ ലോകഅത്‌ലറ്റിക്‌സില്‍ പങ്കെടുത്തത്. പതിനാല് സ്വര്‍ണവും പതിനൊന്ന് വെള്ളിയും നാലു വെങ്കലവും സഹിതം 29 മെഡലുകളുമായി അമേരിക്കയാണ് ജേതാക്കളായത്. കെനിയ രണ്ടാംസ്ഥാനവും ജമൈക്ക മൂന്നാംസ്ഥാനവും നേടി. ഒരു സ്വര്‍ണവും വെങ്കലവുമായി ഖത്തര്‍ 16-ാമതായിരുന്നു. പുരുഷ, വനിതാവിഭാഗങ്ങളിലായി 49 മത്സരങ്ങഇനങ്ങളാണ് നടന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി 4-4 മിക്‌സഡ് റിലേ നടന്നു. കൂടാതെ പുരുഷ, വനിതാ മാരത്തോണുകള്‍ അര്‍ധരാത്രിയിലായിരുന്നു.

ലോക അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു ദോഹയില്‍ നടന്നതെന്ന് ഐഎഎഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു. ഉന്നതനിലവാരത്തിലും ആഴത്തിലുമുള്ള മത്സരങ്ങളാണ് ദോഹയില്‍ നടന്നത്. ആറു ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡുകളാണ് ദോഹയില്‍ പിറന്നത്. 43 രാജ്യങ്ങള്‍ മെഡലുകള്‍ നേടി. 68 വിവിധ രാജ്യങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍ ആദ്യ എട്ടില്‍ ഏതെങ്കിലുമൊരു സ്ഥാനം നേടി.

21 ഏരിയ റെക്കോര്‍ഡുകള്‍ പിറന്നു. 2017ലേതിനേക്കാള്‍ ഇരട്ടിയാണിത്. 86 ദേശീയ റെക്കോര്‍ഡുകളും ഭേദിക്കപ്പെട്ടു. ഖത്തറിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ദഹ് ലന്‍ ജമാന്‍ അല്‍ഹമദ് പറഞ്ഞു.
വൊളന്റിയര്‍മാരുടെ പ്രവര്‍ത്തനമികവിനെ പ്രാദേശിക സംഘാടകസമിതിയിലെ മീഡിയ ബ്രോഡ്കാസ്റ്റിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍മുല്ല പ്രശംസിച്ചു.

ടൂര്‍ണമെന്റ് വിജയമാക്കുന്നതില്‍ മികച്ച പങ്കാണ് വൊളന്റിയര്‍മാര്‍ വഹിച്ചത്. 16,0000 പേര്‍ അപേക്ഷിച്ചതില്‍നിന്നും 6000പേരെയാണ് തെരഞ്ഞെടുത്തത്. ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച കവറേജ് നല്‍കിയ പ്രാദേശിക മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ലോകചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ സംഘാടനമികവിനെയും ക്രമീകരണങ്ങളെയും സൗകര്യങ്ങളെയും ജര്‍മ്മന്‍ ദേശീയടീം കോച്ച് പ്രശംസിച്ചു.