Saturday, October 19

ഹൈജംപിലെ ഉയരങ്ങള്‍ മാത്രമാണ് എന്റെ ലക്ഷ്യം; മറ്റു ആഗ്രഹങ്ങള്‍ക്ക് താത്കാലിക വിരാമം

Spread the love

അശ്‌റഫ് തൂണേരി

ദോഹ

വാര്‍ത്താസമ്മേളനത്തില്‍ ബര്‍ഷിം സംസാരിക്കുന്നു.

ടോക്കിയോ ഒളിംപിക്‌സിനു വേണ്ടിയുള്ള കഠിന പ്രയത്‌നമാണ് ഇനിയെന്നും ഹൈജംപിലെ ഉയരങ്ങള്‍ മാത്രമേ തന്റെ ലക്ഷ്യമായിട്ടുള്ളൂവെന്നും ലോക അതല്റ്റിക് മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഖത്തറിന്റെ അഭിമാന താരം മുതാസ് ബര്‍ഷിം. ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിനകത്തെ മീഡിയാ ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മറ്റെല്ലാ മനുഷ്യരേയും പോലെ ആരോഗ്യത്തേയും ജീവിതത്തേയും കുറിച്ച് പല തരം സ്വപ്‌നങ്ങള്‍ എനിക്കും ഉണ്ടായേക്കാം.

മറ്റു പലരേയും പോലെ തടി കൂട്ടണമെന്നും പുറത്തുപോയി മികച്ച ഭക്ഷണം കഴിക്കണമെന്നും അവധി ആസ്വദിക്കണമെന്നുമെല്ലാം തോന്നലുണ്ടാവുക സ്വഭാവികം. പക്ഷെ എന്റെ ലക്ഷ്യം ഇപ്പോള്‍ അതൊന്നുമല്ല. ഹൈജംപിലെ നില മെച്ചപ്പെടുത്തല്‍ മാത്രമാണ്. അതിനുള്ള നിരന്തര പ്രയത്‌നങ്ങളാണ്.” ബര്‍ഷിമിന്റെ തടി കൂട്ടാനുള്ള ആലോചനയുണ്ടോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ കുസൃതി നിറഞ്ഞ ചോദ്യത്തിന് നിറഞ്ഞ ചിരിയോടെ ബര്‍ഷിം മറുപടി പറഞ്ഞു. എന്റെ പ്രതീക്ഷിക്കൊത്ത് ദോഹയില്‍ പ്രകടനം കാഴ്ചവെക്കാനായി എന്നാണ് വിശ്വസിക്കുന്നത്.

ഞാന്‍ ഏറെ സന്തോഷവാനാണ്. എന്നെ പ്രോത്സാഹിപ്പിക്കാനായി എത്തിയ ആയിരങ്ങളായിരുന്നു എന്റെ പ്രചോദനം. അവര്‍ നിറഞ്ഞ കൈയ്യടികളോടെ പ്രാര്‍ത്ഥനകളോടെ കൂടെയുണ്ടായിരുന്നു. ആസ്‌പെയറിന്റെ സന്തതിയെന്ന നിലയില്‍ ഇവിടെ തന്നെ ഇത്തരമൊരു പ്രകടനം പുറത്തെടുക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടി പറയവെ ബര്‍ഷിം വിശദീകരിച്ചു.

പുരുഷന്മാരുടെ ഹൈജംപില്‍ വെള്ളിയും വെങ്കലവും നേടിയ ഓതറൈസ്ഡ് ന്യൂട്രല്‍ അത്‌ലറ്റുകളായ മിഖായേല്‍ അക്കിമെങ്കോ, ഇല്യ ഇവാനിയുക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.