Tuesday, September 17News That Matters

2022 ലോകകപ്പ് യോഗ്യത: ഖത്തര്‍- അഫ്ഗാനിസ്താന്‍ മത്സരം ഇന്ന്

Spread the love

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നു(സെപ്തംബര്‍ അഞ്ച് വ്യാഴം) വൈകുന്നേരം 7.30ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ നേരിടും.

ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ യോഗ്യതാ മത്സരങ്ങളിലെ ഫലം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമല്ല. എങ്കിലും ലോകകപ്പില്‍ കൂടുതല്‍ ആത്മവിശ്വാസം നേടുന്നതിന് യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ഖത്തര്‍ ടീം ലക്ഷ്യമിടുന്നത്. പത്തിന് ഇന്ത്യക്കെതിരെയാണ് ഖത്തറിന്റെ രണ്ടാംമത്സരം.

2022 ഫിഫ ലോകകപ്പിനൊപ്പം 2023ല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതാമത്സരങ്ങള്‍ കൂടിയാണിവ. മത്സരങ്ങള്‍ക്കു മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായുള്ള സുരക്ഷായോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു.

തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗേറ്റ് മൂന്നില്‍ക്കൂടിയുള്ള പ്രവേശനം വിഐപികള്‍ക്കായിരിക്കും. ഗേറ്റ് നാല്, അഞ്ച് എന്നിവയില്‍ക്കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശിക്കാം.

ഗേറ്റ് രണ്ടില്‍ക്കൂടിയുള്ള പ്രവേശനം കുടുംബങ്ങള്‍ക്കാണ്. ഗേറ്റ് എട്ടുവരെ ഖത്തരി ആസ്വാദകര്‍ക്കാണ് പ്രവേശനം. ഗേറ്റ് ഒന്‍പതില്‍ അഫ്ഗാന്‍ ഫാന്‍സിനാണ് പ്രവേശനം. രണ്ടു മത്സരങ്ങള്‍ക്കും മൂന്നു വിഭാഗങ്ങളിലായാണ് ടിക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്.

കാറ്റഗറി എ, ബി, സി എന്നിവക്ക് 50 റിയാല്‍, 20 റിയാല്‍, 10 റിയാല്‍ വീതമാണ് നിരക്ക്. മത്സരത്തിനായി അഫ്ഗാന്‍ ടീം സെപ്തംബര്‍ ഒന്നിന് ദോഹയിലെത്തി. ഇന്നലെ വൈകുന്നേരം നാലിന് അല്‍സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇരുടീമുകളും പങ്കെടുത്തു.