in

‘നിയമലംഘകരുടെ പേരു പുറത്തുവിടേണ്ടത് അനിവാര്യം’

ദോഹ: ഹോം ക്വാറന്റൈന്‍ വ്യവസ്ഥകളും നടപടിക്രമങ്ങളും ലംഘിക്കുന്നവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവും വിദേശകാര്യ അസിസ്റ്റന്റ് മന്ത്രിയുമായ ലുലുവ അല്‍ഖാതിര്‍. നടപടിക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. സമൂഹത്തിന്റെ പൊതുആരോഗ്യവും നിയമനിര്‍വഹണവും എല്ലാ പരിഗണനകള്‍ക്കും ഉപരിയാണ്. ഈ നിയമലംഘകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയെന്നതും കണക്കിലെടുത്താണ് പേരുവിവരങ്ങള്‍ പുറത്തുവിടുന്നത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും അണുബാധക്ക് സാധ്യതയുണ്ടാകാം.
ലംഘകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നതിലൂടെ സമ്പര്‍കകം പുലര്‍ത്തിയവര്‍ക്ക് മുന്‍കരുതലുകളെടുക്കാം. അണുബാധ സാധ്യത തിരിച്ചറിഞ്ഞ് തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. അതുകൊണ്ടാണ് പേരുവിവരങ്ങള്‍ പുറത്തുവിടുകയെന്നത് അത്യാവശ്യമായിവരുന്നതെന്ന് ലുലുവ അല്‍ഖാതിര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വ്യവസ്ഥ ലംഘിച്ചവരുമായി സമ്പര്‍ക്കംപുലര്‍ത്തിയിരുന്നവര്‍ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വൈദ്യപരിശോധനക്ക് വിധേയരാകണം. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസില്‍ നിന്നും പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നുമാണ് നേടേണ്ടത്. ഡാറ്റ, നമ്പറുകള്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയുള്‍പ്പെടെ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇരുകൂട്ടരും അറിയിക്കുന്നുണ്ട്. രാജ്യത്ത് ക്യാമ്പുകള്‍ നീക്കം ചെയ്യുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ക്കായി പരിശോധനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അല്‍ഖാതിര്‍ വിശദീകരിച്ചു.
വിദേശത്തുനിന്നും വരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നും വൈറസ് ബാധിക്കാനുള്ള സാധ്യത കാരണം എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവിയും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ എപ്പിഡെമോളജിക്കല്‍ പ്രിപ്പേഡ്‌നെസ്സ് ദേശീയ കമ്മറ്റി കോ-ചെയറുമായ ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ പറഞ്ഞു. വിദേശങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ക്കായി സ്വയം പരിശോധിക്കണം. പൂര്‍ണമായ ഉറപ്പ് ലഭിക്കുന്നതുവരെ ഹോം ഐസലേഷന് വിധേയമാകണം. ഈ വിഷയത്തില്‍ വളരെയധികം പ്രാധാന്യം നല്‍കണമെന്ന് ഖത്തറിലെത്തിയ എല്ലാ പൗരന്‍മാരോടും ഡോ.അല്‍ഖാല്‍ അഭ്യര്‍ഥിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ഏതൊരു വ്യക്തിക്കും ശ്വസന അണുബാധയും പനിയും മറ്റും അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ 16000 എന്ന നമ്പറില്‍ വിളിക്കണം.

ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച ഒന്‍പത് ഖത്തരികളെക്കൂടി അറസ്റ്റ് ചെയ്തു

ദോഹ: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പുലംഘിച്ച ഒന്‍പത് ഖത്തരികളെക്കൂടി അറസ്റ്റ് ചെയ്തു. നേരത്തെ പത്തു ഖത്തരികള്‍ക്കെതിരെ നിയമനടപടിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യവസ്ഥ ലംഘിച്ച കൂടുതല്‍പേര്‍ക്കെതിരെ നടപടികളുണ്ടായിരിക്കുന്നത്. നിയമപരമായ ഉത്തരവാദിത്വം ലംഘിച്ച 19 പേര്‍ക്കെതിരെയും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും.കോവിഡിനെതിരായ പ്രതിരോധത്തിനായി രാജ്യത്ത് പ്രാബല്യത്തിലായ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഖത്തരി പൗരന്‍മാരായ അബ്ദുല്‍റഹ്മാന്‍ അലി ജുമാ അല്‍ബുഐനൈന്‍, അബ്ദുല്‍റഹ്മാന്‍ മുഹമ്മദ് അബ്ദുല്ല താഹിര്‍ മുഹമ്മദ്, ബര്‍കി ബദാഹ് അല്‍തവാ അല്‍ഹജ്‌രി, ഫരാജ് നാസര്‍ ഫരാജ് അല്‍സലേം അല്‍മര്‍റി, അബ്ദുല്‍ഹാദി ജാബര്‍ ഹമദ് ജാബര്‍ ജല്ലബ്, ഹമദ് ജാബര്‍ ഹമദ് ജാബര്‍ ജല്ലബ്, സഊദ് അല്‍ഗാനിം മുര്‍ഷിദ് അല്‍മന്നായി, ഖാലിദ് അല്‍ഗാനിം മുര്‍ഷിദ് അല്‍മന്നായി, ജാബര്‍ മുഹമ്മദ് താലെബ് കലൈഫീഖ് അല്‍മന്‍ഖാസ് എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അതോറിറ്റികള്‍ ആവശ്യപ്പെട്ടു.
വ്യവസ്ഥകള്‍ ലംഘിക്കുന്ന എല്ലാവരും പിഴകള്‍ക്ക് വിധേയരാകും. 2014ലെ 11-ാം നമ്പര്‍ ക്രിമിനല്‍ നിയമത്തിലെ 253-ാം വകുപ്പ്, പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 1990ലെ 17-ാം നമ്പര്‍ നിയമത്തിലെയും സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പര്‍ നിയമത്തിലെയും വ്യവസ്ഥകള്‍ എന്നിവ പ്രകാരമായിരിക്കും ലംഘകര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ്: ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച കാറുകളുമായി മന്ത്രാലയം

റവാബി ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും