Friday, September 18ESTD 1934

ഹിന്ദു ദൈവങ്ങളുടെ പ്രതിമ തകര്‍ത്ത ബഹറൈനി വനിതയ്‌ക്കെതിരെ നിയമ നടപടി

മനാമ: ജുഫൈറില്‍ ഒരു ഷോപ്പിനുള്ളില്‍വെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ നശിപ്പിച്ച സ്വദേശിയായ വനിതയ്ക്കെതിരെ നിയമനടപടിയെടുത്തതായി ബഹ്‌റൈന്‍ പോലീസ് അറിയിച്ചു.ഷോപ്പിനുള്ളില്‍ ബുര്‍ഖ ധരിച്ച വനിത ഗണേശ വിഗ്രഹങ്ങള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബഹ്‌റൈന്‍ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയില്‍ പറഞ്ഞുകൊണ്ടായിരുന്നു വില്‍പ്പനക്ക് വെച്ചിരുന്ന വിഗ്രഹങ്ങള്‍ നശിപ്പിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജുഫൈറിലെ ഷോപ്പിന് കേടുപാടുകള്‍ വരുത്തിയതിനും ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനും 54 കാരിയായ വനിതക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്കു കൈമാറിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ഉടനടി നടപടി സ്വീകരിച്ച ബഹ്റൈനി അതോറിറ്റികളോടു നന്ദിയുണ്ടെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും പ്രതികരിച്ചു. ബഹ്റൈന്റെ സഹിഷ്ണുതാ സംസ്‌കാരകവും ഇരുരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ സൗഹൃദവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വിഷയത്തിലെ ബഹ്റൈന്റെ നടപടിയെന്നും എംബസി വ്യക്തമാക്കി. മതചിഹ്നങ്ങള്‍ തകര്‍ക്കുന്നത് ബഹ്റൈന്‍ ജനതയുടെ സ്വഭാവമല്ലെന്നും അത്തരം കാര്യങ്ങള്‍ വിദ്വേഷകരമായ കുറ്റകൃത്യമാണെന്നും ബഹ്റൈന്‍ രാജാവിന്റെ നയതന്ത്ര ഉപദേഷ്ടാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഖാലിദ് ഖലീഫ ട്വിറ്ററില്‍ പ്രതികരിച്ചു.

error: Content is protected !!