
ദോഹ: ദോഹ മെട്രോയുടെ റെഡ്ലൈനിലെ ലെഗ്തൈഫിയ സ്റ്റേഷന് സെപ്തംബര്‍ ഒന്നിന് തുറക്കും. ഇതോടെ മെട്രൊയുടെ ഒന്നാംഘട്ടത്തിലെ 37 സ്റ്റേഷനുകളും പ്രവര്‍ത്തിച്ചുതുടങ്ങും. റെഡ്ലൈനില്‍ ആകെ പതിനെട്ട് സ്റ്റേഷനുകളാണുള്ളത്. അതില്‍ പതിനേഴെണ്ണമാണ് നിലവില്‍ തുറന്നിട്ടുള്ളത്. അവശേഷിക്കുന്ന ഏക സ്റ്റേഷനായ ലെഗ്തൈഫിയ ഒന്നിന് തുറക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. കത്താറയ്ക്കും ഖത്തര്‍ യൂണിവേഴ്സിറ്റി സ്റ്റേഷനും ഇടയിലാണ് ലെഗ്തൈഫിയ സ്റ്റേഷന്. പേള്‍ ഖത്തറിനോട് ചേര്‍ന്നുള്ള ഈ സ്റ്റേഷന് ലുസൈല്‍ ട്രാമിന്റെ ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളിലൊന്ന് കൂടിയാണ്. ദോഹ മെട്രോ യാത്രക്കാര്‍ക്ക് ലെഗ്തൈഫിയ സ്റ്റേഷനിലിറങ്ങി ലുസൈല്‍ ട്രാമിലേക്ക് മാറിക്കയറാനാകും. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ ഒന്നു മുതല്‍ ദോഹ മെട്രോ 30ശതമാനം ശേഷിയില്‍ സര്‍വീസ് തുടങ്ങും. കോവിഡിന്റെ സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചശേഷം നീണ്ട അഞ്ചര മാസം കഴിഞ്ഞാണ് ദോഹ മെേ്രട്രാ സര്‍വീസ് തുടങ്ങുന്നത്. ഇതിന്റെ ഭാഗമായിക്കൂടിയാണ് റെഡ് ലൈനില്‍ ലെഗ്തൈഫിയ സ്റ്റേഷനും ഒന്നാം തീയതി തുറക്കുന്നത്. തീരദേശ മെട്രോയെന്നും റെഡ്ലൈനിനെ വിശേഷിപ്പിക്കുന്നുണ്ട്. ദക്ഷിണഭാഗത്ത് അല്‍വഖ്റ മുതല്‍ വടക്ക് ലുസൈല്‍ വരെ 40 കിലോമീറ്റര്‍ നീളുന്നതാണ് റെഡ് ലൈന്‍. ലോകകപ്പ് സ്റ്റേഡിയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണിത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിനെ നഗരഹൃദയവുമായി ബന്ധിപ്പിക്കുന്ന പാതകൂടിയാണിത്. അല്‍ഖസര്‍, ഡിഇസിസി, ക്യുഐസി വെസ്റ്റ് ബേ, കോര്‍ണിഷ്, അല്‍ബിദ(ഇന്റര്‍ചേഞ്ച് സ്റ്റേഷന്), മുഷൈരിബ്(ഇന്റര്‍ചേഞ്ച് സ്റ്റേഷന്), അല്‍ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ ഖദീം, ഉഖ്ബ ഇബ്നു നഫീ, ഫ്രീ സോണ്‍, റാസ് അബു ഫൊന്താസ്, അല്‍വഖ്റ, കത്താറ, ലുസൈല്‍, ഹമദ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്ന്, ഖത്തര്‍ യൂണിവേഴ്സിറ്റി, ലെഗ്തൈഫിയ(ഇന്റര്‍ചേഞ്ച് സ്റ്റേഷന്) എന്നിവയാണ് റെഡിലൈനിലെ സ്റ്റേഷനുകള്‍. ദോഹ മെട്രോയുടെ റെഡ്, ഗ്രീന്‍, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു ലൈനുകളിലായാണ് 37 സ്റ്റേഷനുകളുള്ളത്.
മെട്രോ യാത്രക്കാര്‍ക്ക് സൗജന്യമായി വൈഫൈ

ദോഹ: സെപ്തംബര്‍ ഒന്നു മുതല്‍ ദോഹ മെട്രോ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സേവനവും ലഭ്യമാക്കും. ദോഹ മെട്രോ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദോഹ മെട്രോ സ്റ്റേഷനുകളിലും മെട്രോയിലെ യാത്രയിലുമായി ആദ്യ അരമണിക്കൂര്‍ വൈഫൈ സൗജന്യമായി ലഭ്യമാക്കും. ആദ്യ 30 മിനിറ്റിന് ശേഷം വൈഫൈ ഉപയോഗത്തിന് നിശ്ചിത തുക ഫീസ് ഈടാക്കും. ഈ നിരക്ക് എത്രയാണെന്നത് പിന്നീട് പ്രഖ്യാപിക്കും. മെട്രോ ഉപയോക്താക്കള്‍ക്ക് സൗജന്യമായി വൈഫൈ ലഭ്യമാക്കാനാകുന്നതില് സന്തോഷമുണ്ടെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു.