
ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 48, 60, 71 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 177 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 196 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമീപകാലയളവില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണിന്നലെ. അടുത്തിടെ ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയാകുന്നത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,11,107 പേര്‍ക്കാണ്.
കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയിലുള്ളവരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. കഴിഞ്ഞദിവസത്തേതിനു സമാനമായി ഇന്നലെയും 201 പേര്‍ക്കു കൂടി രോഗം മാറി. ഇതുവരെ 1,07,779 പേരാണ് സുഖംപ്രാപിച്ചത്. ഇന്നലെ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു.
നിലവില്‍ 3151 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 398 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 76 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31 പേരെ ആസ്പത്രിയിലും നാലുപേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 5,00,536 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1870 പേരെ പരിശോധനക്ക് വിധേയരാക്കി.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആസ്പത്രി പരിചരണം ആവശ്യമായവരുടെ എണ്ണം കുറഞ്ഞതോടെ റാസ് ലഫാന്‍, മിസഈദ്, ലെബ്‌സൈയര്‍ ഫീല്‍ഡ് ആസ്പത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ലെബ്‌സെയര്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ വ്യാപനം കുറക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്നു. എങ്കിലും വരുംദിവസങ്ങളിലും ഏറ്റവുമധികം ജാഗ്രത പാലിക്കുകയും പ്രായമേറിയവും വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ളവരും ഉള്‍പ്പടെ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുകയും വേണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.