ദോഹ: കോര്‍ണീഷില്‍ പനയാകൃതിയിലുള്ള അലങ്കാര ലൈറ്റിങ് തൂണുകള്‍ സ്ഥാപിച്ചുതുടങ്ങി. കോര്‍ണീഷിനെ മനോഹരമാക്കുന്നതിന്റെ ഭാഗമായി 1440 ലൈറ്റിങ് തൂണുകളാണ് സ്ഥാപിക്കുന്നത്. രാജ്യത്തെ നിരത്തുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ഖത്തരി ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്നതാണ് ലൈറ്റിങ് തൂണുകളുടെ ഡിസൈന്‍. ദോഹ കോര്‍ണീഷില്‍ പനയോലയുടെയും തണ്ടിന്റെയും ആകൃതിയലുള്ള ലൈറ്റിങ് തൂണുകളാണ് സ്ഥാപിക്കുന്നത്.സെന്‍ട്രല്‍ ദോഹയിലും പനയോലയുടെ ആകൃതിയില്‍ ലൈറ്റിങ് തൂണുകള്‍ സ്ഥാപിക്കും. ദോഹ കോര്‍ണീഷില്‍ റാസ് അബുഅബൗദ് പാലം മുതല്‍ ദോഹ സിറ്റി സ്്കേപ്പ് ഏരിയ വരെ പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും സെന്‍ട്രല്‍ ദോഹക്കു ചുറ്റുമായി രണ്ടു ചതുരശ്ര കിലോമീറ്ററിലും എല്‍ഇഡി പ്രകാശവിന്യാസം ലഭ്യമാക്കുന്നതിനായി 2600 ലൈറ്റിങ് തൂണുകള്‍ വിതരണം ചെയ്യുന്നതിനായി അശ്ഗാല്‍ നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു. തദ്ദേശീയ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് തൂണുകളുടെ നിര്‍മാണം.
കലാസൃഷ്ടിയെന്ന നിലയിലും ഇവയെ കണക്കാക്കാം. റാസ് അബുഅബൗദ് ഫ്ളൈഓവര്‍ മുതല്‍ ഷെറാട്ടണിനടുത്തുള്ള കണ്വന്ഷന് ഹാളുകള്‍ക്കു സമീപമുള്ള ലൈറ്റ് സിഗ്നലുകള്‍ വരെ പത്തുകിലോമീറ്റര്‍ റോഡിന്റെ മധ്യത്തിലും വശങ്ങളിലുമായിരിക്കും ലൈറ്റ് തൂണുകള്‍ സ്ഥാപിക്കുക. ദോഹ കോര്‍ണീഷിന്റെ തനതായ സവിശേഷതയും കിഴക്കന്‍ തിരപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നവിധത്തിലെ തന്ത്രപരമായ പ്രാധാന്യവും കണക്കിലെടുത്താണ് പനയുടെ ആകൃതിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത അലങ്കാര ലൈറ്റിങ് തൂണുകള്‍ സ്ഥാപിക്കുന്നത്. അറബ് എന്‍ജിനിയറിങ് ബ്യൂറോയുമായി സഹകരിച്ച് ലൈറ്റനിങ് ഡിസൈന്‍ കമ്പനി(എല്‍ഡിസി)യാണ് പനയുടെയുംപനയോലയുടെയും ഡിസൈന്‍ ആശയം മുന്നോട്ടുവെച്ചത്. ലൈറ്റിങ് യൂണിറ്റുകളുടെ ഡിസൈന്‍ വികസിപ്പിച്ചതും എല്‍ഡിസിയാണ്.
തൂണുകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പ്രാദേശിക സ്ഥാപനങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിച്ചവയാണ്. ഉരുക്ക് തൂണുകളും ബോള്‍ട്ടുകളും മെറ്റാലെക്സ് എന്ന കമ്പനിയും കോര്‍ണീഷ് സ്ട്രീറ്റ് അലങ്കരിക്കുന്നതിനുള്ള ലൈറ്റിങ് യൂണിറ്റുകള്‍ അലുറേയ്സ് ലൈറ്റിങ് ടെക്നോളജിയുമാണ് ലഭ്യമാക്കിയത്. ഈത്തപ്പനത്തടിയുടെ ത്രികോണാകൃതിയും ഇലകളുടെ ക്രമരഹിതമായ നീളവും ഡിസൈനിനെ ആകര്‍ഷകമാക്കും. രാത്രിയില്‍ ഈ ഡിസൈനുകള്‍ വ്യക്തതയോടെ ദൃശ്യമാകുന്നതിനായി പ്രത്യേക സവിശേഷതകളും ഉള്‍പ്പെടുത്തും. ഇലകളുടെ രൂപത്തില്‍ രൂപകല്‍പ്പന ചെയ്ത ലൈറ്റിങ് തൂണുകള്‍ അല്‍ നാസര്‍ ഹോള്‍ഡിംഗ് കമ്പനി സ്ഥാപിക്കും. അലുമിനിയം പോളുകള്‍, ബേസ്ലൈന് ബോള്‍ട്ടുകള്‍, അലുമിനിയം ലൈറ്റിങ് സംവിധാനം, സ്ട്രീറ്റ് ലൈറ്റ് മൊഡ്യൂളുകള്‍ എന്നിവയുടെ വിതരണത്തിനായി ഖലെക്സ്, മെട്രോ സ്മാര്‍ട്ട് ഇന്റര്‍നാഷണല്‍, ജെറ്റ്സ് പ്രോജക്ട്സ് എന്നീ പ്രാദേശിക ഫാക്ടറികളെ തെരഞ്ഞെടുത്തിട്ടുണ്ട്.