ദോഹ: ബലി പെരുന്നാൾ പ്രമാണിച്ച് വിവിധ പരിപാടികളും കലാവിരുന്നുകളുമായി ദോഹ. ഈദ് അൽ അദ്ഹ വരവേൽക്കാൻ ലുസൈൽ ബൊളിവാർഡ് ഒരുങ്ങിക്കഴിഞ്ഞു. വെടിക്കെട്ട് ഉൾപെടെ ആകർഷക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഖത്തർ ദിയാറും ലുസൈൽ സിറ്റിയും വാർത്താകുറിപ്പിൽ അറിയിച്ചു. ഒന്നാം പെരുന്നാൾ ദിനമായ ജൂൺ 28 ന് എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി പ്രത്യേക പരിപാടികൾ ഉണ്ടാവും. അൽസാദ് സ്‌ക്വയറിൽ രാത്രി 8:30 ന് ആരംഭിക്കുന്ന വർണ്ണാഭ വെടിക്കെട്ടിനു ആയിരങ്ങൾ സാക്ഷിയാവും. ലുസൈൽ വിവിധ ദീപങ്ങളാൽ അലങ്കരിക്കും. ജൂലൈ 5 വരെ ആഘോഷം തുടരുമെന്നും സംഘാടകർ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള കലാകാരികളും പാട്ടുകാരും പങ്കെടുക്കുന്ന വിവിധ കലാ വിരുന്നുകൾക്ക് പുറമെ വിവിധ മാളുകളിലും പരിപാടികൾ അരങ്ങേറും.
ലുസൈൽ സിറ്റിയിലും പരിസരത്തുമുള്ള സന്ദർശന സ്ഥലങ്ങളിൽ എല്ലാതരം റെസ്റ്റോറന്റുകളും കഫേകളും സജ്ജമാണ്.